
അനധികൃത കുടിയേറ്റക്കാരായ ഇന്ത്യാക്കാരുമായുള്ള യുഎസ് വിമാനം അമൃത്സറില്‍ എത്തി
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെ സ്വീകരിക്കുന്ന നാടുകടത്തല്‍ നടപടികളുടെ ഭാഗമായി 104 ഇന്ത്യാക്കാരെ വഹിച്ചുള്ള യുഎസ് സൈനിക വിമാനം പഞ്ചാബിലെ അമൃത്സറില്‍ എത്തി. ഇന്നലെയാണ് യുഎസിലെ ടെക്‌സാസില്‍ നിന്നും ഇന്ത്യാക്കാരുമായുള്ള വിമാനം യാത്ര തിരിച്ചത്.യുഎസ് 205 പേരെ നാടുകടത്തിയെന്നാണ് ഇന്നലെ വന്ന വാര്‍ത്തകള്‍.
ഏകദേശം 24 മണിക്കൂറിനുശേഷമാണ് അമൃത്സറിലെ ശ്രീ ഗുരു രാംദാസ് ജി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനമെത്തിയത്.
പഞ്ചാബില്‍നിന്നും അയല്‍സംസ്ഥാനങ്ങളില്‍നിന്നുള്ള കുടിയേറ്റക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. ഇവരുടെ രേഖകള്‍ പരിശോധിക്കും. ഈ കുടിയേറ്റക്കാരെ തടഞ്ഞുവയ്ക്കാനുള്ള നിര്‍ദ്ദേശം നല്‍കിയിട്ടില്ല. വിമാനത്താവളത്തില്‍ നിന്നും പുറത്തുവിടുന്നതിന് മുമ്പായി അവശ്യമായ എല്ലാ പരിശോധനകളും നടത്തും.
ട്രംപിന്റെ രണ്ടാം ഘട്ട കുടിയേറ്റ വിരുദ്ധ നടപടികളുടെ ഭാഗമായി ഗ്വാട്ടിമാല, പെറു, ഹോണ്ടുറാസ് തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള കുടിയേറ്റക്കാരേയും സൈനിക വിമാനങ്ങളില്‍ തിരിച്ചയച്ചിരുന്നു.
യാത്രക്കാരുമായുള്ള വിവരങ്ങള്‍ യുഎസ് എംബസി പുറത്ത് വിട്ടിരുന്നില്ല. ബൈഡന്‍ ഭരണകൂട കാലത്ത് കുടിയേറ്റക്കാരെ തിരിച്ചയക്കുന്നതുമായി ബന്ധപ്പെട്ട നടപടികളില്‍ ഇന്ത്യ സഹകരിക്കുന്നില്ലെന്ന് യുഎസ് ആരോപിച്ചിരുന്നു. എന്നാല്‍, ട്രംപ് അധികാരമേറ്റപ്പോള്‍ ഇന്ത്യയുടെ നയത്തില്‍ മാറ്റം വന്നു. അനധികൃത കുടിയേറ്റ വിഷയത്തെ അഭിസംബോധന ചെയ്യാന്‍ വാഷിങ്ടണുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് ഇന്ത്യ വ്യക്തമാക്കി.
എല്ലാ ഇന്ത്യാക്കാരേയും തിരികെ സ്വീകരിക്കുമെന്ന് വിദേശ കാര്യ മന്ത്രാലയ വക്താവ് രണ്‍ബീര്‍ ജയ്‌സ്വാള്‍ കഴിഞ്ഞ മാസം വ്യക്തമാക്കിയിരുന്നു. പൗരത്വം സ്ഥിരീകരിച്ചശേഷം ഇവരെ സ്വീകരിക്കുമെന്നും വക്താവ് പറഞ്ഞു.