TMJ
searchnav-menu
post-thumbnail

TMJ Daily

പുതുചരിത്രമായി ഗോള്‍ഡന്‍ ഗ്ലോബ് റേസില്‍ രണ്ടാം സ്ഥാനം ഉറപ്പിച്ച് അഭിലാഷ് ടോമി

26 Apr 2023   |   2 min Read
TMJ News Desk

ഗോള്‍ഡന്‍ ഗ്ലോബ് റേസില്‍ രണ്ടാം സ്ഥാനം ഉറപ്പിച്ച് മലയാളി നാവികന്‍ അഭിലാഷ് ടോമി. ദക്ഷിണാഫ്രിക്കന്‍ വനിതാതാരം കിര്‍സ്റ്റണ്‍ ന്യൂഷാഫറാണ് ഒന്നാം സ്ഥാനത്ത്. വെള്ളിയാഴ്ച രാത്രിയോടെ അഭിലാഷ് ടോമി ഫിനിഷിങ്ങ് പോയിന്റായ ലെ സാബ്ലേ ദൊലാനില്‍ എത്തുമെന്നാണ് പ്രതീക്ഷ. 

ബനായത്ത് എന്ന പായ്‌വഞ്ചിയിലാണ് അദ്ദേഹത്തിന്റെ യാത്ര. ഇതാദ്യമായാണ് ഒരു ഇന്ത്യാക്കാരന്‍ ഗോള്‍ഡന്‍ ഗ്ലോബ് റേസിന്റെ പോഡിയത്തില്‍ ഇടംപിടിക്കുന്നത്. 

അഭിലാഷ് ടോമിയേക്കാള്‍ നൂറ് നോട്ടിക്കല്‍ മൈല്‍ മുന്നിലുള്ള കിര്‍സ്റ്റണ്‍ കിരീടം ഉറപ്പിച്ചു കഴിഞ്ഞു. ഗോള്‍ഡന്‍ ഗ്ലോബ് റേസിന്റെ ചരിത്രത്തിലാദ്യമായാണ് ഒരു വനിത ഒന്നാമതെത്തുന്നത്. അഭിലാഷ് ടോമി കഴിഞ്ഞയാഴ്ച ലീഡ് നേടിയിരുന്നു. എന്നാല്‍, തൊട്ടടുത്ത ദിവസം തന്നെ കിര്‍സ്റ്റണ്‍ ലീഡ് തിരികെപിടിച്ചു. 16 പേരുമായി ഫ്രാന്‍സില്‍ നിന്നാരംഭിച്ച ഗോള്‍ഡന്‍ ഗ്ലോബ് റേസില്‍ അഭിലാഷ് ഉള്‍പ്പെടെ മൂന്നു പേരാണ് അവസാന നിമിഷത്തിലുള്ളത്. ഓസ്‌ട്രേലിയയുടെ മൈക്കല്‍ ഗുഗന്‍ ബെര്‍ജറുണ്ടാണ് മൂന്നാം സ്ഥാനത്ത്. 

സാഹസികതയുടെ പായ്‌വഞ്ചിയോട്ടം

അഭിലാഷ് ടോമി ഏറ്റവും പുതിയ വീഡിയോ പങ്കുവച്ചിട്ടുണ്ട്. 2018 ലെ ഗോള്‍ഡന്‍ ഗ്ലോബ് റേസിനിടെ തനിക്ക് അപകടം പറ്റിയ മേഖലയില്‍ കൂടി കടന്നുവന്ന അനുഭവമാണ് വീഡിയോയില്‍ പങ്കുവച്ചിരിക്കുന്നത്. മത്സരം പൂര്‍ത്തിയാക്കാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ടെന്നും രണ്ടു തവണ വഞ്ചി മറിഞ്ഞതായും അഭിലാഷ് പറഞ്ഞു. ലോകത്തിലെ ഏറ്റവും സാഹസികത നിറഞ്ഞ കായിക വിനോദങ്ങളിലൊന്നാണ് ഗോള്‍ഡന്‍ ഗ്ലോബ് പായ്‌വഞ്ചിയോട്ട മത്സരം. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ നാലിനാണ് ഫ്രാന്‍സിലെ, ലെ സാബ്ലെ ദൊലാന്‍ തുറമുഖത്ത് നിന്ന് അഭിലാഷ് ടോമി പായ്‌വഞ്ചിയില്‍ യാത്ര ആരംഭിച്ചത്. യാത്ര 233 ദിവസം പിന്നിടുകയാണ്. 

26,000 മൈല്‍ നീണ്ട കടല്‍ യാത്രയാണ് പായ്‌വഞ്ചി മത്സരം. കാറ്റിന്റെ ഗതിയനുസരിച്ചാണ് യാത്ര. ആധുനിക യന്ത്രസംവിധാനങ്ങള്‍ ഉപയോഗിക്കാന്‍ പാടുള്ളതല്ല. ദിശ നോക്കാന്‍ വടക്കുനോക്കി യന്ത്രവും ഭൂപടവും മാത്രമാണ് ഉപയോഗിക്കുക. 1968 ല്‍ ആണ് പായ്‌വഞ്ചി മത്സരം ആദ്യമായി ആരംഭിച്ചത്. അക്കാലത്ത് നാവികര്‍ ഉപയോഗിച്ചിരുന്ന യാത്രാരീതി തന്നെ പിന്തുടരണമെന്നാണ് നിയമം. 

2018 ല്‍ മത്സരത്തിനിടെ നട്ടെല്ലിന് ഗുരുതരമായി പരുക്കേറ്റു. ബോട്ടിന്റെ കൊടിമരത്തില്‍ നിന്ന് 30 അടി താഴ്ചയിലേക്ക് അഭിലാഷ് വീഴുകയായിരുന്നു. 70 മണിക്കൂര്‍ നീണ്ട ഫ്രഞ്ച്-ഓസ്‌ട്രേലിയന്‍-ഇന്ത്യന്‍ നാവിക സേനയുടെ സംയുക്ത തിരച്ചിലിനൊടുവിലാണ് അഭിലാഷിനെ രക്ഷിച്ചത്. സങ്കീര്‍ണമായ ശസ്ത്രക്രിയയിലൂടെ അഭിലാഷിന്റെ നട്ടെല്ലില്‍ ടൈറ്റാനിയം ദണ്ഡ് ഘടിപ്പിച്ചിരിക്കുകയാണ്. 2019 ജനുവരിയില്‍ നാവിക സേനയില്‍ നിന്നും അഭിലാഷ് ജോലി രാജിവച്ചു.

#Daily
Leave a comment