SUNITA KEJRIWAL | PHOTO: WIKI COMMONS
അരവിന്ദ് കെജ്‌രിവാളിനെ കാണാന്‍ ഭാര്യ സുനിതയെ തിഹാര്‍ അധികൃതര്‍ അനുവദിക്കുന്നില്ലെന്ന് എഎപി
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ കാണാന്‍ ഭാര്യ സുനിതയെ തിഹാര്‍ ജയില്‍ അധികൃതര്‍ അനുവദിക്കുന്നില്ലെന്ന് ആം ആദ്മി പാര്‍ട്ടി. തിങ്കളാഴ്ച ഷെഡ്യൂള്‍ ചെയ്ത സന്ദര്‍ശനത്തിന് ജയില്‍ അധികൃതര്‍ അനുമതി നിഷേധിക്കുകയായിരുന്നുവെന്ന് എഎപി ആരോപിച്ചു. തിങ്കളാഴ്ച ഡല്‍ഹി മന്ത്രി അതിഷി മര്‍ലേന കെജ്‌രിവാളിനെ സന്ദര്‍ശിക്കുമെന്നാണ് വിവരം. ജയിലില്‍ കഴിയുന്നയാളെ കാണാന്‍ ഒരേസമയം രണ്ട് പേര്‍ക്ക് വരാമെന്നാണ് ജയില്‍ ചട്ടങ്ങളില്‍ പറയുന്നതെന്നും ഏപ്രില്‍ 15 ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ കെജ്‌രിവാളിനെ കാണാന്‍ തിഹാര്‍ ജയില്‍ സന്ദര്‍ശിച്ചപ്പോള്‍ എഎപി യുടെ സംഘടനാ ജനറല്‍ സെക്രട്ടറി സന്ദീപ് പഥക് കൂടെയുണ്ടായിരുന്നുവെന്നും പാര്‍ട്ടി ചൂണ്ടിക്കാട്ടി.
അതിഷിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം കെജ്‌രിവാളിനെ കാണാന്‍ ഭാര്യ സുനിതയെ ചൊവ്വാഴ്ചയ്ക്ക് ശേഷം അനുവദിക്കാമെന്ന് തിഹാര്‍ ജയില്‍ അധികൃതര്‍ അറിയിച്ചു. ആഴ്ചയില്‍ രണ്ട് സന്ദര്‍ശനങ്ങള്‍ മാത്രമെ അനുവദിക്കാവൂ എന്നാണ് ജയില്‍ ചട്ടമെന്നും അതിഷിയുടെയും ഭഗവന്ത് മാനിന്റെയും കൂടിക്കാഴ്ചയ്ക്ക് ശേഷം ഈ ആഴ്ച ഭാര്യയ്ക്ക് സന്ദര്‍ശിക്കാനാവില്ലെന്നാണ് റിപ്പോര്‍ട്ട്. അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റിന് ശേഷം അധികാരികള്‍ മരുന്നുകള്‍ തടഞ്ഞുവച്ചതായി മുഖ്യമന്ത്രിയും പാര്‍ട്ടിയും ആരോപിച്ചിരുന്നു.
ഡല്‍ഹി മദ്യനയക്കേസില്‍ മാര്‍ച്ച് 21 നാണ് അരവിന്ദ് കെജ്‌രിവാളിനെ അറസ്റ്റ് ചെയ്യുന്നത്. ഏപ്രില്‍ 1 മുതല്‍ കെജ്‌രിവാള്‍ ജയിലില്‍ കഴിയുകയാണ്. ശനിയാഴ്ച ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സുനിതയുടെ നേതൃത്വത്തില്‍ റോഡ് ഷോ നടന്നിരുന്നു. കിഴക്കന്‍ ഡല്‍ഹിയിലെ എഎപി സ്ഥാനാര്‍ത്ഥിക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടായിരുന്നു റോഡ് ഷോ. ഡല്‍ഹിയിലെ ഏഴ് മണ്ഡലങ്ങളില്‍ നാലിലും പാര്‍ട്ടി മത്സരിക്കുന്നുണ്ട്. പഞ്ചാബ്, ഹരിയാന, ഗുജറാത്ത് എന്നിവിടങ്ങളിലും സുനിത പ്രചാരണത്തിന് നേതൃത്വം നല്‍കിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.