IMAGE | WIKI COMMONS
ഇസ്രയേല്‍ സര്‍വകലാശാലയുമായുള്ള അക്കാദമിക് ബന്ധം: പ്രതിഷേധിച്ച് അശോക സര്‍വകലാശാല വിദ്യാര്‍ത്ഥികള്‍
ഇസ്രയേല്‍ ആക്രമണത്തില്‍ പ്രതിഷേധവുമായി ഹരിയാനയിലെ അശോക സര്‍വകലാശാല വിദ്യാര്‍ത്ഥികള്‍. ഇസ്രയേല്‍ സര്‍വകലാശാലയായ തെല്‍ അവിവുമായുള്ള എല്ലാ അക്കാദമിക് ബന്ധങ്ങളും അവസാനിപ്പിക്കണമെന്ന് യുണിവേഴ്‌സിറ്റി വിസിക്ക് വിദ്യാര്‍ത്ഥികള്‍ കത്തയച്ചു. സര്‍വകലാശാലയിലെ തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥി സംഘടനയായ അശോക സ്റ്റുഡന്റ് ഗവണ്‍മെന്റാണ് വിസിക്ക് കത്തയച്ചത്. ഇസ്രയേല്‍ ആക്രമണങ്ങള്‍ക്കെതിരെ ലോകമെമ്പാടും വിദ്യാര്‍ത്ഥി പ്രതിഷേധം ശക്തിപ്പെടുന്ന സാഹചര്യത്തിലാണ് ഇസ്രയേല്‍ സര്‍വകലാശാലയുമായുള്ള ബന്ധം നിര്‍ത്തലാക്കാന്‍ വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെടുന്നത്.
മനുഷ്യാവകാശ ലംഘനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന സ്ഥാപനങ്ങളുമായി സഹകരിക്കുന്നത് നീതിയോടും മനുഷ്യാവകാശങ്ങളോടുമുള്ള പ്രതിബദ്ധതയെ ദുര്‍ബലപ്പെടുത്തുമെന്ന് വിദ്യാര്‍ത്ഥികള്‍ ചൂണ്ടിക്കാട്ടി. 34,000 ത്തിലധികം പലസ്തീനികളെ കൊലപ്പെടുത്തിയ യുദ്ധത്തില്‍ തങ്ങള്‍ ഉത്കണ്ഠാകുലരാണെന്നും വിദ്യാര്‍ത്ഥികള്‍ കത്തില്‍ സൂചിപ്പിച്ചു. അമേരിക്കന്‍ ക്യാമ്പസുകളില്‍ നടക്കുന്ന വിദ്യാര്‍ത്ഥി പ്രതിഷേധങ്ങളെക്കുറിച്ച് സൂചിപ്പിച്ചുകൊണ്ടാണ് കത്ത്.
ഹരിയാനയിലെ സോനിപത്ത് ആസ്ഥാനമായുള്ള അശോക സര്‍വകലാശാലയ്ക്ക് ടെല്‍ അവീവ് സര്‍വകലാശാലയുമായി ഗവേഷണ പങ്കാളിത്തമുണ്ടെന്ന് വിദ്യാര്‍ത്ഥികള്‍ അവകാശപ്പെട്ടു. അധ്യാപനം, ഗവേഷണ സഹകരണം, ഹ്രസ്വകാല പഠന അവസരങ്ങള്‍, സംയുക്ത പ്രോഗ്രാമുകള്‍ എന്നിവയ്ക്കായി ഫാക്കല്‍റ്റി സന്ദര്‍ശനങ്ങള്‍ ഉണ്ടാകാറുണ്ടെന്നും വിദ്യാര്‍ത്ഥികള്‍ ചൂണ്ടിക്കാട്ടി. തെല്‍ അവിവ് സര്‍വകലാശാലയ്ക്ക് ഇസ്രായേല്‍ സൈന്യവുമായുള്ള ബന്ധത്തെക്കുറിച്ചും ഗാസ പിടിച്ചടക്കുന്നതില്‍ പിന്തുണ നല്‍കുന്നതിനെക്കുറിച്ചും കത്തില്‍ സൂചിപ്പിക്കുന്നു.