PHOTO: TWITTER
ചരിത്രം കുറിച്ച് അഭിലാഷ് ടോമി: ഗോള്‍ഡന്‍ ഗ്ലോബ് പൂര്‍ത്തിയാക്കുന്ന ആദ്യ ഏഷ്യക്കാരന്‍
ഗോള്‍ഡന്‍ ഗ്ലോബ് റേസില്‍ ചരിത്രം കുറിച്ച് മലയാളി നാവികന്‍ അഭിലാഷ് ടോമി. ഇന്ത്യന്‍ സമയം ശനിയാഴ്ച രാവിലെ 10.30 നാണ് അഭിലാഷ് ടോമി ഫ്രഞ്ച് തീരത്തെത്തിയത്. രണ്ടാമനായാണ് ഫിനിഷ് ചെയ്തത്. ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഏഷ്യക്കാരനും ഇന്ത്യക്കാരനുമാണ് അഭിലാഷ് ടോമി. ദക്ഷിണാഫ്രിക്കന്‍ വനിതാതാരം കിര്‍സ്റ്റണ്‍ ന്യൂഷാഫറാണ് ഒന്നാം സ്ഥാനത്തെത്തിയത്.
236 ദിവസവും 14 മണിക്കൂറും 46 മിനിറ്റുമാണ് അഭിലാഷിന് ഫിനിഷ് ചെയ്യാന്‍ വേണ്ടിവന്നത്. 48,000 കിലോമീറ്ററാണ് സഞ്ചരിച്ചത്. ബയാനത്ത് എന്ന പായ്വഞ്ചിയിലായിരുന്നു അദ്ദേഹത്തിന്റെ യാത്ര. 2022 സെപ്തംബര്‍ നാലിനാണ് പടിഞ്ഞാറന്‍ ഫ്രഞ്ച് തുറമുഖമായ ലെ സാബ്‌ലെ ദെലോനില്‍ നിന്ന് അഭിലാഷ് യാത്ര പുറപ്പെട്ടത്.
വ്യാഴാഴ്ച രാത്രി ഒന്നാം സ്ഥാനത്തു ഫിനിഷ് ചെയ്ത കിര്‍സ്റ്റണ്‍ ന്യൂഷാഫറിനു വന്‍ സ്വീകരണമായിരുന്നു സംഘാടകര്‍ നല്‍കിയത്. കടലില്‍ പെട്ടെന്നു കാറ്റില്ലാത്ത സ്ഥിതിയുണ്ടായതോടെ അവസാനത്തെ 2-3 നോട്ടിക്കല്‍ മൈലുകള്‍ പിന്നിടുവാന്‍ കിര്‍സ്റ്റണ് മണിക്കൂറുകള്‍ വേണ്ടിവന്നു. ഗോള്‍ഡന്‍ ഗ്ലോബ് റേസിന്റെ ചരിത്രത്തിലാദ്യമായാണ് ഒരു വനിത ഒന്നാമതെത്തുന്നത്.
അഭിലാഷ് ടോമി കഴിഞ്ഞയാഴ്ച ലീഡ് നേടിയിരുന്നു. എന്നാല്‍, തൊട്ടടുത്ത ദിവസം തന്നെ കിര്‍സ്റ്റണ്‍ ലീഡ് തിരികെപിടിച്ചു. 16 പേരുമായി ഫ്രാന്‍സില്‍ നിന്നാരംഭിച്ച ഗോള്‍ഡന്‍ ഗ്ലോബ് റേസില്‍ അഭിലാഷ് ഉള്‍പ്പെടെ മൂന്നു പേരാണ് അവസാന നിമിഷത്തിലുണ്ടായത്. ഓസ്‌ട്രേലിയയുടെ മൈക്കല്‍ ഗുഗന്‍ ബെര്‍ജറുണ്ടാണ് മൂന്നാം സ്ഥാനത്ത്.
ഗോള്‍ഡന്‍ ഗ്ലോബ് റേസ്
ഒറ്റയ്ക്ക് പായ്‌വഞ്ചിയില്‍ കടലിലൂടെ ലോകം ചുറ്റിവരികയെന്ന മത്സരമാണ് ഇത്. 1968 ലാണ് ഗോള്‍ഡന്‍ ഗ്ലോബ് റേസ് ആദ്യമായി സംഘടിപ്പിച്ചത്. പിന്നീട് 2018 ല്‍ നടത്തിയ മത്സരത്തിന്റെ രണ്ടാം എഡിഷനാണ് ഇപ്പോള്‍ നടന്നത്. മഹാസമുദ്രങ്ങള്‍ താണ്ടി യാത്ര തുടങ്ങിയയിടത്തു തന്നെ തിരികെ എത്തിച്ചേരുന്നതാണ് മത്സരം.
കാറ്റിന്റെ ഗതിയനുസരിച്ചാണ് യാത്ര. ആധുനിക യന്ത്രസംവിധാനങ്ങള്‍ ഉപയോഗിക്കാന്‍ പാടുള്ളതല്ല. ദിശ നോക്കാന്‍ വടക്കുനോക്കി യന്ത്രവും ഭൂപടവും മാത്രമാണ് ഉപയോഗിക്കുക. 1968 ല്‍ നാവികര്‍ ഉപയോഗിച്ചിരുന്ന യാത്രാരീതി തന്നെ പിന്തുടരണമെന്നാണ് നിയമം.
സാഹസികതയുടെ പായ്വഞ്ചിയോട്ടം
അഭിലാഷ് ടോമി ഏറ്റവും പുതിയ വീഡിയോ കഴിഞ്ഞ ദിവസം പങ്കുവച്ചിരുന്നു. 2018 ലെ ഗോള്‍ഡന്‍ ഗ്ലോബ് റേസിനിടെ തനിക്ക് അപകടം പറ്റിയ മേഖലയില്‍ കൂടി കടന്നുവന്ന അനുഭവമാണ് വീഡിയോയില്‍ പങ്കുവച്ചത്. മത്സരം പൂര്‍ത്തിയാക്കാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ടെന്നും രണ്ടു തവണ വഞ്ചി മറിഞ്ഞതായും അഭിലാഷ് പറഞ്ഞു. ലോകത്തിലെ ഏറ്റവും സാഹസികത നിറഞ്ഞ കായിക വിനോദങ്ങളിലൊന്നാണ് ഗോള്‍ഡന്‍ ഗ്ലോബ് പായ്വഞ്ചിയോട്ട മത്സരം.
2018 ല്‍ മത്സരത്തിനിടെ നട്ടെല്ലിന് ഗുരുതരമായി പരുക്കേറ്റു. ബോട്ടിന്റെ കൊടിമരത്തില്‍ നിന്ന് 30 അടി താഴ്ചയിലേക്ക് അഭിലാഷ് വീഴുകയായിരുന്നു. 70 മണിക്കൂര്‍ നീണ്ട ഫ്രഞ്ച്-ഓസ്ട്രേലിയന്‍-ഇന്ത്യന്‍ നാവിക സേനയുടെ സംയുക്ത തിരച്ചിലിനൊടുവിലാണ് അഭിലാഷിനെ രക്ഷിച്ചത്. സങ്കീര്‍ണമായ ശസ്ത്രക്രിയയിലൂടെ അഭിലാഷിന്റെ നട്ടെല്ലില്‍ ടൈറ്റാനിയം ദണ്ഡ് ഘടിപ്പിച്ചിരിക്കുകയാണ്. 2019 ജനുവരിയില്‍ നാവിക സേനയില്‍ നിന്നും അഭിലാഷ് ജോലി രാജിവച്ചു.