
പശുമോഷണം ആവര്‍ത്തിച്ചാല്‍ കുറ്റാരോപിതരെ നടുറോഡില്‍ വെടിവയ്ക്കും: കര്‍ണാടക മന്ത്രി
കര്‍ണാടകയിലെ ഉത്തര കന്നഡ ജില്ലയില്‍ പശുമോഷണ കേസുകള്‍ ആവര്‍ത്തിച്ചാല്‍ കുറ്റാരോപിതരെ റോഡില്‍ വച്ച് വെടിവയ്ക്കാന്‍ താന്‍ ഉത്തരവിടുമെന്ന് മത്സ്യ, തുറമുഖ മന്ത്രി മങ്കല്‍ എസ് വൈദ്യ പറഞ്ഞു. ഉത്തര കന്നഡ ജില്ലയുടെ ചുമതലയുള്ള മന്ത്രിയാണ് വൈദ്യ.
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ജില്ലയില്‍ പശുമോഷണം റിപ്പോര്‍ട്ട് ചെയ്യുന്നുവെന്നും ശക്തമായ നടപടി സ്വീകരിക്കാന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം ഇന്നലെ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവേ പറഞ്ഞു. ഒരു ദയയും കൂടാതെ നടപടി സ്വീകരിക്കാന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
കേസുകളില്‍ അറസ്റ്റുകള്‍ നടക്കുന്നുണ്ടെന്നും ഇനിയും മോഷണം ആവര്‍ത്തിച്ചാല്‍ അവരെ റോഡില്‍ വച്ച് വെടിവയ്ക്കുമെന്നും മന്ത്രി പറഞ്ഞു.
ബിജെപി കര്‍ണാടകം ഭരിച്ചിരുന്ന കാലത്തും പശുമോഷണങ്ങള്‍ നടന്നിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. എങ്കിലും ആ കേസുകളെ മറന്ന് കുംത എംഎല്‍എ ദിനകര്‍ ഷെട്ടി കോണ്‍ഗ്രസ് സര്‍ക്കാരിനെ വിമര്‍ശിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. ബിജെപി ഭരണകാലത്ത് യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നും എന്നാല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ജില്ലയില്‍ അത്തരം പ്രവൃത്തികള്‍ തുടരാന്‍ താന്‍ അനുവദിക്കുകയില്ലെന്ന് മന്ത്രി പറഞ്ഞു. പശുവിനേയും അവയെ പരിപാലിക്കുന്നവരുടെ താല്‍പര്യങ്ങളും സംരക്ഷിക്കാന്‍ എല്ല ആവശ്യമായ നടപടികളും സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.