അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പ്; മലയാളിക്ക് 45 കോടി
അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിന്റെ 250-ാം സീരീസിൽ മലയാളിക്ക് വമ്പൻ സമ്മാനം. അരുൺകുമാർ വടക്കേകോറത്തിനാണ് 45 കോടിയോളം രൂപ (20 ദശലക്ഷം ദിർഹം) ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലൂടെ ലഭിച്ചിരിക്കുന്നത്. ഓൺലൈൻ വഴി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ പങ്കെടുത്ത അരുൺകുമാറിനെ രണ്ടാമത്തെ ശ്രമത്തിലാണ് ഭാഗ്യം തുണച്ചത്. ആദ്യ തവണയെടുത്ത ടിക്കറ്റിൽ നിരാശയുണ്ടായെങ്കിലും മാർച്ച് 22-ന് രണ്ടാമതും ടിക്കറ്റ് എടുത്തതോടു കൂടിയാണ് അരുൺ സമ്മാനത്തിനർഹനായത്. ഈ സമ്മാനത്തിനായി താൻ കാത്തിരിക്കുകയായിരുന്നു എന്ന് അരുൺ കുമാർ പ്രതികരിച്ചു.
അബുദാബിയിൽ ബിഗ് ടിക്കറ്റ് പ്രതിമാസ നറുക്കെടുപ്പിലൂടെ ക്യാഷ് പ്രൈസും ആഡംബര കാറുകളുമാണ് സമ്മാനമായി ലഭിക്കുക. ബിഗ് ടിക്കറ്റ് 1992 ലാണ് ആരംഭിച്ചത്. പ്രതിമാസം ഒരു മില്യൺ ദിർഹം ക്യാഷ് പ്രൈസോടെയാണ് ആരംഭിച്ചത്. ഇപ്പോൾ അതിന്റെ ഏറ്റവും ഉയർന്ന സമ്മാനമായ 20 ദശലക്ഷം ദിർഹം ക്യാഷ് പ്രൈസാണ് വാഗ്ദാനം ചെയ്യുന്നത്. മെഴ്സിഡസ് ബെൻസ്, ജാഗ്വാർ, കോർവെറ്റ്, ഫോർഡ് മസ്റ്റാങ്, മിനി-കൂപ്പർ തുടങ്ങിയ സ്വപ്ന കാറുകൾക്കും നറുക്കെടുപ്പ് ഉണ്ട്