
സംവിധായകന്‍ രഞ്ജിത്തിനെതിരെ പൊലീസില്‍ പരാതി നല്‍കി നടി ശ്രീലേഖ മിത്ര
സംവിധായകന്‍ രഞ്ജിത്തിനെതിരെ പൊലീസില്‍ പരാതി നല്‍കി ബംഗാളി നടി ശ്രീലേഖ മിത്ര. ലൈംഗിക താല്‍പര്യത്തോടെ ശരീരത്തില്‍ സ്പര്‍ശിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. കൊച്ചി പൊലീസ് കമ്മീഷ്ണര്‍ക്കാണ് പരാതി നല്‍കിയിരിക്കുന്നത്. ലൈംഗികാരോപണത്തെ തുടര്‍ന്ന് ചലച്ചിത്ര അക്കാദമി അധ്യക്ഷ സ്ഥാനത്ത് നിന്നും രഞ്ജിത്ത് രാജിവച്ചതിന് പിന്നാലെയാണ് നടി പരാതി നല്‍കിയിരിക്കുന്നത്.
അതിക്രമം ഉണ്ടായത് കൊച്ചി കടവന്ത്രയിലെ ഫ്‌ലാറ്റില്‍ വച്ചാണെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. ശ്രീലേഖ മിത്രയ്‌ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് രഞ്ജിത്ത് പറഞ്ഞതിന് പിന്നാലെയാണ് നടി പരാതി നല്‍കിയിരിക്കുന്നത്. ക്രിമിനല്‍ നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. ഈ ദുരനുഭവം തിരക്കഥാകൃത്ത് ജോഷി ജോസഫിനെ അറിയിച്ചിരുന്നെന്നും പരാതിയില്‍ പറയുന്നു. പാലേരി മാണിക്യം എന്ന ചിത്രവുമായി ബന്ധപ്പെട്ടുണ്ടായ കൂടിക്കാഴ്ചയ്ക്കിടെ രഞ്ജിത്ത് ലൈംഗിക താല്‍പര്യത്തോടെ ശരീരത്തില്‍ സ്പര്‍ശിച്ചുവെന്നായിരുന്നു നടിയുടെ വെളിപ്പെടുത്തല്‍. ഇതേ തുടര്‍ന്നാണ് ചലച്ചിത്ര അക്കാദമി അധ്യക്ഷ പദവിയില്‍ നിന്നും രഞ്ജിത്ത് രാജിവയ്ക്കുന്നത്.
അമ്മയ്ക്ക് വീഴ്ച സംഭവിച്ചുവെന്ന് പൃഥ്വിരാജ്
പരാതികള്‍ കൈകാര്യം ചെയ്തതില്‍ അമ്മയ്ക്ക് വീഴ്ച സംഭവിച്ചുവെന്ന് നടന്‍ പൃഥ്വിരാജ് പ്രതികരിച്ചു. ശക്തമായ ഇടപെടലുകള്‍ ഉണ്ടാകണമെന്നും വ്യക്തമാക്കി. ഉയര്‍ന്നുവരുന്ന ആരോപണങ്ങളില്‍ പഴുതടച്ചുള്ള അന്വേഷണവും മാതൃകാപരമായ ശിക്ഷാ നടപടികളും ഉണ്ടാകണമെന്ന് നടന്‍ പ്രതികരിച്ചു. ആരോപണം തെറ്റാണെന്ന് തെളിഞ്ഞാല്‍ അവര്‍ക്കെതിരെയും നടപടിയുണ്ടാകണമെന്ന് നടന്‍ പറഞ്ഞു. പവര്‍ ഗ്രൂപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ തന്നെ ബാധിച്ചിട്ടില്ലെന്നും എന്നാല്‍ അത് സിനിമയില്‍ പവര്‍ ഗ്രൂപ്പില്ലെന്ന് അര്‍ത്ഥമാക്കുന്നില്ലെന്നും മാധ്യമങ്ങളോട് പറഞ്ഞു.