PHOTO: PTI
ആദിത്യ എല്‍-1 ലക്ഷ്യസ്ഥാനത്ത്
ഇന്ത്യയുടെ ആദ്യ സൗരദൗത്യമായ ആദിത്യ എല്‍-1 ലക്ഷ്യസ്ഥാനത്ത്. ശനിയാഴ്ച വൈകുന്നേരം നാലുമണിയോടെയാണ് ആദിത്യ എല്‍-1 ലാഗ്രാഞ്ച് പോയിന്റിന് ചുറ്റുമുള്ള ഹാലോ ഓര്‍ബിറ്റില്‍ പ്രവേശിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ആദിത്യ എല്‍-1ന്റെ വിജയവര്‍ത്ത എക്‌സിലൂടെ അറിയിച്ചത്. കഠിന പരിശ്രമത്തിന്റെ വിജയവും രാജ്യം മറ്റൊരു നാഴികകല്ലുകൂടി സൃഷ്ടിച്ചെന്നും നരേന്ദ്രമോദി എക്സില്‍ കുറിച്ചു. ആദിത്യ എല്‍-1 സെപ്തംബര്‍ രണ്ടിനാണ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററില്‍ നിന്നും വിജയകരമായി വിക്ഷേപിച്ചത്.
സൂര്യനെ ലക്ഷ്യമിട്ട്
സൂര്യനില്‍ നിന്നുള്ള വികിരണങ്ങളെ കുറിച്ചുള്ള പഠനമായിരുന്നു ആദിത്യ എല്‍-1 ദൗത്യത്തിന്റെ ലക്ഷ്യം. വിക്ഷേപിച്ച് നാല് മാസംകൊണ്ട് സൂര്യനെ തടസമില്ലാതെ വീക്ഷിക്കാനാകുന്ന രീതിയില്‍ ഭൂമിയില്‍ നിന്ന് ഏകദേശം 15 ലക്ഷം കിലോമീറ്റര്‍ അകലെയുള്ള എല്‍-1 പോയിന്റിന് ചുറ്റുമുള്ള ഭ്രമണപഥത്തിലേക്ക് പേടകത്തെ എത്തിക്കുക എന്നതായിരുന്നു ദൗത്യം. സൂര്യന്റെ പുറംഭാഗത്തെ താപവ്യതിയാനങ്ങളും സൗരകൊടുങ്കാറ്റിന്റെ ഫലങ്ങളും കണ്ടെത്തുകയാണ് ആദിത്യ എല്‍-1 പര്യവേക്ഷണത്തിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്. രാജ്യം തദ്ദേശീയമായി വികസിപ്പിച്ച പേലോഡുകളാണ് സൂര്യപഠനത്തിനായി ഉപയോഗിക്കുന്നത്. ഏകദേശം 1500 ലക്ഷം കിലോമീറ്റര്‍ അകലെയുള്ള സൂര്യനെ പഠിക്കാന്‍ 15 ലക്ഷം കിലോമീറ്ററാണ് ആദിത്യ എല്‍-1 സഞ്ചരിച്ചത്. വിസിബിള്‍ ലൈന്‍ എമിഷന്‍ കൊറോണഗ്രാഫ് , സോളാര്‍ അള്‍ട്രാവയലറ്റ് ഇമേജിങ് ടെലിസ്‌കോപ്പ്, സോളാര്‍ ലോ എനര്‍ജി എക്‌സ്‌റേ സ്‌പെക്ട്രോമീറ്റര്‍, ഹൈ എനര്‍ജി എല്‍-1 ഓര്‍ബിറ്റിങ് എക്‌സ്റേ സ്പെക്ട്രോമീറ്റര്‍, ആദിത്യ സോളാര്‍ വിന്‍ഡ് പാര്‍ട്ടിക്കിള്‍ എക്‌സ്പെരിമെന്റ്, പ്ലാസ്മ അനലൈസര്‍ പാക്കേജ് ഫോര്‍ ആദിത്യ, മാഗ്‌നെറ്റോമീറ്റര്‍ എന്നിങ്ങനെ ഏഴ് പേലോഡുകളാണ് പേടകത്തിലുണ്ടായിരുന്നത്. കൊറോണല്‍ താപനം, കൊറോണല്‍ മാസ് ഇജക്ഷന്‍, ബഹിരാകാശ കാലാവസ്ഥ തുടങ്ങി സൂര്യനെയും ബാഹ്യവലയങ്ങളെയും കുറിച്ചുള്ള പഠനമാണ് ഐഎസ്ആര്‍ഒയുടെ ലക്ഷ്യം. അഞ്ചുവര്‍ഷവും രണ്ടുമാസവുമായിരുന്നു് ദൗത്യത്തിന്റെ കാലാവധി.
സൂര്യന്റെ ആദ്യ ഫുള്‍ ഡിസ്‌ക് ചിത്രം
ആദിത്യ എല്‍-1 പകര്‍ത്തിയ സൂര്യന്റെ ആദ്യ ഫുള്‍ ഡിസ്‌ക് ചിത്രങ്ങളും ഐഎസ്ആര്‍ഒ പുറത്തുവിട്ടിരുന്നു്. പേടകത്തിലെ സോളാര്‍ അള്‍ട്രാവയലറ്റ് ഇമേജിങ് ടെലസ്‌കോപ് ഉപയോഗിച്ചാണ് ചിത്രങ്ങള്‍ പകര്‍ത്തിയത്. ഡിസംബര്‍ ആറിന് പകര്‍ത്തിയ ചിത്രങ്ങള്‍ വിശകലനത്തിനു ശേഷമാണ് പുറത്തുവിട്ടിരിക്കുന്നത്. 200-400 നാനോമീറ്റര്‍ തരംഗദൈര്‍ഘ്യത്തില്‍ പകര്‍ത്തിയ ചിത്രങ്ങള്‍ സൂര്യന്റെ ഫോട്ടോസ്ഫിയറിന്റേയും ക്രോമോസ്ഫിയറിന്റേയും വിശദവിവരങ്ങള്‍ അറിയാന്‍ സഹായിക്കുമെന്ന് ഐഎസ്ആര്‍ഒ വ്യക്തമാക്കിയിരുന്നു.