
നടിയെ ആക്രമിച്ച കേസ്: വിചാരണ കോടതി ഉത്തരവിനെതിരെ അപ്പീൽ നൽകാൻ അനുമതി
നടിയെ ആക്രമിച്ച കേസിലെ വിചാരണ കോടതി വിധിക്കെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകാൻ സംസ്ഥാന സർക്കാർ ഉത്തരവിട്ടു. ഡിജിപിയുടെയും സ്പെഷ്യൽ പ്രോസിക്യൂട്ടറുടെയും ശുപാർശകൾ അംഗീകരിച്ചാണ് സർക്കാർ ഇന്നലെ അപ്പീൽ നടപടികൾക്ക് അനുമതി നൽകിയത്. കേസിലെ നിർണായകമായ ഡിജിറ്റൽ തെളിവുകൾ നിസ്സാര കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് സെഷൻസ് കോടതി തള്ളിയതെന്ന് ഡിജിപിയും സ്പെഷ്യൽ പ്രോസിക്യൂട്ടറും ശുപാർശയിൽ പറയുന്നു.
എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി എട്ടാം പ്രതി ദിലീപ് ഉൾപ്പെടെ നാല് പേരെ കുറ്റവിമുക്തരാക്കിയ നടപടിയെ ചോദ്യം ചെയ്താണ് സർക്കാർ അപ്പീൽ നൽകുന്നത്. ഗൂഢാലോചന കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന കാരണത്താലാണ് ദിലീപിനെ വിചാരണ കോടതി വെറുതെ വിട്ടത്. എന്നാൽ ഗൂഢാലോചനയുമായി ബന്ധപ്പെട്ട ശക്തമായ തെളിവുകൾ തങ്ങളുടെ പക്കലുണ്ടെന്നും, വിധിയിലെ സാങ്കേതികവും നിയമപരവുമായ പിഴവുകൾ ഹൈക്കോടതിയിൽ ചൂണ്ടിക്കാട്ടുമെന്നും അന്വേഷണ സംഘവും പ്രോസിക്യൂഷനും വ്യക്തമാക്കി.
മുഖ്യമന്ത്രി പിണറായി വിജയനും അതിജീവിതയും നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് സർക്കാർ നടപടി വേഗത്തിലാക്കിയത്. ക്രിസ്മസ് അവധിക്ക് ശേഷം ഹൈക്കോടതി തുറക്കുമ്പോൾ സർക്കാർ അപ്പീൽ ഫയൽ ചെയ്യും.
അതേസമയം, കേസിലെ അതിജീവിതയ്‌ക്കെതിരെ രണ്ടാം പ്രതി മാർട്ടിൻ പങ്കുവച്ച വീഡിയോ പ്രചരിപ്പിച്ച സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിലായി. എറണാകുളം, ആലപ്പുഴ, തൃശൂർ സ്വദേശികളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. നൂറോളം വെബ്‌സൈറ്റുകളിൽ നിന്ന് വീഡിയോ നീക്കം ചെയ്യാൻ പൊലീസ് നിർദേശം നൽകിയിട്ടുണ്ട്. ജില്ലാ ക്രൈം ബ്രാഞ്ച് കേസന്വേഷണം തുടരുകയാണ്. പ്രതികൾക്കെതിരെ ഐടി ആക്ട് പ്രകാരം ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.


