.jpg)
10 ബില്യണ്‍ ഡോളര്‍ ചിപ്പ് നിര്‍മ്മാണ കമ്പനിയുമായി അദാനി ഗ്രൂപ്പ്
ഇസ്രയേലിലെ സെമി കണ്ടക്ടര്‍ കമ്പനിയുമായി ചേര്‍ന്ന് 83,947 കോടി രൂപയുടെ സെമികണ്ടക്ടര്‍ പദ്ധതി മഹാരാഷ്ട്രയില്‍ സ്ഥാപിക്കാന്‍ അദാനി ഗ്രൂപ്പ്. മുംബൈയിലായിരിക്കും ഈ സെമികണ്ടക്ടര്‍ പ്ലാന്റ് സ്ഥാപിക്കുക.
അടുത്ത മൂന്ന് മുതല്‍ അഞ്ച് വര്‍ഷത്തിലാണ് പ്ലാന്റ് പൂര്‍ണ്ണമായും പ്രവര്‍ത്തനക്ഷമമാക്കുക. ചിപ്പ് നിര്‍മ്മാണ രംഗത്ത് ഇന്ത്യയുടെ കുതിപ്പിന് ഈ പദ്ധതി കരുത്തേകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫെബ്രുവരിയില്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയ ടാറ്റയുടെ ധോലോര പ്ലാന്റിന് ശേഷം രാജ്യത്തെ രണ്ടാമത്തെ ഫാബ്രിക്കേഷന്‍ പ്രൊജക്ടാണ് ഈ സെമികണ്ടക്ടര്‍ യൂണിറ്റ്.
ഈ പദ്ധതികള്‍ സാങ്കേതിക കണ്ടുപിടുത്തത്തിനും, ഗവേഷണവും വികസനവും ഉത്തേജിപ്പിക്കാനും സഹായിക്കുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ ഐഎസ്എം അനുമതി ലഭിക്കേണ്ട യൂണിറ്റ് രണ്ട് ഘട്ടങ്ങളിലായി വികസിപ്പിക്കുമെന്ന് ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് പറഞ്ഞു.