TMJ
searchnav-menu
post-thumbnail

TMJ Daily

ഡൽഹി പോലീസിന്റെ നടപടി മുമ്പ് കേട്ടിട്ടില്ലാത്തത്: രാഹുൽ ഗാന്ധി

20 Mar 2023   |   1 min Read
TMJ News Desk

ഭാരത് ജോഡോ യാത്രയിൽ ശ്രീനഗറിലെ പ്രസംഗത്തിനിടയിൽ നടത്തിയ പരാമർശത്തിന്റെ പേരിൽ രാഹുൽ ഗാന്ധിക്കെതിരെ ഇന്നലെ ഡൽഹി പൊലീസ് നോട്ടീസ് നൽകി. സ്ത്രീകൾ ഇപ്പോഴും ലൈംഗിക അതിക്രമത്തിന് ഇരയാവുന്നു എന്ന രാഹുലിന്റെ പരാമർശത്തിന്റെ പേരിലാണ് 45 ദിവസത്തിന് ശേഷം പൊലീസ് വീട്ടിലെത്തി നോട്ടീസ് നൽകിയത്. നോട്ടീസിന് പ്രാഥമിക മറുപടി നൽകുകയും വിശദമായ മറുപടി നൽകാൻ 8-10 ദിവസം വേണമെന്നും രാഹുൽ ഡൽഹി പോലീസിനെ അറിയിച്ചു. പൊലീസിന്റെ ഈ നടപടി മുൻപ് കേട്ടിട്ടില്ലാത്തതാണെന്നും മറ്റു പാർട്ടികൾ രാഷ്ട്രീയ യോഗങ്ങൾക്കിടെ നടത്തുന്ന പ്രസംഗങ്ങളുടെ പേരിൽ ഇത്തരത്തിലുള്ള സൂക്ഷ്മപരിശോധനക്കോ ചോദ്യംചെയ്യലിനോ വിധേയരാക്കാറുണ്ടോ എന്നും പ്രാഥമിക മറുപടിയിൽ രാഹുൽ ഗാന്ധി ചോദിക്കുന്നുണ്ട്.

ഡൽഹി പോലീസ് സ്പെഷ്യൽ കമ്മീഷണർ സാഗർപ്രീത് ഹൂഡയുടെ നേതൃത്വത്തിലുള്ള സംഘമാണ് നോട്ടീസ് നൽകിയത്. ഇരകൾ ആരെങ്കിലും രാഹുലിനെ സമീപിച്ചിട്ടുണ്ടോ എന്നറിയുകയാണ് പൊലീസിന്റെ ശ്രമം, ഇരകളുടെ വിവരങ്ങൾ നൽകുകയാണെങ്കിൽ അവർക്ക് സുരക്ഷ ഉറപ്പാക്കാൻ കഴിയുമെന്നും പൊലീസുദ്യോഗസ്ഥർ പറഞ്ഞു.

അമിത് ഷായുടെ അനുവാദമില്ലാതെ ഡൽഹി പൊലീസിന് രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്യാൻ അദ്ദേഹത്തിന്റെ വസതിയിൽ എത്താൻ കഴിയില്ലെന്നും മോദി ഹിറ്റ്‌ലറെ പോലെയാണ്, ഹിറ്റ്‌ലറും തുടക്ക കാലത്ത് വളരെ ജനപ്രിയനായിരുന്നുവെന്നും പിന്നീട് ജർമ്മനിയിലെ ജനങ്ങൾ അഭിമുഖീകരിച്ചത് എന്താണെന്ന് നമുക്ക് ഓർക്കാം എന്നും രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് പ്രതികരിച്ചു.


#Daily
Leave a comment