TMJ
searchnav-menu
post-thumbnail

Representational Image: PTI

TMJ Daily

എഐ ക്യാമറ പ്രവർത്തനം ആരംഭിച്ചു; ഒരു മാസത്തേക്ക് പിഴയീടാക്കില്ല

20 Apr 2023   |   2 min Read
TMJ News Desk

ട്രാഫിക്ക് നിയമലംഘനങ്ങൾ പിടികൂടുന്നതിനായി അത്യാധുനിക നിരീക്ഷണ ക്യാമറകളുടെ പ്രവർത്തനോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. ഇന്നുമുതൽ മെയ് 19 വരെയുള്ള ഒരു മാസം ക്യാമറ വഴി പിടികൂടുന്ന നിയമലംഘനങ്ങൾക്ക് പിഴ ചുമത്തില്ലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. ഒരു മാസക്കാലം പൊതുജനങ്ങൾക്ക് ബോധവൽക്കരണത്തിനുള്ള സമയമാണ്. തുടർന്ന് മെയ് 20 മുതലുള്ള നിയമലംഘനങ്ങൾക്ക് പിഴ ചുമത്തിത്തുടങ്ങും.

ദേശീയ-സംസ്ഥാന-ഗ്രാമീണ പാതകളിലായി 726 എഐ ക്യാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്. അമിത വേഗം, നോ പാർക്കിങ് ഏരിയയിൽ വാഹനം പാർക്ക് ചെയ്യുന്നത്, ചുവന്ന ലൈറ്റും ട്രാഫിക്ക് ലൈനുകളും മറികടക്കൽ, മൊബൈൽ ഉപയോഗം, ഇരുചക്രവാഹനത്തിലെ രണ്ടിലധികം പേരുടെ യാത്ര, സീറ്റ് ബെൽറ്റും ഹെൽമെറ്റും ധരിക്കാതെയുള്ള യാത്ര എന്നീ നിയമലംഘനങ്ങളാണ് പ്രധാനമായും എഐ ക്യാമറകൾ വഴി പിടികൂടുന്നത്. അമിത വേഗത പിടികൂടാൻ 8 ക്യാമറകളാണ് നിലവിൽ സ്ഥാപിച്ചിരിക്കുന്നത്. സോഫ്റ്റ്വെയറിൽ മാറ്റം വരുന്നതോടെ കൂടുതൽ ക്യാമറകൾ വഴി വാഹനങ്ങളുടെ അമിതവേഗം കണ്ടെത്താനാകുമെന്നാണ് മോട്ടോർവാഹനവകുപ്പ് അധികൃതർ അറിയിച്ചത്.

ഒരു ക്യാമറയിൽ നിയമലംഘനം കണ്ടെത്തുന്ന വാഹനത്തിനും വ്യക്തിക്കും തുടർന്നുള്ള ക്യാമറകളിൽ ഓരോ തവണ പതിയുമ്പോഴും അതേ കുറ്റത്തിന് പിഴ വരും. ആദ്യ ഘട്ടത്തിൽ ലൈൻ ട്രാഫിക്ക് ലംഘനങ്ങൾക്ക് പിഴ ഈടാക്കില്ല. അതുപോലെ കാറിൽ ഹാൻഡ്സ് ഫ്രീ ബ്ളൂടൂത്ത് സൗകര്യം ഉപയോഗിച്ച് ഫോണിൽ സംസാരിക്കുന്നതിനും താൽക്കാലികമായി പിഴയില്ല. പരീക്ഷണാടിസ്ഥാനത്തിലുള്ള പരിശോധനയിൽ തിരുവനന്തപുരം ജില്ലയിൽ ദിവസം അരലക്ഷം നിയമലംഘനങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്.

