TMJ
searchnav-menu
post-thumbnail

TMJ Daily

ഭൂമിവിട്ട് ആദിത്യ എല്‍ വണ്‍; യാത്ര തുടരുന്നു

19 Sep 2023   |   2 min Read
TMJ News Desk

ന്ന് പുലര്‍ച്ചെ രണ്ടിന് ഭ്രമണപഥം ഉയര്‍ത്തിയതോടെ ആദിത്യ എല്‍ വണ്‍ ഭൂമിയുമായുള്ള ബന്ധം വിട്ട് യാത്ര ആരംഭിച്ചു. ഭൂഗുരുത്വാകര്‍ഷണ ബലത്തിന്റെ പരിധിവിട്ട് ലഗ്രാഞ്ച് പോയിന്റ് വണ്ണിലേക്കുള്ള യാത്രയിലാണ് പേടകം. ഭൂമിയില്‍ നിന്ന് 15 ലക്ഷം കിലോമീറ്റര്‍ അകലെയാണ് ലഗ്രാഞ്ച് പോയിന്റ് വണ്‍. ഈ പോയിന്റില്‍ നിന്നാണ് പേടകം വിവരങ്ങള്‍ ശേഖരിക്കുക.

ഇന്നലെ ഭൂമിയില്‍നിന്ന് 50,000 കിലോമീറ്റര്‍ അകലെയുള്ള സൂക്ഷ്മ കണങ്ങളെ കുറിച്ചുള്ള ശാസ്ത്രീയ വിവരങ്ങള്‍ ആദിത്യ എല്‍ വണ്‍ ശേഖരിച്ചിരുന്നു. പേടകത്തിലെ പര്യവേക്ഷണ ഉപകരണമായ സുപ്ര തെര്‍മല്‍ ആന്‍ഡ് എനര്‍ജെറ്റിക് പാര്‍ട്ടിക്കിള്‍ സ്പെക്ട്രോമീറ്റര്‍ ഐഎസ്ആര്‍ഒ പ്രവര്‍ത്തിപ്പിച്ചു തുടങ്ങിയതോടെയാണ് ആദിത്യ എല്‍ വണ്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ ആരംഭിച്ചത്. നിലവില്‍ ലക്ഷ്യത്തിലേക്കുള്ള വിജയക്കുതിപ്പ് തുടരുകയാണ് ആദിത്യ എല്‍ വണ്‍.

സെപ്തംബര്‍ രണ്ടിനായിരുന്നു  ഇന്ത്യയുടെ ആദ്യ സൗരദൗത്യമായ ആദിത്യ എല്‍ വണ്ണിന്റെ വിക്ഷേപണം. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററില്‍നിന്ന് സെപ്തംബര്‍ രണ്ട് ശനിയാഴ്ച രാവിലെ 11.50 നാണ് പിഎസ്എല്‍വി എക്സ്എല്‍ റോക്കറ്റില്‍ പേടകത്തിന്റെ വിക്ഷേപണം വിജയകരമായി പൂര്‍ത്തിയായത്. ചന്ദ്രയാന്‍-3 ദൗത്യം വിജയകരമായതിന് തൊട്ടുപിന്നാലെയാണ് സൂര്യനിലേക്കുള്ള യാത്ര.

