
തമിഴ് ചലച്ചിത്ര മേഖലയിലും ലൈംഗികാതിക്രമങ്ങള്‍ നടക്കുന്നുണ്ടെന്ന് നടി കുട്ടി പത്മിനി
തമിഴ് ടെലിവിഷന്‍ വ്യവസായത്തില്‍ വ്യാപകമായ ലൈംഗികാതിക്രമങ്ങള്‍ നടക്കുന്നുണ്ടെന്ന് തമിഴ് നടിയും ടെലിവിഷന്‍ സീരിയല്‍ നിര്‍മ്മാതാവുമായ കുട്ടി പത്മിനി. ഇത്തരം ചൂഷണങ്ങള്‍ നേരിട്ടതിനെ തുടര്‍ന്ന് ഇന്‍ഡസ്ട്രിയിലെ നിരവധി സ്ത്രീകള്‍ ആത്മഹത്യ ചെയ്തിട്ടുണ്ടെന്നും നടി പറഞ്ഞു. ലൈംഗികാതിക്രമ ആരോപണം ഉന്നയിച്ച ഗായിക ചിന്മയിക്കും നടന്‍ ശ്രീ റെഡ്ഡിക്കും തമിഴ് സിനിമാ വ്യവസായം വിലക്ക് ഏര്‍പ്പെടുത്തിയെന്നും അതില്‍ ആശങ്കയുണ്ടെന്നും കുട്ടി പത്മിനി പ്രതികരിച്ചു. 'ഡോക്ടര്‍മാര്‍, അഭിഭാഷകര്‍, ഐടി വ്യക്തികള്‍ എന്നിവര്‍ ചെയ്യുന്നത് പോലെ ഒരു തൊഴിലാണ് ഇവിടെയും ചെയ്യുന്നത്, എന്നാല്‍ എന്തുകൊണ്ടാണ് സിനിമാ മേഖല മാത്രം ഒരു മാംസക്കച്ചവടമാകുന്നത് ഇത് വളരെ തെറ്റാണ്' നടി പ്രതികരിച്ചു.
സംവിധായകരും സാങ്കേതിക വിദഗ്ധരും ടിവി സീരിയലുകളിലെ വനിതാ ആര്‍ട്ടിസ്റ്റുകളോട് സഹകരിക്കാന്‍ ആവശ്യപ്പെടുന്നുവെന്നും ലൈംഗിക പീഡനം തെളിയിക്കാന്‍ കഴിയാത്തതിനാല്‍ പല സ്ത്രീകളും പരാതിപ്പെടുന്നില്ലെന്നും നടി പറഞ്ഞു. തമിഴ് സിനിമയിലെ ലൈംഗിക പീഡന ആരോപണങ്ങളെക്കുറിച്ചുള്ള അന്വേഷണത്തില്‍ ഒരു പുരോഗതിയും ഉണ്ടായിട്ടില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ബാലതാരമായിരിക്കെ തന്നെ ലൈംഗികമായി ഉപദ്രവിച്ചിട്ടുണ്ടെന്നും തന്റെ അമ്മ വിഷയം ഉന്നയിച്ചപ്പോള്‍ ഒരു ഹിന്ദി സിനിമയില്‍ നിന്നും പുറത്താക്കിയെന്നും കുട്ടി പത്മിനി പറഞ്ഞു.
നടന്‍ ജയസൂര്യക്കെതിരെ വീണ്ടും പരാതി
നടന്‍ ജയസൂര്യക്കെതിരെ വീണ്ടും ലൈംഗികാതിക്രമ പരാതി. പൊലീസ് കേസെടുത്തു. തിരുവനന്തപുരം സ്വദേശിയായ നടിയാണ് പരാതി നല്‍കിയത്. ഷൂട്ടിങ് ലൊക്കേഷനില്‍ വച്ച് ലൈംഗികാതിക്രമം നേരിട്ടുവെന്നാണ് പരാതിയില്‍ പറയുന്നത്. കരമന പൊലീസ് സ്റ്റേഷനില്‍ ലഭിച്ച പരാതി തൊടുപുഴ പൊലീസിന് കൈമാറുകയായിരുന്നു. കൊച്ചി സ്വദേശിനിയായ നടിയുടെ പരാതിയില്‍ തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് ജമ്യമില്ലാ വകുപ്പ് പ്രകാരം ജയസൂര്യക്കെതിരെ കേസെടുത്തിരുന്നു.


