
മലയാള സിനിമയിലെ പ്രമുഖ നടന്മാര്‍ക്കും സാങ്കേതിക പ്രവര്‍ത്തകര്‍ക്കുമെതിരെ ആരോപണവുമായി നടി മിനു മുനീര്‍
പ്രമുഖ അഭിനേതാക്കളായ മുകേഷ്, ജയസൂര്യ, മണിയന്‍പിള്ള രാജു, ഇടവേള ബാബു എന്നിവര്‍ക്കെതിരെയും പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാരായ നോബിള്‍, വിച്ചു എന്നിവര്‍ക്കെതിരെയും ലൈംഗികാരോപണവുമായി നടി മിനു മുനീര്‍. ഫിസിക്കല്‍, വെര്‍ബല്‍ അബ്യൂസിങ് നടന്മാരില്‍ നിന്നും നേരിട്ടുവെന്നാണ് നടിയുടെ വെളിപ്പെടുത്തല്‍. ഫേസ് ബുക്കില്‍ പങ്കുവച്ച കുറിപ്പിലാണ് പേര് വിവരങ്ങള്‍ വ്യക്തമാക്കുന്നത്.
2008 ല്‍ പുറത്തിറങ്ങിയ ചിത്രത്തിന്റെ സെറ്റില്‍ വച്ചാണ് ജയസൂര്യയില്‍ നിന്നും ദുരനുഭവം ഉണ്ടായതെന്നാണ് നടി പറയുന്നത്. തുറന്നുപറയാന്‍ തനിക്ക് ഭയമായിരുന്നെന്നും ഇനിയെങ്കിലും വരുന്ന പെണ്‍കുട്ടികള്‍ സുരക്ഷിതരായിരിക്കണം എന്നതുകൊണ്ടാണ് ഇപ്പോള്‍ തുറന്നുപറയുന്നതെന്നും നടി പറഞ്ഞു.
നടന്‍ മുകേഷ് ഫോണില്‍ വിളിച്ച് മോശമായി പെരുമാറിയെന്നാണ് നടി ഉന്നയിക്കുന്ന ആരോപണം. മണിയന്‍ പിള്ള രാജുവും മോശമായി സംസാരിച്ചെന്നും ആരോപിച്ചു. പ്രൊഡക്ഷന്‍ കണ്‍ട്രോള്‍ നോബിള്‍, വിച്ചു എന്നിവരുടെ ഭാഗത്ത് നിന്നും മോശം പെരുമാറ്റം ഉണ്ടായതായി നടി പ്രതികരിച്ചു. 2013 ല്‍ ഒരു ചിത്രത്തില്‍ അഭിനയിക്കവെയാണ് ഇവരില്‍ നിന്നും ശാരീരികവും മാനസികവുമായ പീഡനം നേരിട്ടതെന്ന് നടി വ്യക്തമാക്കി. അഭിഭാഷകന്‍ ചന്ദ്രശേഖരനെതിരെയും ആരോപണം ഉയര്‍ത്തിയിട്ടുണ്ട്. ജോലിയില്‍ തുടരാന്‍ ശ്രമിച്ചെങ്കിലും സാഹചര്യം മോശമായതോടെ മലയാള സിനിമ തന്നെ ഉപേക്ഷിക്കേണ്ടി വന്നെന്നും കുറിപ്പില്‍ വ്യക്തമാക്കുന്നു. തനിക്ക് നീതി ലഭിക്കണമെന്ന ആവശ്യവും നടി ഉന്നയിച്ചിട്ടുണ്ട്.
പ്രത്യേക അന്വേഷണ സംഘത്തിന്റെ യോഗം നാളെ
മലയാള സിനിമാ മേഖലയില്‍ സ്ത്രീകള്‍ക്കെതിരെ നടക്കുന്ന ലൈംഗിക ചൂഷണങ്ങള്‍ അന്വേഷിക്കാന്‍ രൂപീകരിച്ച പ്രത്യേക സംഘം നാളെ യോഗം ചേരുമെന്നാണ് റിപ്പോര്‍ട്ട്. ലൈംഗികാരോപണത്തെ തുടര്‍ന്ന് സിദ്ദിഖ് രാജിവച്ചതിന് പിന്നാലെ അമ്മ സംഘടന എക്‌സിക്യൂട്ടീവ് യോഗം നാളെ ചേരുമെന്നാണ് റിപ്പോര്‍ട്ട്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ തുടര്‍ന്ന് സര്‍ക്കാര്‍ ആസൂത്രണം ചെയ്യുന്ന സിനിമാ കോണ്‍ക്ലേവ് നവംബര്‍ 23 ന് നടക്കുമെന്നാണ് റിപ്പോര്‍ട്ട്.