2014 ലെ സംസ്ഥാന വിജ്ഞാപന പ്രകാരമുള്ള വേഗമാണ് റോഡുകളിൽ പാലിക്കേണ്ടത്. ആറുവരിപ്പാത ഉൾപ്പെടെ വരുന്ന സാഹചര്യത്തിൽ വേഗപരിധി വർധിപ്പിക്കുന്ന കാര്യം സർക്കാരിന്റെ പരിഗണയിലാണ്. 726 ക്യാമറകളിൽ 675 എണ്ണം സീറ്റ് ബെൽറ്റ്, ഹെൽമെറ്റ്, രണ്ടിലധികം യാത്രക്കാരുള്ള ഇരുചക്ര വാഹനങ്ങൾ എന്നിവ കണ്ടെത്താനാണ്. 18 ക്യാമറകൾ ജംങ്ഷനുകളിലെ ചുവപ്പു സിഗ്‌നൽ ലംഘിക്കൽ കണ്ടെത്തുന്നതിനും 8 ക്യാമറകൾ അമിത വേഗം കണ്ടെത്തുന്നതിനും 25 ക്യാമറകൾ അനധികൃത പാർക്കിങ് കണ്ടെത്തുന്നതിനുമാണ് സ്ഥാപിച്ചിരിക്കുന്നത്. കേരളത്തിലെ പ്രധാന അപകട മേഖലകൾ, നിയമലംഘനങ്ങൾ കൂടുതൽ നടക്കുന്ന സ്ഥലങ്ങൾ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് നിലവിൽ ക്യാമറകൾ സ്ഥാപിച്ചിരിക്കുന്നത്. ക്യാമറയിൽ ചിത്രങ്ങൾ എടുക്കുന്നതിന് പരിധിയില്ല, കൂടാതെ ഏത് കാലത്തും ബാക്കപ്പ് സാധ്യമാണ്. നിരീക്ഷണ ക്യാമറ അല്ലാത്തതിനാൽ കുറ്റകൃത്യങ്ങൾ നടത്തിയവരെ പിന്തുടരാൻ എഐ ക്യാമറക്ക് സാധ്യമല്ല. വീഡിയോ റെക്കോർഡിങ് സൗകര്യവുമില്ല. നിയമലംഘനങ്ങൾ നടത്തുന്ന വാഹനങ്ങളുടെ നമ്പർ കൺട്രോൾ റൂമിലെ സോഫ്റ്റ് വെയർ കണ്ടെത്തുകയും സ്വയം ചെലാൻ തയ്യാറാക്കുകയും ചെയ്യും. വാഹന ഉടമയ്ക്ക് ഇത് സംബന്ധിച്ച മെസേജ് ലഭിക്കും. സംസ്ഥാന തല കൺട്രോൾ റൂമിൽ ലഭിക്കുന്ന വിവരങ്ങൾ ജില്ലാ കൺട്രോൾ റൂമുകളിലേക്ക് അയച്ച് അവിടെ നിന്നാണ് തുടർ നടപടികൾ ഉണ്ടാവുക. അഗ്‌നിരക്ഷാസേന, ആംബുലൻസ്, പൊലീസ് തുടങ്ങിയ ബീക്കൺ ലൈറ്റ് ഘടിപ്പിച്ച വാഹനങ്ങളെ എഐ ക്യാമറകൾ ഒഴിവാക്കും.

സംസ്ഥാനത്ത് കഴിഞ്ഞ വർഷം റോഡപകടങ്ങളിൽ നഷ്ടമായത് 3,829 ജീവനുകളാണ്. സംസ്ഥാനത്തൊട്ടാകെ 40,008 റോഡപകടങ്ങൾ ഉണ്ടായി. 45,091 പേർ സാരമായ പരിക്കുകളോടെ ചികിത്സ തേടി. കഴിഞ്ഞ അഞ്ചുവർഷത്തെ കണക്കുകൾ പരിശോധിക്കുമ്പോൾ റോഡപകടങ്ങളുടെ എണ്ണത്തിൽ കുറവുകൾ ഉണ്ടായിട്ടില്ല. സംസ്ഥാനത്തെ റോഡപകടങ്ങൾ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ സേഫ് കേരള പദ്ധതി ആവിഷ്‌ക്കരിച്ചത്.

പിഴ വിവരം

നോ പാർക്കിങ് - 250
സീറ്റ് ബെൽറ്റ് ധരിച്ചില്ലെങ്കിൽ - 500
ഹെൽമറ്റ് ധരിച്ചില്ലെങ്കിൽ - 500
മൊബൈൽ ഉപയോഗിച്ചാൽ - 2000
റെഡ് ലൈറ്റും-ട്രാഫിക്കും മറികടന്നാൽ - ശിക്ഷ കോടതി തീരുമാനിക്കും
അമിതവേഗം - 1500




#Daily
Leave a comment