പഴയിടം ഇരട്ടക്കൊലക്കേസില്‍ പ്രതിക്ക് വധശിക്ഷ
മണിമല പഴയിടത്ത് പിതൃസഹോദരിയെയും ഭര്‍ത്താവിനെയും ചുറ്റികകൊണ്ടടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി അരുണ്‍ ശശിക്ക് വധശിക്ഷ. രണ്ടു ലക്ഷം രൂപ പിഴയും വിധിച്ചു. കോട്ടയം അഡീഷണന്‍ സെഷന്‍സ് കോടതിയുടേതാണ് വിധി. സംരക്ഷിക്കേണ്ടയാള്‍ തന്നെയാണ് ക്രൂരമായ കൊലപാതകം നടത്തിയതെന്ന് കോടതി അഭിപ്രായപ്പെട്ടു.
2013 ഓഗസ്റ്റ് 28 ന് ചിറക്കടവ് പഞ്ചായത്തിലെ പഴയിടത്ത് റിട്ട. പിഡബ്ല്യുഡി സൂപ്രണ്ട് എന്‍ ഭാസ്‌കരന്‍ നായര്‍ (75) ഭാര്യ റിട്ട. കെഎസ്ഇബി ഉദ്യോഗസ്ഥ തങ്കമ്മ (69) എന്നിവരെ കൊലപ്പെടുത്തിയ കേസിലാണ് ഒമ്പത് വര്‍ഷത്തിനു ശേഷം കോടതിയുടെ വിധി. ഭവനഭേദനത്തിന് 5 വര്‍ഷം കഠിനതടവും കവര്‍ച്ചയ്ക്ക് ഏഴ് വര്‍ഷം തടവും കൂടി വിധിച്ചിട്ടുണ്ട്. കാര്‍ വാങ്ങാന്‍ പണം കണ്ടെത്താനാണു പ്രതി കൊലപാതകം നടത്തിയതെന്നാണ് പോലീസ് കണ്ടെത്തല്‍.
പഴയിടം ഷാപ്പിന്റെ എതിര്‍വശത്തുള്ള ഇരുനില വീടിന്റെ താഴത്തെ നിലയില്‍ കോണിപ്പടിയുടെ സമീപത്താണു ദമ്പതികളുടെ മൃതദേഹങ്ങള്‍ കിടന്നിരുന്നത്. തലയ്ക്കു പിന്നില്‍ ചുറ്റികകൊണ്ട് അടിച്ചതിനുശേഷം തലയണ ഉപയോഗിച്ച് ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയെന്നാണു കേസ്.
സംഭവദിവസം രാത്രി എട്ടോടെ വീട്ടിലെത്തിയ അരുണ്‍ ടിവി കാണുകയായിരുന്ന ഭാസ്‌കരന്‍ നായരെയാണ് ആദ്യം കൊലപ്പെടുത്തിയത്. ശബ്ദം കേട്ട് മുകളിലത്തെ നിലയില്‍ നിന്നിറങ്ങി വന്ന തങ്കമ്മയെയും കൊലപ്പെടുത്തി. എറണാകുളം റേഞ്ച് ഐജിയായിരുന്ന പത്മകുമാറിന്റെ മേല്‍നോട്ടത്തിലായിരുന്നു അന്വേഷണം. ഇതിനിടെ കോട്ടയം കഞ്ഞിക്കുഴിയില്‍ മാല മോഷണക്കേസില്‍ അരുണ്‍ പോലീസിന്റെ പിടിയിലായി. ചോദ്യം ചെയ്യലിലാണ് പഴയിടം കേസിന്റെ ചുരുളഴിഞ്ഞത്.
വിചാരണയ്ക്കിടെ ഒളിവില്‍പോയ അരുണ്‍ ഷോപ്പിങ്ങ് മാളില്‍ നടന്ന മോഷണത്തില്‍ തമിഴ്‌നാട് പോലീസിന്റെ പിടിയിലായി. അവിടെ സെന്‍ട്രല്‍ ജയിലില്‍ തടവില്‍ കഴിയുന്നതിനിടെ പ്രത്യേക വാറന്റ് നല്‍കിയാണ് പ്രതിയെ കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി രണ്ടില്‍ എത്തിച്ചത്.
ശിക്ഷാവിധിക്ക് മുന്നോടിയായി കുറ്റം ചെയ്തിട്ടുണ്ടോ എന്ന ചോദ്യത്തിന് 39 കാരനായ അരുണ്‍ മറുപടി പറഞ്ഞില്ല. എന്നാല്‍, ശിക്ഷയില്‍ പരമാവധി ഇളവ് നല്‍കണമെന്ന് അപേക്ഷിച്ചു. ഏകസഹോദരിയുടെ ഭര്‍ത്താവ് അര്‍ബുദബാധിതനാണ്. അരുണ്‍ മാത്രമേ അവര്‍ക്ക് ആശ്രയമായുള്ളൂ. മന:പരിവര്‍ത്തനത്തിനുള്ള അവസരം കൊടുക്കണമെന്നും പ്രതിഭാഗം ബോധിപ്പിച്ചു.
എന്നാല്‍, പ്രായവും മറ്റു സാഹചര്യങ്ങളും പരിഗണിക്കരുതെന്ന് പ്രോസിക്യൂഷന്‍ ശക്തമായി ആവശ്യപ്പെട്ടു. ഈ വാദം പരിഗണിച്ചാണ് കോടതി പരമാവധി ശിക്ഷയായ വധശിക്ഷ പ്രതിക്ക് നല്‍കിയത്.