
അധിക്ഷേപം, മതാടിസ്ഥാനത്തില്‍ ഗ്രൂപ്പ്, ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി
അഡീഷണല്‍ ചീഫ് സെക്രട്ടറിക്കെതിരായ പരസ്യ അധിക്ഷേപത്തില്‍ സസ്‌പെന്‍ഷനിലായതിൽ പ്രതികരണവുമായി എന്‍ പ്രശാന്ത്. തന്റെ ഭാഗം കേള്‍ക്കാതെയുള്ള അച്ചടക്കനടപടി അത്ഭുതപ്പെടുത്തിയെന്ന് എന്‍. പ്രശാന്ത്. അഡീഷണല്‍ ചീഫ് സെക്രട്ടറി ജയതിലകിനെ മനോരോഗി എന്ന് വരെ വിളിച്ചുള്ള പരസ്യ അധിക്ഷേപത്തിലായിരുന്നു എന്‍ പ്രശാന്തിനെതിരായ നടപടി.
ഫേസ്ബുക്ക് കുറിപ്പുകളില്‍ ചട്ടലംഘനമില്ലെന്നും സര്‍ക്കാരിനെ വിമര്‍ശിച്ചിട്ടില്ലെന്നും പ്രശാന്ത് പറഞ്ഞു. തനിക്ക് ശരിയെന്ന് തോന്നുന്ന കാര്യങ്ങളാണ് ചെയ്തത്. ആരെയും സുഖിപ്പിക്കാനല്ല തനിക്ക് ശമ്പളം നല്‍കുന്നതെന്ന് പറഞ്ഞ പ്രശാന്ത് തന്റെ കുറിപ്പുകളെ എന്തിനാണ് ഭയക്കുന്നതെന്നും ചോദിച്ചു.
മതാടിസ്ഥാനത്തില്‍ ഓഫീസേഴ്‌സ് ഗ്രൂപ്പ് ഉണ്ടാക്കിയതില്‍ കെ ഗോപാലകൃഷ്ണനെയും അഡീഷണല്‍ ചീഫ് സെക്രട്ടറിക്കെതിരായ പരസ്യ അധിക്ഷേപത്തില്‍ എന്‍ പ്രശാന്തിനെയും സസ്‌പെന്‍ഡ് ചെയ്തുകൊണ്ടുള്ള ഉത്തരവ് ചീഫ് സെക്രട്ടറി പുറത്തിറക്കി. ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ ചേരി തിരിവുണ്ടാക്കാന്‍ ഗോപാലകൃഷ്ണന്‍ ശ്രമിച്ചുവെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ ചൂണ്ടിക്കാട്ടി. സര്‍വ്വീസ് ചട്ടങ്ങളുടെ ഗുരുതരമായ ലംഘനം നടത്തിയെന്നും സര്‍ക്കാര്‍ ഉത്തരവിലുണ്ട്.
ഏത് ഉദ്യോഗസ്ഥനെതിരെയും നടപടിയെടുക്കാനുള്ള അധികാരം സര്‍ക്കാരിനുണ്ടെന്നും സസ്‌പെന്‍ഷന്‍ ശിക്ഷാവിധിയല്ലെന്നും ഐഎഎസ് അസോസിയേഷന്‍ പ്രസിഡന്റ് ബി.അശോക് പ്രതികരിച്ചു.
കഴിഞ്ഞമാസം 30ന് Mallu Hindu Off എന്ന പേരില്‍ ഹിന്ദു ഐഎഎസ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി, വ്യവസായ, വാണിജ്യ വകുപ്പ് ഡയറക്ടര്‍ കെ.ഗോപാലകൃഷ്ണന്‍ അഡ്മിനായി ഗ്രൂപ്പ് രൂപപ്പെട്ടത്. തന്റെ ഫോണ്‍ ഹാക്ക് ചെയ്തതാണെന്നും Mallu Muslim Off എന്ന പേരില്‍ മറ്റൊരു ഗ്രൂപ്പുണ്ടാക്കിയതായും ഇക്കാര്യങ്ങള്‍ വ്യക്തമാക്കി സിറ്റി പൊലീസ് കമ്മീഷണര്‍ക്കു പരാതി നല്‍കിയതായും കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചിരുന്നു. ഐഎഎസ് ഉദ്യോഗസ്ഥരെ അമ്പരിപ്പിച്ചുകൊണ്ടാണ് സര്‍വ്വീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അടക്കം അംഗങ്ങളായുള്ള വാട്സ്ആപ് ഗ്രൂപ്പുണ്ടാക്കിയത്. ഗ്രൂപ്പില്‍ ചേര്‍ക്കപ്പെട്ട ഉദ്യോഗസ്ഥരില്‍ ചിലര്‍ ഇത്തരമൊരു ഗ്രൂപ്പ് ഉണ്ടാക്കുന്നതിന്റെ ആശങ്ക ഗോപാലകൃഷ്ണനെ അറിയിച്ചെന്നാണ് വിവരം. അതിന് പിന്നാലെ ഗ്രൂപ്പ് ഡിലീറ്റായി.
ഗോപാലകൃഷ്ണന്റെ ഫോണില്‍ ഹാക്കിംഗ് നടന്നിട്ടില്ലെന്നാണ് മെറ്റ അറിയിച്ചത്. മറ്റൊരു ഐ പി അഡ്രസ് ഫോണില്‍ ഉപയോഗിച്ചിട്ടില്ലെന്നും മെറ്റ അന്വേഷണ സംഘത്തിന് മറുപടി നല്‍കി. അസ്വാഭാവികമായി ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും മെറ്റ അറിയിച്ചു.