യാഥാര്‍ത്ഥ്യമായി തലശ്ശേരി - മാഹി ബൈപാസ്
ചടങ്ങിനോടനുബന്ധിച്ച് വിദ്യാര്‍ത്ഥികളുടെ കലാപരിപാടികളും സംഘടിപ്പിച്ചിരുന്നു. ഉദ്ഘാടനത്തിന് മുന്നോടിയായി വ്യാഴാഴ്ച വൈകിട്ട് ട്രയല്‍ റണ്ണിനായി പാത തുറന്നുനല്‍കിയിരുന്നു. ദേശീയപാത വികസനത്തിന്റെ ഭാഗമായ മലബാറിലെ ആദ്യ ആറുവരിപ്പാതയാണ് ഇതോടെ യാഥാര്‍ത്ഥ്യമായത്.
ഉദ്ഘാടനത്തിനുശേഷം മന്ത്രി മുഹമ്മദ് റിയാസ്, സ്പീക്കര്‍ എ.എന്‍. ഷംസീര്‍ എന്നിവരുടെ നേതൃത്വത്തില്‍ ആറുവരി പാതയിലൂടെ ഡബിള്‍ ഡക്കര്‍ ബസില്‍ യാത്ര നടത്തി. ഉദ്ഘാടനത്തിന്
മുന്‍പുതന്നെ ബിജെപിയുടെ നേതൃത്വത്തില്‍ ബൈപ്പാസിലൂടെ യാത്ര സംഘടിപ്പിച്ചിരുന്നു.
കണ്ണൂര്‍ ജില്ലയിലെ മുഴപ്പിലങ്ങാട്ടുനിന്ന് കോഴിക്കോട് ജില്ലയിലെ അഴിയൂര്‍ വരെ നീളുന്നതാണ് പുതിയ ബൈപാസ്. ഒരു മേല്‍പ്പാലം, ഒരു റെയില്‍വേ ഓവര്‍ ബ്രിഡ്ജ്, 21 അണ്ടര്‍ പാസുകള്‍,
ഒരു ടോള്‍ പ്ലാസ എന്നിവ ഉള്‍പ്പെടുന്നതാണ് തലശേരി - മാഹി ബൈപാസ്. ഇനി മാഹി, തലശ്ശേരി നഗരങ്ങളിലെ ഗതാഗതക്കുരുക്കില്‍പ്പെടാതെ കോഴിക്കോട്ടേക്കും കണ്ണൂരിലേക്കും യാത്ര ചെയ്യാം. മുഴപ്പിലങ്ങാട് നിന്ന് ധര്‍മടം, എരഞ്ഞോളി, തലശ്ശേരി, കോടിയേരി, മാഹി വഴിയാണ് റോഡ് അഴിയൂരില്‍ എത്തിച്ചേരുന്നത്. ഇത്രയും ദൂരം 20 മിനിറ്റിനകം എത്താമെന്നതാണ് പ്രത്യേകത.
തലശേരി, മാഹി ടൗണുകളില്‍ റോഡ് വികസനം അസാധ്യമായ സാഹചര്യത്തില്‍ 1973 ലാണ് ബൈപ്പാസിനുള്ള നിര്‍ദേശം ആദ്യമായി ഉയര്‍ന്നത്. 1977 ല്‍ സ്ഥലം കണ്ടെത്തി ബൈപാസ് അലൈന്‍മെന്റിന് 1984 ലാണ് അംഗീകാരം ലഭിക്കുകയും ചെയ്തത്. സ്ഥലമെടുപ്പ് പൂര്‍ത്തിയാക്കാന്‍ 34 വര്‍ഷം വേണ്ടിവന്നു. 51 വര്‍ഷത്തിനുശേഷമാണ് പദ്ധതി നടപ്പിലായിരിക്കുന്നത്. 1543 കോടി രൂപ ചിലവിലാണ് 18.6 കിലോമീറ്റര്‍ ബൈപാസ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. ബൈപാസ് തുറന്നതോടെ തലശ്ശേരി, മാഹി ടൗണുകളിലെ ഗതാഗതക്കുരുക്കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഉദ്ഘാടനത്തിന് മുന്‍പേ ടോള്‍ പിരിവ്
ഉദ്ഘാടനത്തിന് മുന്‍പേ തലശേരി - മാഹി ബൈപാസില്‍ ദേശീയപാത അതോറിറ്റി ടോള്‍ പിരിവ് തുടങ്ങിയിരുന്നു. കാറിനും ജീപ്പിനും ഒരു ഭാഗത്തേക്ക് 65 രൂപയും റിട്ടേണ്‍ നിരക്ക് 100 രൂപയുമാണ്. ബസിനും ട്രക്കിനും ഒരു ഭാഗത്തേക്ക് 225 രൂപയും റിട്ടേണ്‍ നിരക്ക് 335 രൂപയുമാണ്. ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത ടാക്സി വാഹനങ്ങള്‍ക്ക് 35 രൂപയാണ് ഒരു യാത്രയ്ക്കുള്ള നിരക്ക്.