ഉത്തരാഖണ്ഡില്‍ ട്രക്കിങ്ങിനിടെ അപകടം: മലയാളികളടക്കം ഒന്‍പത് പേര്‍ മരിച്ചു
ഉത്തരാഖണ്ഡില്‍ ട്രക്കിങ്ങിനിടെയുണ്ടായ അപകടത്തില്‍ മലയാളികളടക്കം ഒന്‍പത് പേര്‍ മരിച്ചു. കന്യാകുമാരി തക്കല സ്വദേശി ആശ സുധാകര്‍, പാലക്കാട് ചെര്‍പ്പുളശേരി സ്വദേശി സിന്ധു എന്നിവരാണ് മരിച്ചത്. ഉത്തരാഖണ്ഡിലെ സഹസ്ത്രതല്‍ തടാക മേഖലയിലാണ് അപകടമുണ്ടായത്. അപകടത്തില്‍പ്പെട്ടവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. കാലാവസ്ഥ മോശമായതിനെ തുടര്‍ന്നായിരുന്നു അപകടം.
കര്‍ണാടക സ്വദേശികളായ പതിനെട്ട് ട്രക്കര്‍മാരും മഹാരാഷ്ട്രയില്‍ നിന്നുള്ള ഒരാളും പ്രദേശിക ഗൈഡുകളും ഉള്‍പ്പെടെ 22 പേരാണ് ട്രക്കിംങ് സംഘത്തിലുണ്ടായിരുന്നത്. ഉത്തരകാശിയില്‍ നിന്ന് 35 കിലോമീറ്റര്‍ അകലെ സമുദ്രനിരപ്പില്‍ നിന്ന് 4232 മീറ്റര്‍ ഉയരത്തിലുള്ള സഹസ്ത്രതല്‍ തടാകം സന്ദര്‍ശിച്ച് മടങ്ങവെ തിങ്കളാഴ്ചയാണ് അപകടമുണ്ടായത്. കടുത്ത മഞ്ഞുവീഴ്ചയും കൊടുങ്കാറ്റും പ്രദേശത്ത് അനുഭവപ്പെട്ടിരുന്നു. ടെന്റോ, ഭക്ഷണമോ ഇല്ലാതെ കൊടുംതണുപ്പില്‍ കഴിയേണ്ടി വന്ന സംഘത്തിലെ 13 പേരെ 60 മണിക്കൂറിന് ശേഷം ദുരന്തനിവാരണ സേനയും വ്യോമസേനയും ചേര്‍ന്ന് രക്ഷിക്കുകയായിരുന്നു.
മരിച്ച ഒന്‍പത് പേരും 35 വര്‍ഷമായി ബംഗളൂരുവില്‍ സ്ഥിരതാമസക്കാരാണ്. കര്‍ണാടകയിലെ പ്രായംകൂടിയ വനിത പര്‍വതാരോഹകരിലൊരാളാണ് ആശ സുധാകര്‍. ബംഗളൂരു ഡെല്‍ കമ്പനിയില്‍ സോഫ്റ്റ്‌വെയര്‍ എഞ്ചീനിയറാണ് മരിച്ച സിന്ധു.