നടിയെ ആക്രമിച്ച കേസ്: സർക്കാർ അപ്പീൽ നൽകും
നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപ് അടങ്ങുന്ന ഏഴ് മുതൽ പത്ത് വരെയുള്ള പ്രതികളെ വെറുതെ വിട്ട കേസിൽ അപ്പീൽ നൽകുമെന്ന് നിയമമന്ത്രി പി രാജീവ്. വിധിപകർപ്പ് പഠിച്ച് അപ്പീൽ നൽകാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചതായി മന്ത്രി പറഞ്ഞു. അതിജീവിതയ്ക്ക് നീതി ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
“പ്രതീക്ഷിച്ച വിധിയല്ല വന്നത്, ശക്തമായ നിലപാടാണ് കേസിൽ സർക്കാർ സ്വീകരിച്ചത്. വളരെ ശക്തമായ അന്വേഷണമാണ് പോലീസ് നടത്തിയത്. ശരിയായ രീതിയിൽ അന്വേഷണം നടത്തിയെന്ന് തന്നെയാണ് കണക്കാക്കുന്നത്. പ്രോസിക്യൂഷനും നല്ല രീതിയിൽ പ്രവർത്തിച്ചു. സുപ്രീം കോടതിയിൽ ഉൾപ്പെടെ സീനിയർ അഭിഭാഷകരെ നിയമിച്ചാണ് കേസ് നടത്തിയത്. കുറ്റം തെളിയിക്കപ്പെട്ടു എന്നത് നല്ല കാര്യം, എങ്കിലും ഗൂഢാലോചനയുമായി ബന്ധപ്പെട്ട കാര്യങ്ങൾ പൂർണ്ണമായുള്ള വിധിപകർപ്പ് വായിച്ചാലെ മനസിലാവുകയുള്ളൂ. 1512 പേജുള്ള ആർഗ്യുമെന്റ് നോട്ടും കോടതിയിൽ പ്രോസിക്യൂഷൻ സമർപ്പിച്ചു. എന്നാൽ അതിനനുസരിച്ചുള്ള വിധിയല്ല വന്നിട്ടുള്ളത്. മുഖ്യമന്ത്രിയുമായി ഞാൻ സംസാരിച്ചിരുന്നു, അപ്പീൽ പോകണം എന്നാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്,” പി രാജീവ് പറഞ്ഞു.


