TMJ
searchnav-menu
post-thumbnail

TMJ Daily

ഓരോ നാല് ദിവസത്തിലും ഒരു മാധ്യമപ്രവർത്തകൻ കൊല്ലപ്പെടുന്നതായി യുനെസ്‌കോ

03 Nov 2024   |   1 min Read
TMJ News Desk

ലോകമെമ്പാടുമുള്ള മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെടുന്നത് കഴിഞ്ഞ രണ്ട് വര്‍ഷങ്ങളെ അപേക്ഷിച്ച് 2022-23 ല്‍ വര്‍ദ്ധിച്ചതായി ഐക്യരാഷ്ട്രസഭ. ഓരോ നാല് ദിവസത്തിലും ശരാശരി ഒരു മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെടുന്നുവെന്ന് യുഎന്‍ എഡ്യൂക്കേഷണല്‍, സയന്റിഫിക് ആന്‍ഡ് കള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്‍ (യുനെസ്‌കോ) പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറഞ്ഞു.

ജോലിക്കിടെ കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ എണ്ണം 38 ശതമാനം വര്‍ദ്ധിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഏറ്റവും കൂടുതല്‍ കൊലപാതകം ലാറ്റിനമേരിക്കയിലും കരീബിയനിലുമാണ്. രണ്ട് വര്‍ഷത്തിനിടയില്‍ 61 പേരാണ് കൊല്ലപ്പെട്ടത്. 2022-23 കാലയളവില്‍, സംഘര്‍ഷങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ കൊല്ലപ്പെട്ടവരില്‍ 86 ശതമാനവും പ്രാദേശിക മാധ്യമപ്രവര്‍ത്തകരാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. 2023-ല്‍ പലസ്തീനിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ രേഖപ്പെടുത്തിയത്. 24 മാധ്യമപ്രവര്‍ത്തകരാണ് പലസ്തീനില്‍ ജോലിക്കിടെ കൊല്ലപ്പെട്ടത്. 

2024 ലെ മരണങ്ങള്‍ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെങ്കിലും, ഈ കാലയളവില്‍ ഗാസ, ഇസ്രായേല്‍, ലെബനന്‍ എന്നിവിടങ്ങളില്‍ കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ എണ്ണം 135-ലധികമായി ഉയര്‍ന്നതായി കമ്മിറ്റി ടു പ്രൊട്ടക്റ്റ് ജേണലിസ്റ്റ് (സിപിജെ) പറയുന്നു. 

മാധ്യമപ്രവര്‍ത്തകരെ സംരക്ഷിക്കാനും ലോകമെമ്പാടുമുള്ള മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ അന്വേഷിക്കാനും പ്രോസിക്യൂട്ട് ചെയ്യാനും അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് സര്‍ക്കാരുകളോട് ആവശ്യപ്പെട്ടു.


#Daily
Leave a comment