.jpg)
മിനു മുനീറിന്റെ ലൈംഗികാരോപണത്തില്‍ പ്രതികരിച്ച് നടന്‍ മണിയന്‍പിള്ള രാജു
നടി മിനു മുനീര്‍ ലൈംഗികാരോപണവുമായി രംഗത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി നടന്‍ മണിയന്‍പിള്ള രാജു. ആരോപണങ്ങളില്‍ സുതാര്യമായ അന്വേഷണം വേണമെന്നാണ് പ്രതികരണം. പണം തട്ടാന്‍ വേണ്ടിയും അവസരം കിട്ടാത്തതില്‍ ദേഷ്യമുള്ളവരും അടക്കം ആരോപണവുമായി വരുമെന്നും ആരോപണങ്ങളുടെ യഥാര്‍ത്ഥ വസ്തുതകള്‍ പുറത്തുകൊണ്ടുവരാന്‍ അന്വേഷണം വേണമെന്നും മണിയന്‍പിള്ള രാജു ആവശ്യപ്പെട്ടു.
എല്‍സമ്മ എന്ന ആണ്‍കുട്ടി എന്ന സിനിമയില്‍ മിനു മുനീറിനൊപ്പം അഭിനയിച്ചിട്ടുണ്ടെന്നും തനിക്ക് എതിരായ ആരോപണം തെറ്റാണെന്നും ഞാന്‍ തെറ്റുകാരന്‍ ആണെങ്കില്‍ എന്നെയും ശിക്ഷിക്കണമെന്നും
മണിയന്‍ പിള്ള രാജു പ്രതികരിച്ചു. എല്ലാ ആരോപണങ്ങളും സര്‍ക്കാര്‍ അന്വേഷിക്കട്ടെയെന്നും വഴിവിട്ട രീതിയില്‍ അമ്മയില്‍ അംഗത്വം എടുക്കാന്‍ സാധിക്കില്ലെന്നും നടന്‍ പറഞ്ഞു.
വെളിപ്പെടുത്തല്‍ മുകേഷിന്റെ പ്രതികരണത്തെ തുടര്‍ന്ന്
നടന്മാരായ മുകേഷിനും ജയസൂര്യയ്ക്കും ഇടവേള ബാബുവിനുമെതിരെ നടി മിനു മുനീര്‍ ആരോപണമുന്നയിച്ചിരുന്നു. മണിയന്‍പിള്ള രാജുവും ഇടവേള ബാബുവും ലൈംഗിക ചുവയോടെ സംസാരിച്ചു. മണിയന്‍പിള്ള രാജുവില്‍ നിന്നുണ്ടായ മോശം അനുഭവത്തെപ്പറ്റി അന്നുതന്നെ ഒപ്പമുണ്ടായിരുന്ന നടി ഗായത്രി വര്‍ഷയോട് വെളിപ്പെടുത്തിയിരുന്നെന്നും മിനു മുനീര്‍ പറഞ്ഞു. വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന സംഭവമാണ്. അന്നും പ്രതികരിച്ചെങ്കിലും നടപടിയുണ്ടായില്ല. ഇപ്പോള്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നത് അറിഞ്ഞെന്നും രാഷ്ട്രീയ പ്രേരിതമാണ് ആരോപണങ്ങളെന്ന മുകേഷിന്റെ പ്രതികരണത്തെ തുടര്‍ന്നാണ് ഇപ്പോള്‍ ഇക്കാര്യങ്ങള്‍ പറയുന്നതെന്നും മിനു മുനീര്‍ പറഞ്ഞു.