TMJ
searchnav-menu
post-thumbnail

PHOTO: WIKI COMMONS

TMJ Daily

നടിയെ ആക്രമിച്ച കേസ്: ദിലീപിന് തിരിച്ചടി; വാദം മാറ്റില്ലെന്ന് കോടതി 

21 Aug 2023   |   2 min Read
TMJ News Desk

ടിയെ ആക്രമിച്ച കേസില്‍ മെമ്മറി കാര്‍ഡ് ചോര്‍ന്നതുമായി ബന്ധപ്പെട്ട് അതിജീവിത നല്‍കിയ ഹര്‍ജിയില്‍ വാദം മാറ്റിവയ്ക്കണമെന്ന ദിലീപിന്റെ ആവശ്യം ഹൈക്കോടതി തള്ളി. ദിലീപിന്റെ ഉപഹര്‍ജി അംഗീകരിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി.

സംഭവത്തില്‍ അന്വേഷണം വേണമെന്ന ആവശ്യത്തില്‍ ദിലീപിന് മാത്രമാണല്ലോ പരാതിയുള്ളതെന്നും വേറെ ആര്‍ക്കും പരാതിയില്ലല്ലോ എന്നും കോടതി ചോദിച്ചു. ലൈംഗിക അതിക്രമക്കേസുകളിലെ തെളിവുകള്‍ സുരക്ഷിതമായി സൂക്ഷിക്കുന്നതില്‍ മാര്‍ഗനിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനും കോടതി നിര്‍ദേശിച്ചു. ഇതിനായി അമിക്കസ് ക്യൂറിയെയും നിയമിച്ചു.

അതിജീവിതയുടെ ആവശ്യം ന്യായം

മെമ്മറി കാര്‍ഡ് ചോര്‍ന്നതില്‍ അന്വേഷണം വേണമെന്ന അതിജീവിതയുടെ ആവശ്യം ന്യായമാണെന്ന് പ്രോസിക്യൂഷന്‍ പറഞ്ഞു. കേസില്‍ കോടതിയെ സഹായിക്കുന്നതിന് അഡ്വ. രഞ്ജിത് മാരാരെ അമിക്കസ് ക്യൂറിയായി നിയോഗിച്ചു.

മെമ്മറി കാര്‍ഡ് ചോര്‍ത്തി എന്നാരോപിക്കുന്ന അതിജീവിതയുടെയും പ്രോസിക്യൂഷന്റെയും ലക്ഷ്യം വിചാരണക്കോടതി വിധി വൈകിപ്പിക്കുകയാണെന്നായിരുന്നു ദിലീപിന്റെ വാദം. മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ ചോര്‍ന്നു എന്നത് ആരോപണം മാത്രമാണ്. ഇതുമായി ബന്ധപ്പെട്ട് ഫോറന്‍സിക് ലാബിലെ രണ്ട് സാക്ഷികളുടെ വിസ്താരം നടക്കാനുണ്ട്. അതുകൊണ്ടുതന്നെ ഹൈക്കോടതിയിലെ ഹര്‍ജിയില്‍ വാദം തുടരുന്നത് വിചാരണയെ ബാധിക്കും. അതിജീവിതയുടെ ഹര്‍ജിയില്‍ ഹൈക്കോടതിയിലെ വാദം മാറ്റിവയ്‌ക്കേണ്ടതിന്റെ കാരണം മുദ്രവച്ച കവറില്‍ ഹാജരാക്കാമെന്നും ദിലീപ് വ്യക്തമാക്കി.

എന്നാല്‍ വിചാരണ വൈകിപ്പിക്കുകയാണ് തന്റെ ലക്ഷ്യമെന്ന ദിലീപിന്റെ വാദം ദുരാരോപണമാണെന്ന് അതിജീവിത വ്യക്തമാക്കി. ഇര എന്ന നിലയില്‍ തന്റെ മൗലികാവകാശം സംരക്ഷിക്കപ്പെടണമെന്നും വിചാരണ പൂര്‍ത്തിയാക്കാനുള്ള സമയം സുപ്രീംകോടതി വരുന്ന മാര്‍ച്ച് വരെ നീട്ടി നല്‍കിയിട്ടുണ്ടെന്നും അവര്‍ കോടതിയെ ബോധിപ്പിച്ചു. മെമ്മറി കാര്‍ഡ് ചോര്‍ന്നതില്‍ കോടതി സ്വമേധയാ ഇടപെടണമെന്ന് അതിജീവിത ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. മെമ്മറി കാര്‍ഡ് ആരോ മനഃപൂര്‍വം പരിശോധിച്ചിട്ടുണ്ട്. അതില്‍ നടപടി ഉണ്ടാകണം. സമൂഹമാധ്യമ അക്കൗണ്ടുകളുള്ള മൊബൈല്‍ ഫോണില്‍ മെമ്മറി കാര്‍ഡ് ഇട്ടിട്ടുണ്ടെന്നും ശാസ്ത്രീയമായ അന്വേഷണം വേണമെന്നും അവര്‍ ആവശ്യപ്പെട്ടിരുന്നു.

അങ്കമാലി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെയും ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെയും കസ്റ്റഡിയിലിരിക്കെ 2018 ജനുവരി ഒമ്പതിനും ഡിസംബര്‍ 13 നും രാത്രിയില്‍ മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ പരിശോധിച്ചതായാണ് ഹര്‍ജിയില്‍ പറയുന്നത്.

2017 ഫെബ്രുവരി 17-ന് മലയാള സിനിമയിലെ ഒരു പ്രമുഖ സിനിമാനടി വാഹനത്തിനുള്ളില്‍ പീഡിപ്പിക്കപ്പെട്ട കേസില്‍, ഗൂഢാലോചനയുമായി ബന്ധപ്പെട്ട് ജൂലൈ 10-ന് പോലീസ് ദിലീപിനെ അറസ്റ്റ് ചെയ്തത്. പിന്നീട് നാലുതവണ ജാമ്യത്തിന് അപേക്ഷിച്ചെങ്കിലും അപ്പോഴെല്ലാം തള്ളിപ്പോവുകയായിരുന്നു. പിന്നീട് സോപാധിക ജാമ്യം നേടുകയായിരുന്നു.


#Daily
Leave a comment