PHOTO: WIKI COMMONS
മോക് പോളില്‍ ബിജെപിക്ക് അധിക വോട്ട്: പരിശോധിക്കണമെന്ന് സുപ്രീംകോടതി
തിരഞ്ഞെടുപ്പിന് മുന്നോടിയായി കാസര്‍ഗോഡ് നടന്ന മോക് പോളിങിനിടെ ബിജെപിക്ക് അധിക വോട്ട് പോയെന്ന പരാതിയില്‍ ഇടപെട്ട് സുപ്രീംകോടതി. സംഭവത്തില്‍ അന്വേഷണം നടത്താന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് കോടതി നിര്‍ദേശം നല്‍കി. ഇലക്‌ട്രോണിക് വോട്ടിങ് മെഷീനിനൊപ്പം വിവി പാറ്റ് പേപ്പര്‍ സ്ലിപ്പുകള്‍ കൂടി എണ്ണണമെന്ന ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് മോക് പോള്‍ വിഷയം സുപ്രീംകോടതിയില്‍ ഉയര്‍ന്നുവന്നത്.
മോക് പോളില്‍ കുറഞ്ഞത് നാല് വോട്ടിങ് യന്ത്രങ്ങള്‍ ബിജെപിക്ക് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയെന്നാണ് പരാതി. ഇതുമായി ബന്ധപ്പെട്ട് എല്‍ഡിഎഫ്, യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ ഏജന്റുമാര്‍ പരാതി ഉന്നയിച്ചിരുന്നു. കാസര്‍ഗോഡ് ലോക്‌സഭാ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എംവി ബാലകൃഷ്ണന്‍, സിറ്റിങ് എംപിയും യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ രാജ്്‌മോഹന്‍ ഉണ്ണിത്താന്‍ എന്നിവരുടെ ഏജന്റുമാരാണ് ജില്ലാ കളക്ടര്‍ കെ ഇന്‍ബാശേഖറിന് പരാതി നല്‍കിയത്.
മോക് പോളിന്റെ ആദ്യ റൗണ്ടില്‍ 190 വോട്ടിങ് മെഷീനുകളും പരിശോധിച്ചു. 20 മെഷീനുകളാണ് ഒരേസമയം പബ്ലിഷ് ചെയ്തത്. ഒരു യന്ത്രത്തില്‍ വോട്ട് രേഖപ്പെടുത്താന്‍ പത്ത് ഓപ്ഷനുണ്ട്. ഓരോ ഓപ്ഷനും ഓരോ തവണ അമര്‍ത്തി പരീക്ഷിച്ചപ്പോള്‍ നാല് മെഷീനുകളില്‍ ബിജെപിക്ക് രണ്ട് വോട്ട് ലഭിച്ചു. ബിജെപിയുടെ ചിഹ്നത്തില്‍ അമര്‍ത്താതിരുന്നപ്പോഴും ഒരു വോട്ട് ബിജെപിക്ക് രേഖപ്പെടുത്തുകയായിരുന്നു.
ബിജെപിക്ക് പോള്‍ ചെയ്തതിനേക്കാള്‍ കൂടുതല്‍ വോട്ട് കിട്ടിയ കാര്യം അഭിഭാഷകന്‍ പ്രശാന്ത് ഭൂഷനാണ് സുപ്രീംകോടതിയില്‍ ചൂണ്ടിക്കാട്ടിയത്. ഇതോടെ പരിശോധനയ്ക്കായി തിരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീംകോടതി നിര്‍ദേശം നല്‍കുകയായിരുന്നു. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപാങ്കര്‍ ദത്ത എന്നിവരടങ്ങിയ ബെഞ്ചാണ് തിരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദേശം നല്‍കിയത്.
വിവി പാറ്റ് ബോക്‌സിലെ ലൈറ്റ് മുഴുവന്‍ സമയവും ഓണ്‍ ചെയ്തിടാന്‍ നിര്‍ദേശിക്കണമെന്ന് ഹര്‍ജിക്കാര്‍ക്കുവേണ്ടി ഹാജരായ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ കോടതിയോട് ആവശ്യപ്പെട്ടു. അങ്ങനെയെങ്കില്‍ സ്ലിപ്പ് ബാലറ്റ് ബോക്‌സിലേക്ക് വീഴുന്ന പ്രക്രിയ വോട്ടര്‍മാര്‍ക്ക് നേരിട്ട് കാണാന്‍ കഴിയുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.