
നടനും തിരക്കഥാകൃത്തുമായ ശ്രീനിവാസൻ അന്തരിച്ചു
മലയാള സിനിമ നടനും തിരക്കഥാകൃത്തും സംവിധായകനും നിർമ്മാതാവുമായ ശ്രീനിവാസൻ അന്തരിച്ചു. 69 വയസായിരുന്നു. ഇന്ന് രാവിലെ ഡയാലിസിസ് ചെയ്യാൻ കൊണ്ടുപോകുന്നതിനിടെ ആരോഗ്യനില പെട്ടെന്ന് വഷളായതിനെ തുടർന്ന് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഏറെ നാളായി അസുഖ ബാധിതനായിരുന്നു.
1956 ഏപ്രിൽ 6ന് കണ്ണൂർ ജില്ലയിലെ തലശ്ശേരിക്കടുത്ത് പാട്യത്തിൽ ജനിച്ചു. സിനിമാബന്ധങ്ങളൊന്നുമില്ലാത്ത പശ്ചാത്തലത്തിൽ നിന്ന് ഉയർന്നുവന്ന് മലയാള സിനിമയിൽ നിർണായക സംഭാവനകൾ നൽകിയ വ്യക്തിയായിരുന്നു അദ്ദേഹം. കതിരൂർ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം മട്ടന്നൂർ പഴശിരാജ എൻഎസ്എസ് കോളേജിൽ നിന്ന് ബിരുദം നേടി. തുടർന്ന് മദ്രാസ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ചലച്ചിത്ര അഭിനയം പരിശീലനം നേടി. 1977ൽ പി എ ബക്കറുടെ മണിമുഴക്കം എന്ന ചിത്രത്തിലൂടെയാണ് സിനിമാരംഗത്തേക്ക് പ്രവേശിച്ചത്.
അഞ്ച് ദശാബ്ദം നീണ്ട സിനിമ ജീവിതത്തിൽ 225-ലേറെ ചിത്രങ്ങളിൽ അഭിനയിച്ചു. സന്മസുള്ളവർക്ക് സമാധാനം, ടി.പി. ബാലഗോപാലൻ എം.എ, ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റ്, നാടോടിക്കാറ്റ്, തലയണമന്ത്രം, ഗോളാന്തരവാർത്ത, ചമ്പക്കുളം തച്ചൻ, വരവേൽപ്, സന്ദേശം, ഉദയനാണ് താരം, മഴയെത്തും മുമ്പേ, അഴകിയ രാവണൻ, ഒരു മറവത്തൂർ കനവ്, അയാൾ കഥയെഴുതുകയാണ്, കഥ പറയുമ്പോൾ, ഞാൻ പ്രകാശൻ തുടങ്ങിയ നിരവധി ഹിറ്റ് ചിത്രങ്ങൾക്ക് തിരക്കഥ ഒരുക്കി. 1991ൽ പുറത്തിറങ്ങിയ സന്ദേശം കേരളത്തിന്റെ രാഷ്ട്രീയ–സാമൂഹിക ഇടങ്ങളിൽ ഇന്നും ചർച്ച ചെയ്യപ്പെടുന്ന ചിത്രമാണ്.
ശ്രീനിവാസൻ എഴുതി സംവിധാനം ചെയ്ത വടക്കുനോക്കിയന്ത്രം (1989) മികച്ച ചിത്രത്തിനുള്ള സംസ്ഥാന അവാർഡും, ചിന്താവിഷ്ടയായ ശ്യാമള (1998) സാമൂഹികവിഷയ ചിത്രത്തിനുള്ള ദേശീയ പുരസ്കാരവും നേടി. മഴയെത്തും മുമ്പേ (1995), സന്ദേശം (1991) എന്നീ ചിത്രങ്ങൾ മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരങ്ങൾ നേടി. പൂച്ചയ്ക്കൊരു മൂക്കുത്തിയാണ് ആദ്യ തിരക്കഥ. പ്രിയദർശൻ, സത്യൻ അന്തിക്കാട്, കമൽ എന്നിവരുമായി ചേർന്ന് ഹാസ്യത്തിന് മുൻതൂക്കം നൽകി സാമൂഹിക വിഷയങ്ങൾ അവതരിപ്പിച്ച ചിത്രങ്ങളിലൂടെ അദ്ദേഹം മലയാള സിനിമയിൽ സ്ഥാനം ഉറപ്പിച്ചു. സത്യൻ അന്തിക്കാടിന്റെ സംവിധാനത്തിൽ 2018ൽ പുറത്തിറങ്ങിയ ഞാൻ പ്രകാശൻ ആണ് അദ്ദേഹം ഒടുവിൽ തിരക്കഥ എഴുതിയ ചിത്രം.
മഴപെയ്യുന്നു മദ്ദളം കൊട്ടുന്നുവിലെ എം.എ. ധവാൻ, അരവിന്ദന്റെ ചിദംബരംത്തിലെ മുനിയാണ്ടി, നാടോടിക്കാറ്റിലെ വിജയൻ, വടക്കുനോക്കിയന്ത്രത്തിലെ തളത്തിൽ ദിനേശൻ, തേൻമാവിൻ കൊമ്പത്തിലെ മാണിക്യൻ, ഉദയനാണ് താരത്തിലെ സരോജ്കുമാർ തുടങ്ങിയ കഥാപാത്രങ്ങൾ ശ്രദ്ധേയമാണ്.
കൃഷിയോട് ഏറെ താല്പര്യം കാണിച്ചിരുന്ന ശ്രീനിവാസൻ ചെന്നൈയിലെ ജീവിതം ഉപേക്ഷിച്ച് എറണാകുളം ജില്ലയിലെ ഉദയംപേരൂരിലേക്ക് താമസം മാറ്റി. അസുഖാവസ്ഥയിലായിരുന്നിട്ടും അമ്മ (AMMA) സംഘടനയുടെ യോഗങ്ങൾ ഉൾപ്പെടെ പൊതുചടങ്ങുകളിൽ അദ്ദേഹം സാന്നിധ്യം അറിയിച്ചു.
വിമലയാണ് ഭാര്യ. വിനീത് ശ്രീനിവാസനും ധ്യാൻ ശ്രീനിവാസനും മക്കളാണ്. ഇരുവരും മലയാള സിനിമയിലെ തിരക്കഥാകൃത്തും സംവിധായകരും നടന്മാരുമാണ്. വിനീത് ഗായകൻ കൂടിയാണ്.


