
ആംആദ്മി പാര്‍ട്ടി എംഎല്‍എ വെടിയേറ്റ് മരിച്ചു; അബദ്ധത്തില്‍ വെടിയേറ്റെന്ന് പൊലീസ്
ആംആദ്മി പാര്‍ട്ടി നേതാവും ലുധിയാന വെസ്റ്റ് എംഎല്‍എയുമായ ബാസി ഗോഗി വെടിയേറ്റ് മരിച്ചു. ഗോഗിയുടെ ലൈസന്‍സുള്ള തോക്കില്‍ നിന്നും അബദ്ധത്തില്‍ വെടിയേറ്റ് മരിച്ചതാണെന്ന് പൊലീസ് പറയുന്നു.
ഗോഗിയുടെ മരണത്തെക്കുറിച്ച് കുടുംബാംഗങ്ങളില്‍ നിന്നും ലഭിച്ച മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് ഈ നിഗമനത്തില്‍ എത്തിയത്. സ്വയം അബദ്ധവശാല്‍ വെടിവയ്ക്കുകയായിരുന്നുവെന്നും തലയില്‍ വെടിയേറ്റ മുറിവുണ്ടെന്നും പൊലീസിനോട് കുടുംബാംഗങ്ങള്‍ മൊഴി നല്‍കി. വെടിയേറ്റ അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്നും ഡിഎംസി ആശുപത്രിയില്‍ മൃതദേഹം സൂക്ഷിച്ചിരിക്കുകയാണെന്നും പൊലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ ജസ്‌കരണ്‍ സിങ് തേജ പറഞ്ഞു.
പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചശേഷമേ മരണകാരണം പറയാന്‍ സാധിക്കുകയുള്ളൂവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്നലെ അര്‍ദ്ധ രാത്രിയോടെയാണ് സംഭവം. കൂടുതല്‍ അന്വേഷണം നടക്കുന്നു.
2022-ല്‍ ആംആദ്മി പാര്‍ട്ടിയില്‍ അംഗമായ ഗോഗി ലുധിയാന നിയമസഭ തിരഞ്ഞെടുപ്പില്‍ രണ്ട് തവണ എംഎല്‍എയായ കോണ്‍ഗ്രസ് നേതാവ് ഭരത് ഭൂഷന്‍ ആഷുവിനെയാണ് പരാജയപ്പെടുത്തിയത്.