സൂര്യനെ ലക്ഷ്യമാക്കി ആദിത്യ എല്‍ വണ്‍ 

സൂര്യനില്‍ നിന്നുള്ള വികിരണങ്ങളെ കുറിച്ചുള്ള പഠനമാണ് ആദിത്യ എല്‍ വണ്‍ ദൗത്യത്തിന്റെ ലക്ഷ്യം. വിക്ഷേപിച്ച് നാല് മാസംകൊണ്ട്  സൂര്യനെ തടസമില്ലാതെ വീക്ഷിക്കാനാകുന്ന രീതിയില്‍ ഭൂമിയില്‍ നിന്ന് ഏകദേശം 15 ലക്ഷം കിലോമീറ്റര്‍ അകലെയുള്ള എല്‍ വണ്‍ പോയിന്റിന് ചുറ്റുമുള്ള ഭ്രമണപഥത്തിലാണ് പേടകത്തെ എത്തിക്കുക. സൂര്യന്റെ പുറംഭാഗത്തെ താപവ്യതിയാനങ്ങളും സൗരകൊടുങ്കാറ്റിന്റെ ഫലങ്ങളും കണ്ടെത്തുകയാണ് ആദിത്യ എല്‍1 പര്യവേക്ഷണത്തിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്. രാജ്യം തദ്ദേശീയമായി വികസിപ്പിച്ച പേലോഡുകളാണ് സൂര്യപഠനത്തിനായി ഉപയോഗിച്ചിരിക്കുന്നത്. ഏകദേശം 1500 ലക്ഷം കിലോമീറ്റര്‍ അകലെയുള്ള സൂര്യനെ പഠിക്കാന്‍ 15 ലക്ഷം കിലോമീറ്റര്‍ മാത്രമായിരിക്കും ആദിത്യ എല്‍ വണ്‍ സഞ്ചരിക്കുന്നത്്. വിസിബിള്‍ ലൈന്‍ എമിഷന്‍ കൊറോണഗ്രാഫ് , സോളാര്‍ അള്‍ട്രാവയലറ്റ് ഇമേജിങ് ടെലിസ്‌കോപ്പ്, സോളാര്‍ ലോ എനര്‍ജി എക്‌സ്‌റേ സ്‌പെക്ട്രോമീറ്റര്‍, ഹൈ എനര്‍ജി എല്‍-1 ഓര്‍ബിറ്റിങ് എക്‌സ്റേ സ്പെക്ട്രോമീറ്റര്‍, ആദിത്യ സോളാര്‍ വിന്‍ഡ് പാര്‍ട്ടിക്കിള്‍ എക്‌സ്പെരിമെന്റ്, പ്ലാസ്മ അനലൈസര്‍ പാക്കേജ് ഫോര്‍ ആദിത്യ, മാഗ്‌നെറ്റോമീറ്റര്‍ എന്നിങ്ങനെ ഏഴ് പേലോഡുകളാണ് പേടകത്തിലുള്ളത്. കൊറോണല്‍ താപനം, കൊറോണല്‍ മാസ് ഇജക്ഷന്‍, ബഹിരാകാശ കാലാവസ്ഥ തുടങ്ങി സൂര്യനെയും ബാഹ്യവലയങ്ങളെയും കുറിച്ചുള്ള പഠനമാണ്  ഐഎസ്ആര്‍ഒ യുടെ ലക്ഷ്യം. അഞ്ചുവര്‍ഷവും രണ്ടുമാസവുമാണ് ദൗത്യത്തിന്റെ കാലാവധി.

എല്‍ വണ്‍ പോയിന്റ്

ഭൂമിയില്‍ നിന്ന് ഏകദേശം 15 ലക്ഷം കിലോമീറ്റര്‍ അകലെയാണ് എല്‍ 1 പോയിന്റ് സ്ഥിതിചെയ്യുന്നത്. ഈ പോയിന്റില്‍ ഒരു വസ്തു വെക്കുകയാണെങ്കില്‍ അതിന് ഭൂമിയോടുള്ള ഗുരുത്വാകര്‍ഷണ ബലവും സൂര്യനോടുള്ള ഗുരുത്വാകര്‍ഷണ ബലവും തുല്യമായിരിക്കും. ഈ പോയിന്റില്‍ പേടകം സൂര്യനെ ചുറ്റികൊണ്ടിരിക്കും. ഇവിടെ നിന്നും തടസമില്ലാതെ തുടര്‍ച്ചയായി വീക്ഷിക്കാന്‍ സാധിക്കുന്നതിനാല്‍ 24 മണിക്കൂറും സൂര്യന്റെ ചിത്രങ്ങളെടുക്കാന്‍ സാധിക്കും. ഇത്തരത്തിലുള്ള അഞ്ചുപോയിന്റുകളില്‍ ഒന്നാണ് ലഗ്രാഞ്ച് പോയിന്റ് (എല്‍ വണ്‍ പോയിന്റ്). ഇതേ പോയിന്റില്‍ തന്നെ യു എസിന്റെ സോഹോ എന്ന പേടകവുമുണ്ട്.


#Daily
Leave a comment