സബ്രിന സിദ്ദിഖി | PHOTO: WIKI COMMONS
സബ്രിന സിദ്ദിഖിക്കെതിരെയുള്ള അധിക്ഷേപം; അപലപിച്ച് വൈറ്റ് ഹൗസ്
വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ടർ സബ്രിന സിദ്ദിഖിയെ അധിക്ഷേപിച്ച നടപടിയെ അപലപിച്ച് വൈറ്റ് ഹൗസ്. യുഎസ് നാഷണൽ സെക്യൂരിറ്റി കൗൺസിൽ ഉപദേഷ്ടാവ് ജോൺ കിർബി ജൂൺ 26ന് വൈറ്റ് ഹൗസിൽ ചേർന്ന പത്രസമ്മേളനത്തിലാണ് നയം വ്യക്തമാക്കിയത്. 'ജനാധിപത്യ മൂല്യങ്ങൾ മുറുകെപ്പിടിക്കുന്ന രാജ്യമാണ് അമേരിക്ക. ചോദ്യങ്ങൾ ചോദിക്കുന്നതിനും അഭിപ്രായം പ്രകടിപ്പിക്കുന്നതിനും രാജ്യത്ത് സ്വാതന്ത്ര്യമുണ്ട്. ഇവിടെ മാധ്യമപ്രവർത്തകയ്‌ക്കെതിരെയുള്ള അധിക്ഷേപം അംഗീകരിക്കാനാവുന്നതല്ല,' അദ്ദേഹം പറഞ്ഞു.
ചോദ്യം ചെയ്യപ്പെടുന്ന ജനാധിപത്യം
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കൻ പര്യടനോത്തോടനുബന്ധിച്ച് ജൂൺ 22ന് വൈറ്റ് ഹൗസിൽ പത്രസമ്മേളനം നടത്തിയിരുന്നു. സമ്മേളനത്തിൽ ഇന്ത്യയിലെ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ മെച്ചപ്പെടുത്തുന്നതിനും അഭിപ്രായസ്വാതന്ത്ര്യം ഉയർത്തിപ്പിടുക്കുന്നതിനും നരേന്ദ്ര മോദി സർക്കാർ സ്വീകരിച്ച നടപടികളെപ്പറ്റി വൈറ്റ് ഹൗസ് റിപ്പോർട്ടർ കൂടിയായ സിദ്ദിഖി ചോദിക്കുകയുണ്ടായി.
നമ്മൾ ഒരു ജനാധിപത്യ രാജ്യമാണ്. ഇന്ത്യയിലും അമേരിക്കയിലും ജനാധിപത്യമൂല്യങ്ങൾ ആഴത്തിൽ വേരു പാകിയിരിക്കുന്നു. ജനാധിപത്യ മൂല്യത്തിൽ അടിയുറച്ച ഭരണഘടനയിലാണ് രാജ്യം മുന്നോട്ട് പോകുന്നത്. അതിനാൽ ജാതി, മതം എന്നിവയുടെ അടിസ്ഥാനത്തിൽ രാജ്യത്ത് വിവേചനമില്ലെന്നും സബ്കാ സാത്ത്, സബ്കാ വികാസ്, സബ്കാ വിശ്വാസ്, സബ്കാ പ്രയാസ് എന്നിവയിൽ അധിഷ്ടിതമായി ഇന്ത്യ മുന്നോട്ട് പോകുന്നുവെന്നും സർക്കാർ നല്കുന്ന ആനൂകൂല്യങ്ങൾ അർഹിക്കുന്ന എല്ലാവർക്കും ലഭ്യമാകുമെന്നും നരേന്ദ്ര മോദി പ്രതികരിച്ചു.
പത്രസമ്മേളനത്തിന് ശേഷം സബ്രിന സിദ്ദിഖിക്കെതിരെ സംഘ് അനുകൂല പ്രൊഫൈലുകളിൽ നിന്ന് സൈബർ ആക്രമണം ശക്തമായി. സബ്രിനയുടെ ചോദ്യത്തിന് പിന്നിൽ പാക് അജണ്ടയാണെന്നും ഇന്ത്യക്കെതിരെ പ്രവർത്തിക്കുന്ന സംഘത്തിന്റെ ഭാഗമാണ് ഇവരെന്നും പ്രൊഫൈലുകൾ ആരോപിച്ചു. ചോദ്യത്തിന് പിന്നിൽ ടൂൾ കിറ്റ് ഗ്യാങ് പ്രവർത്തിക്കുന്നുവെന്നാണ് ബിജെപി ഐടി സെൽ കൺവീനർ അമിത് മാളവ്യ കുറ്റപ്പെടുത്തിയത്.
