
നടിയെ അധിക്ഷേപിച്ച കേസ്; ബോബി ചെമ്മണ്ണൂരിനെതിരെ കുറ്റപത്രം
ചെമ്മണ്ണൂര്‍ ജുവലേഴ്‌സ് ഉടമ ബോബി ചെമ്മണ്ണൂര്‍ നടിയെ അധിക്ഷേപിച്ച കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. നടിയെ ആക്രമിക്കുകയെന്ന ലക്ഷ്യത്തോടെ ബോബി നിരന്തരം ദ്വയാര്‍ഥ പ്രയോഗങ്ങള്‍ നടത്തിയെന്ന് എറണാകുളം മജിസ്‌ട്രേറ്റ് കോടതിയില്‍ കൊച്ചി സെന്‍ട്രല്‍ പൊലീസ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു.
ബോബിയുടെ കട ഉദ്ഘാടനം ചെയ്യാനെത്തിയ നടിയെ അധിക്ഷേപിച്ച കേസിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ഇതുമായി ബന്ധപ്പെട്ട് നടി ബോബിക്കെതിരെ ലൈംഗികാധിക്ഷേപ പരാതി നല്‍കിയിരുന്നു. ലൈംഗികാധിക്ഷേപത്തിനൊപ്പം നടിയെ പിന്തുടര്‍ന്ന് ശല്യം ചെയ്തതിനും കുറ്റം ചുമത്തിയിട്ടുണ്ട്.
ഇതേതുടര്‍ന്ന് രജിസ്റ്റര്‍ ചെയ്ത കേസില്‍ ബോബി അറസ്റ്റിലാകുകയും കാക്കനാട് ജയിലില്‍ അടയ്ക്കുകയും ചെയ്തു. പിന്നീട് ബോബിക്ക് ഹൈക്കോടതിയില്‍ നിന്നും ജാമ്യം ലഭിച്ചു. പിന്നീട് പരസ്യമായി നടിയോട് മാപ്പ് ചോദിക്കുകയും ചെയ്തിരുന്നു.
ബോബി നടിക്കെതിരെ കൂടാതെ മറ്റ് പലര്‍ക്കുമെതിരെ സാമൂഹ്യ മാധ്യമങ്ങളിലൂടെ നടത്തിയ ലൈംഗികാധിക്ഷേപത്തിന്റെ തെളിവുകള്‍ അന്വേഷണ സംഘം ശേഖരിച്ച് കുറ്റപത്രത്തിനൊപ്പം തെളിവായി സമര്‍പ്പിച്ചു.
അഭിമുഖങ്ങളുടെ വീഡിയോ ക്ലിപ്പുകളും നടിയുടെ രഹസ്യമൊഴിയും സാക്ഷി മൊഴികളും തെളിവായി സമര്‍പ്പിച്ചിട്ടുണ്ട്.


