TMJ Daily
നടൻ മാമുക്കോയ അന്തരിച്ചു
26 Apr 2023 | 1 min Read
TMJ News Desk
മലയാളികളുടെ പ്രിയതാരം മാമുക്കോയ (77) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് ഉച്ചയ്ക്ക് 1 മണിയോടെയാണ് മരണം സംഭവിച്ചത്. ഹൃദയാഘാതവും തലച്ചോറിലെ രക്തസ്രാവവുമാണ് മരണ കാരണം. തിങ്കളാഴ്ച മുതൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.
ചാലിക്കണ്ടിയിൽ മുഹമ്മദിന്റെയും ഇമ്പിച്ചി ആയിശയുടെയും മകനായി 1946 ൽ കോഴിക്കോട് ജില്ലയിലെ പള്ളിക്കണ്ടിയിലാണ് മാമുക്കോയയുടെ ജനനം. ചെറുപ്പത്തിലെ മാതാപിതാക്കൾ മരിച്ചതിനാൽ ജ്യേഷ്ഠന്റെ സംരക്ഷണത്തിലാണ് വളർന്നത്. കോഴിക്കോട് എംഎം ഹൈസ്‌കൂളിൽ നിന്നും പത്താം ക്ലാസ് പഠനം പൂർത്തിയാക്കിയതിനു ശേഷം കല്ലായിയിൽ മരം അളക്കലായിരുന്നു തൊഴിൽ.
പഠനകാലത്ത് തന്നെ സ്‌കൂളിൽ നാടകങ്ങൾക്ക് നേതൃത്വം നൽകുകയും അഭിനയിക്കുകയും ചെയ്തിരുന്ന മാമുക്കോയ ജോലിയോടൊപ്പം നാടകവും ഒരുമിച്ചുകൊണ്ടുപോകാൻ ശ്രമിച്ചു.
സുഹൃത്‌വലയത്തിലൂടെയാണ് സിനിമാ ലോകത്തേക്ക് അദ്ദേഹം കടന്നുവരുന്നത്. 1979 ൽ അന്യരുടെ ഭൂമി എന്ന നിലമ്പൂർ ബാലൻ സംവിധാനം ചെയ്ത ചിത്രത്തിലൂടെയാണ് മാമുക്കോയ തന്റെ സിനിമാ ജീവിതത്തിന് തുടക്കം കുറിച്ചത്. ഹാസ്യനടൻ എന്ന രീതിയിൽ അഭിനയ രംഗത്ത് പേരെടുത്തുവെങ്കിലും പെരുമഴക്കാലം, കുരുതി, മോളി ആന്റി റോക്‌സ്, ഇന്ത്യൻ റുപ്പി തുടങ്ങിയ ചിത്രങ്ങളിലൂടെ അഭിനയത്തിന്റെ മറ്റൊരു തലം കാഴ്ച വെക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.
സത്യൻ അന്തിക്കാട്, പ്രിയദർശൻ എന്നിവരുടെ സിനിമകളിലെ സ്ഥിരം സാന്നിധ്യമായിരുന്നു. ഗാന്ധിനഗർ, സന്മനസുള്ളവർക്ക് സമാധാനം, സെക്കന്റ് സ്ട്രീറ്റ് തുടങ്ങിയ നിരവധി സിനിമകളിലൂടെ മലയാളത്തിന് ഒഴിച്ചു നിർത്താനാവത്ത ഒരഭിനേതാവായി മാമുക്കോയ വളരുകയായിരുന്നു. കീലേരി അച്ചു, കുഞ്ഞനന്ദൻ മേസ്തരി, ഇരുമ്പ് അബ്ദുള്ള തുടങ്ങിയ മാമുക്കോയ ചെയ്ത പല കഥാപാത്രങ്ങളും മലയാളി പ്രേക്ഷകർക്ക് മറക്കാൻ സാധിക്കാത്തതാണ്. ബേസിൽ ജോസഫിന്റെ ഗോദ, കുഞ്ഞിരാമായണം, മിന്നൽ മുരളി എന്നീ ചിത്രങ്ങളിൽ അദ്ദേഹം പ്രധാനപ്പെട്ട വേഷങ്ങൾ കൈകാര്യം ചെയ്തു
മലയാളത്തിന് പുറമെ അരങ്ങേട്ര വേലൈ, കാസ്, കോമ്പ്ര എന്നീ തമിഴ് ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. തീയേറ്ററുകളിൽ പ്രദർശനം തുടരുന്ന സുലൈഖ മൻസിലാണ് ഏറ്റവും ഒടുവിൽ അഭിനയിച്ച ചിത്രം
#Daily
Leave a comment