PHOTO: ISRO
ആദിത്യ എൽ വൺ: രണ്ടാം ഭ്രമണപഥം ഉയർത്തൽ വിജയകരം
ഇന്ത്യയുടെ സൗരദൗത്യം ആദിത്യ എൽ വണ്ണിന്റെ രണ്ടാം ഭ്രമണപഥം ഉയർത്തൽ വിജയകരമായി പൂർത്തിയാക്കി. ചൊവ്വാഴ്ച പുലർച്ചെ 3 മണിക്ക് രണ്ടാം ഭ്രമണപഥം ഉയർത്തിയതായി ഐഎസ്ആർഒ അറിയിച്ചു. ശനിയാഴ്ച വിക്ഷേപിച്ച പേടകത്തിന്റെ ആദ്യ ഭ്രമണപഥം ഉയർത്തൽ ഞായറാഴ്ചയായിരുന്നു. 125 ദിവസത്തോളം സഞ്ചരിച്ച് സൂര്യനും ഭൂമിക്കും ഇടയിലുള്ള എൽ വൺ പോയിന്റിൽ പേടകം എത്തുന്നതിനിടെ അഞ്ചുതവണയാണ് ഭ്രമണപഥം ഉയർത്തുക.
സെപ്റ്റംബർ 2 നായിരുന്നു ഇന്ത്യയുടെ ആദ്യ സൗരദൗത്യമായ ആദിത്യ എൽ വണ്ണിന്റെ വിക്ഷേപണം. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽനിന്ന് ശനിയാഴ്ച രാവിലെ 11.50 നാണ് പിഎസ്എൽവി എക്‌സ്എൽ റോക്കറ്റിൽ പേടകത്തിന്റെ വിക്ഷേപണം വിജയകരമായി പൂർത്തിയായത്. ചന്ദ്രയാൻ-3 ദൗത്യം വിജയകരമായതിന് തൊട്ടുപിന്നാലെയാണ് സൂര്യനിലേക്കുള്ള യാത്ര.
സൂര്യനെ ലക്ഷ്യമാക്കി ആദിത്യ എൽ വൺ
സൂര്യനിൽ നിന്നുള്ള വികിരണങ്ങളെ കുറിച്ചുള്ള പഠനമാണ് ആദിത്യ എൽ വൺ ദൗത്യത്തിന്റെ ലക്ഷ്യം. വിക്ഷേപിച്ച് നാല് മാസംകൊണ്ട് സൂര്യനെ തടസമില്ലാതെ വീക്ഷിക്കാനാകുന്ന രീതിയിൽ ഭൂമിയിൽ നിന്ന് ഏകദേശം 15 ലക്ഷം കിലോമീറ്റർ അകലെയുള്ള എൽ വൺ പോയിന്റിന് ചുറ്റുമുള്ള ഭ്രമണപഥത്തിലാണ് പേടകത്തെ എത്തിക്കുക. സൂര്യന്റെ പുറംഭാഗത്തെ താപവ്യതിയാനങ്ങളും സൗരകൊടുങ്കാറ്റിന്റെ ഫലങ്ങളും കണ്ടെത്തുകയാണ് ആദിത്യ എൽ1 പര്യവേക്ഷണത്തിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്. രാജ്യം തദ്ദേശീയമായി വികസിപ്പിച്ച പേലോഡുകളാണ് സൂര്യപഠനത്തിനായി ഉപയോഗിച്ചിരിക്കുന്നത്. ഏകദേശം 1500 ലക്ഷം കിലോമീറ്റർ അകലെയുള്ള സൂര്യനെ പഠിക്കാൻ 15 ലക്ഷം കിലോമീറ്റർ മാത്രമായിരിക്കും ആദിത്യ എൽ വൺ സഞ്ചരിക്കുന്നത്. വിസിബിൾ ലൈൻ എമിഷൻ കൊറോണഗ്രാഫ് , സോളാർ അൾട്രാവയലറ്റ് ഇമേജിങ് ടെലിസ്‌കോപ്പ്, സോളാർ ലോ എനർജി എക്സ്റേ സ്പെക്ട്രോമീറ്റർ, ഹൈ എനർജി എൽ-1 ഓർബിറ്റിങ് എക്സ്‌റേ സ്‌പെക്ട്രോമീറ്റർ, ആദിത്യ സോളാർ വിൻഡ് പാർട്ടിക്കിൾ എക്സ്‌പെരിമെന്റ്, പ്ലാസ്മ അനലൈസർ പാക്കേജ് ഫോർ ആദിത്യ, മാഗ്നെറ്റോമീറ്റർ എന്നിങ്ങനെ ഏഴ് പേലോഡുകളാണ് പേടകത്തിലുള്ളത്. കൊറോണൽ താപനം, കൊറോണൽ മാസ് ഇജക്ഷൻ, ബഹിരാകാശ കാലാവസ്ഥ തുടങ്ങി സൂര്യനെയും ബാഹ്യവലയങ്ങളെയും കുറിച്ചുള്ള പഠനമാണ് ഐഎസ്ആർഒ യുടെ ലക്ഷ്യം. അഞ്ചുവർഷവും രണ്ടുമാസവുമാണ് ദൗത്യത്തിന്റെ കാലാവധി.
എൽ വൺ പോയിന്റ്
ഭൂമിയിൽ നിന്ന് ഏകദേശം 15 ലക്ഷം കിലോമീറ്റർ അകലെയാണ് എൽ 1 പോയിന്റ് സ്ഥിതിചെയ്യുന്നത്. ഈ പോയിന്റിൽ ഒരു വസ്തു വെക്കുകയാണെങ്കിൽ അതിന് ഭൂമിയോടുള്ള ഗുരുത്വാകർഷണ ബലവും സൂര്യനോടുള്ള ഗുരുത്വാകർഷണ ബലവും തുല്യമായിരിക്കും. ഈ പോയിന്റിൽ പേടകം സൂര്യനെ ചുറ്റികൊണ്ടിരിക്കും. ഇവിടെ നിന്നും തടസമില്ലാതെ തുടർച്ചയായി വീക്ഷിക്കാൻ സാധിക്കുന്നതിനാൽ 24 മണിക്കൂറും സൂര്യന്റെ ചിത്രങ്ങളെടുക്കാൻ സാധിക്കും. ഇത്തരത്തിലുള്ള അഞ്ചുപോയിന്റുകളിൽ ഒന്നാണ് ലഗ്രാഞ്ച് പോയിന്റ് (എൽ വൺ പോയിന്റ്). ഇതേ പോയിന്റിൽ തന്നെ യു എസിന്റെ സോഹോ എന്ന പേടകവുമുണ്ട്.