
നടന്‍ ബാബുരാജ് ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ജൂനിയര്‍ ആര്‍ട്ടിസ്റ്റ്; ആരോപണം നിഷേധിച്ച് ബാബുരാജ്
ലൈംഗികമായി പീഡിപ്പിച്ചുവെന്ന ജൂനിയര്‍ ആര്‍ട്ടിസ്റ്റിന്റെ ആരോപണം നിഷേധിച്ച് ബാബുരാജ്. ആരോപണം ഉയര്‍ത്തിയ നടി ആരാണെന്നും എന്ത് അടിസ്ഥാനത്തിലാണ് ആരോപണം ഉന്നയിച്ചിരിക്കുന്നതെന്നും അറിയില്ലെന്ന് ബാബുരാജ് പ്രതികരിച്ചു. സിനിമയിലുള്ളവര്‍ക്കെതിരെ എന്തും പറയാം എന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തുന്നുവെന്നായിരുന്നു നടന്റെ പ്രതികരണം.
പരസ്യ ചിത്രത്തില്‍ അഭിനയിക്കാന്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് ഹോട്ടലില്‍ വച്ച് ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് നടന്‍ ബാബുരാജിനെതിരെ ഉയര്‍ന്നിരിക്കുന്ന ആരോപണം. നിരവധി പെണ്‍കുട്ടികളെ ബാബുരാജ് ദുരുപയോഗം ചെയ്തിട്ടുണ്ടെന്നും പലരും ഭയം കാരണമാണ് തുറന്നുപറയാത്തതെന്നും നടി വ്യക്തമാക്കി. സംവിധായകന്‍ ശ്രീകുമാര്‍ മോനോനും തന്നെ പീഡിപ്പിച്ചുവെന്ന് നടി പറഞ്ഞു. തന്റെ പേര് വെളിപ്പെടുത്താന്‍ സാധിക്കില്ലെന്നും എന്നാല്‍ അന്വേഷണ സംഘത്തിന് രഹസ്യ മൊഴി നല്‍കാന്‍ തയ്യാറാണെന്നും നടി പറഞ്ഞു.
മൂന്നാറിലെ റിസോര്‍ട്ടില്‍ വച്ച് പല പെണ്‍കുട്ടികളെയും അവരുടെ സാഹചര്യം മുതലെടുത്തുകൊണ്ട് പീഡിപ്പിച്ചുവെന്ന് നടി വ്യക്തമാക്കി. ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളായതിനാല്‍ പുറത്തുപറയില്ലെന്ന ആത്മവിശ്വാസമാണിവര്‍ക്കെന്ന് നടി പറഞ്ഞു. ലൈംഗികാതിക്രമം മാത്രമല്ല, ലഹരി ഉപയോഗവും സിനിമയില്‍ സജീവമാണെന്നും ഇവര്‍ സൂചിപ്പിച്ചു. കാസ്റ്റിങ് മാനേജര്‍മാര്‍ എന്ന പേരില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളുടെ ഫോട്ടോയും വിവരങ്ങളും നല്‍കികൊണ്ട് ഇതിന് അവസരമൊരുക്കി കൊടുക്കുന്ന സ്ത്രീകളും സിനിമയില്‍ ഉണ്ടെന്ന് നടി മാധ്യമങ്ങളോട് പ്രതികരിച്ചു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ പല തുറന്നുപറച്ചിലും നടക്കുന്നുണ്ട്, അതില്‍ നിന്നും ലഭിച്ച ധൈര്യത്തിലാണ് ഇപ്പോള്‍ ഇത് തുറന്നുപറയുന്നതെന്നും നടി വ്യക്തമാക്കി.
നയരൂപീകരണ സമിതിയില്‍ മുകേഷ്; വിമര്‍ശനം ശക്തം
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ തുടര്‍ന്ന് സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന സിനിമാ കോണ്‍ക്ലേവിന്റെ ഭാഗമായുള്ള ചലച്ചിത്ര നയരൂപീകരണ സമിതിയില്‍ ലൈംഗികാരോപണം നേരിടുന്ന മുകേഷ് അംഗമായതില്‍ വിമര്‍ശനം ശക്തം. ലൈംഗികാരോപണം നേരിടുന്നയാളെ അംഗമാക്കുന്നതില്‍ കോണ്‍ഗ്രസ് പ്രതിഷേധം അറിയിച്ചു. സംസ്ഥാന ചലച്ചിത്ര വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ ഷാജി എന്‍ കരുണാണ് സിമിതി ചെയര്‍മാന്‍. നടിമാരായ മഞ്ജു വാര്യര്‍, പത്മപ്രിയ, നിഖില വിമല്‍, എന്നിവരും സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍, ഛായാഗ്രാഹകന്‍ രാജീവ് രവി, നിര്‍മ്മാതാവ് സന്തോഷ് കുരുവിള, സി അജോയ്, സാംസ്‌കാരിക വകുപ്പ് സെക്രട്ടറി മിനി ആന്റണി എന്നിവരാണ് മറ്റ് അംഗങ്ങള്‍.