ഗുജറാത്തില്‍ ചന്ദിപുര വൈറസ് വ്യാപനത്തിനൊപ്പം അക്യൂട്ട് എന്‍സഫലൈറ്റിസ് സിന്‍ഡ്രോമും; 58 മരണം
ഗുജറാത്തില്‍ കുട്ടികള്‍ക്കിടയില്‍ ചന്ദിപുര വൈറസ് വ്യാപനത്തിനൊപ്പം അക്യൂട്ട് എന്‍സഫലൈറ്റിസ് സിന്‍ഡ്രോമും (എ.ഇ.എസ്) വ്യാപിക്കുന്നു. ജൂണ്‍ മുതല്‍ ഇതുവരെ 148 അക്യൂട്ട് എന്‍സഫലൈറ്റിസ് കേസുകളാണ് സ്ഥിരീകരിച്ചത്. പതിനഞ്ച് വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കിടയിലാണ് രോഗവ്യാപനമുള്ളത്. മരണനിരക്ക് 58 ആയി ഉയര്‍ന്നിട്ടുണ്ട്. ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയമാണ് ഇതുസംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ടത്.
ഗുജറാത്തിലെ ഇരുപത്തിനാല് ജില്ലകളില്‍ നിന്നായി 140 കേസുകളും മധ്യപ്രദേശില്‍ നിന്ന് നാല് കേസുകളും രാജസ്ഥാന്‍, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്ന് മൂന്ന് കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തത്. എ.ഇ.എസ്. വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ആരോഗ്യവകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിരുന്നു. എ.ഇ.എസ്. ബാധിച്ചുള്ള മരണനിരക്കും ചന്ദിപുര വൈറസ് വ്യാപനവും തമ്മിലുള്ള ബന്ധവും സംശയിക്കുന്നുണ്ട്. അതിനിടെ ചന്ദിപുര വൈറസ് കേസുകള്‍ 51 ആയെന്നും ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.
ചന്ദിപുര വൈറസ്
റാബ്ഡോവിറിഡേ വിഭാഗത്തില്‍പ്പെട്ട വൈറസാണിത്. ഒമ്പത് മാസം മുതല്‍ പതിനാല് വയസ്സുവരെ പ്രായമുള്ള കുട്ടികളെയാണ് പൊതുവെ ഈ രോഗം ബാധിക്കുന്നത്. കടുത്ത പനി, ശരീരവേദന, തലവേദന തുടങ്ങിയവയാണ് പ്രധാനലക്ഷണങ്ങള്‍. രോഗം ഗുരുതരമായാല്‍ തലച്ചോറിന് വീക്കമുണ്ടാവാനുള്ള സാധ്യതയുണ്ട്. 1965-ല്‍ മഹാരാഷ്ട്രയിലെ നാഗ്പൂരിലുള്ള ചന്ദിപുരയിലാണ് ഇന്ത്യയിലാദ്യമായി ഈ രോഗം റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെയാണ് ചന്ദിപുര വൈറസ് എന്ന പേരുവന്നത്. ഉടനടി ചികിത്സിച്ചില്ലെങ്കില്‍ മരണത്തിനും ഈ വൈറസ് കാരണമാകുന്നു.
അക്യൂട്ട് എന്‍സഫലൈറ്റിസ് സിന്‍ഡ്രോം
പതിനഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളെയാണ് അക്യൂട്ട് എന്‍സഫലൈറ്റിസ് സിന്‍ഡ്രോം ബാധിക്കുന്നത്. ചിലയിനം വൈറല്‍, ബാക്ടീരിയല്‍ അണുബാധകള്‍ക്ക് പിന്നാലെ മസ്തിഷ്‌കത്തിന് വീക്കം സംഭവിക്കുകയും നാഡീസംബന്ധമായ തകരാറുകള്‍ ഉണ്ടാവുകയും ചെയ്യുന്നു.