TMJ
searchnav-menu
post-thumbnail

TMJ Daily

നടിയെ ആക്രമിച്ച കേസ്; ആറ് പ്രതികൾക്കും 20 വർഷം കഠിന തടവ്

12 Dec 2025   |   1 min Read
TMJ News Desk

ടിയെ ആക്രമിച്ച കേസിൽ ഒന്നാം പ്രതി പൾസർ സുനിയടക്കം ആറ് പേർക്കും 20 വർഷത്തെ കഠിന തടവും, 50000 രൂപ പിഴയും. കേസിൽ പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം കോടതി നിരാകരിച്ചു. കേസിലെ ദൃശ്യങ്ങളടങ്ങിയ പെൻഡ്രൈവ് അന്വേഷണ ഉദ്യോഗസ്ഥൻ സൂക്ഷിക്കണമെന്നും കോടതി. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി ഹണി എം വർഗീസാണ് വിധി പ്രസ്താവിച്ചത്.

തെളിവുകൾ മാത്രം ആധാരമാക്കിയാണ് വിധി എന്നും, സമൂഹത്തിലെ ചർച്ചകൾ വിചാരണയെ സ്വാധീനിച്ചിട്ടില്ല എന്നും ജഡ്ജി വ്യക്തമാക്കി. പിഴത്തുക അതിജീവിതയ്ക്ക് നൽകണമെന്നും കോടതി പറഞ്ഞു.

ഇളവില്ലാത്ത ജീവപര്യന്തം കഠിന തടവിനായാണ് പ്രോസിക്യൂഷൻ വാദിച്ചത്. എന്നാൽ ഐപിസി 376 ഡി പ്രകാരമുള്ള മിനിമം ശിക്ഷയാണ് കോടതി വിധിച്ചത്.

ഒന്നാം പ്രതി പൾസർ സുനി, രണ്ടാം പ്രതി മാർട്ടിൻ ആന്റണി, മൂന്നാം പ്രതി ബി മണികണ്ഠൻ, നാലാം പ്രതി വി പി വിജീഷ്, അഞ്ചാം പ്രതി എച്ച് സലീം, ആറാം പ്രതി പ്രദീപ് എന്നിവർക്കെതിരേയാണ് കോടതി ശിക്ഷാവിധി പ്രസ്താവിച്ചത്. പ്രതികൾ ആറ് പേർക്കും തുല്യപങ്കാണ് കുറ്റകൃത്യത്തിൽ ഉള്ളതെന്ന് നിരീക്ഷിച്ച കോടതി ആറ് പേർക്കും ഒരേ ശിക്ഷ നൽകുകയായിരുന്നു.

പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ള കൂട്ടബലാത്സംഗം (ഐപിസി 376 ഡി), ബലാത്സംഗം ലക്ഷ്യമിട്ട് തട്ടിക്കൊണ്ടുപോവൽ(ഐപിസി 366), ക്രിമിനൽ ഗൂഢാലോചന(ഐപിസി 120 ബി) തുടങ്ങിയ കുറ്റങ്ങൾ തെളിഞ്ഞിരുന്നു.

ഇത്രയും നാൾ അനുഭവിച്ച തടവ് കുറച്ചുള്ള കാലമാവും പ്രതികൾ ഇനി ജയിൽ ശിക്ഷ അനുഭവിക്കുക. പൾസർ സുനി, മാർട്ടിൻ ആന്റണി എന്നിവർ ഏഴ് വർഷവും, മണികണ്ഠൻ, വിജീഷ് എന്നിവർ മൂന്നര വർഷവും, പ്രദീപ്, സലീം എന്നിവർ രണ്ട് വർഷവും വിചാരണ കാലയളവിൽ തടവിൽ കഴിഞ്ഞിട്ടുണ്ട്.

കേസിൽ ദിലീപ് അടക്കമുള്ള ഏഴ് മുതൽ പത്ത് വരെയുള്ള പ്രതികളെ കോടതി വെറുതെ വിട്ടിരുന്നു.


#Daily
Leave a comment