സൈബർ ആക്രമണങ്ങൾക്ക് പിന്നാലെ, ഇന്ത്യയോടുള്ള സ്‌നേഹം വ്യക്തമാക്കി സബ്രിന ട്വിറ്ററിൽ പ്രതികരിച്ചു. ഇന്ത്യൻ ജഴ്‌സിയണിഞ്ഞ് പിതാവിനൊപ്പം 2011ലെ ലോകകപ്പ് കാണുന്ന ചിത്രമാണ് അവർ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത്. വ്യക്തിപരമായ കാര്യങ്ങൾ ചികയുന്നവർക്കായി ഈ ചിത്രങ്ങൾ സമർപ്പിക്കുന്നുവെന്ന് അടിക്കുറുപ്പോടെയാണ് സബ്രിന ചിത്രം പോസ്റ്റ് ചെയ്തത്.
വിമർശനങ്ങൾക്കൊപ്പം മാധ്യമപ്രവർത്തകയെ അഭിനന്ദിച്ചും നിരവധിപ്പേർ രംഗത്തെത്തി. മനുഷ്യാവകാശങ്ങളെ കുറിച്ചുള്ള സബ്രിനയുടെ ചോദ്യത്തിന് ജനാധിപത്യത്തിൽ വിവേചനമില്ലെന്ന മോദിയുടെ മറുടി അമ്പരിപ്പിച്ചെന്ന് ഫോക്‌സ് ന്യൂസിന്റെ വൈറ്റ്ഹൗസ് കറസ്‌പോണ്ടന്റ് ജാക്വി ഹിന്റിച്ച് അഭിപ്രായപ്പെട്ടു. ഇന്ത്യയിൽ വച്ച് മോദി നേരിടേണ്ട ചോദ്യമാണ് ഉന്നയിക്കപ്പെട്ടതെന്ന് നിരവധി ഇന്ത്യക്കാരും സമൂഹമാധ്യമത്തിൽ കുറിച്ചു.
2014ൽ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ശേഷം ഒരു പത്രസമ്മേളനത്തിൽ പോലും മോദി സംസാരിച്ചിട്ടില്ല. 2019 മെയ് മാസത്തിൽ അദ്ദേഹം ഒരു പത്രസമ്മേളനത്തിന് പങ്കെടുത്തിരുന്നെങ്കിലും മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകിയിരുന്നില്ല. ലോകനേതാക്കളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള വൈറ്റ് ഹൗസിലെ പത്ര സമ്മേളനത്തിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ചോദ്യങ്ങൾ ചോദിക്കുന്നിതിനായി ദേശീയ അന്താരാഷ്ട്ര മാധ്യമങ്ങളിൽ നിന്നുള്ള ചുരുക്കം മാധ്യമപ്രവർത്തകർക്കാണ് അനുവാദം നൽകിയത്.
ആരാണ് സബ്രിന സിദ്ദിഖി?
മുസ്ലീം അമേരിക്കൻ പത്രപ്രവർത്തകരിൽ ഒരാളാണ് സബ്രിന സിദ്ദിഖി. വാഷിംഗ്ടൺ ഡിസിയിലെ വാൾസ്ട്രീറ്റ് ജേണലിന്റെ വൈറ്റ് ഹൗസ് റിപ്പോർട്ടറാണ് സിദ്ദിഖി. 2019-ന് മുമ്പായി ഗാർഡിയനിൽ ജോലി ചെയ്യുന്ന സമയത്തും വൈറ്റ് ഹൗസ് റിപ്പോർട്ടറായി പ്രവർത്തിച്ച അവർ 2016-ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പും കവർ ചെയ്തിട്ടുണ്ട്. നോർത്ത് വെസ്റ്റേൺ യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദം നേടിയ സിദ്ദിഖി ഭർത്താവിനൊപ്പം വാഷിംഗ്ടണിലാണ് താമസം.
ഹഫിംഗ്ടൺ പോസ്റ്റിൽ ജോലി ചെയ്തിരുന്ന സമയത്തും ഒബാമ ഭരണകൂടത്തെയും കോൺഗ്രസിനെക്കുറിച്ചും അവർ റിപ്പോർട്ട് ചെയ്തിരുന്നു. കൂടാതെ ബ്ലൂംബെർഗിലെ വൈറ്റ് ഹൗസ് ടീമിന്റെ ഭാഗമായും പ്രവർത്തിച്ചു. സബ്രിനയുടെ പിതാവ് ജനിച്ചത് ഇന്ത്യയിലാണെങ്കിലും വളർന്നത് പാകിസ്ഥാനിലാണ്. അമ്മ പാകിസ്ഥാൻ വംശജയാണ്. സബ്രിനയുടെ ജനനം അമേരിക്കയിലായിരുന്നു.