
വയനാട് ടൗണ്‍ഷിപ്പ് പദ്ധതിക്ക് 351 കോടി രൂപയുടെ ഭരണാനുമതി
വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നതിനുള്ള ടൗണ്‍ഷിപ്പ് പദ്ധതിക്ക് മന്ത്രിസഭയോഗം ഭരണാനുമതി നല്‍കി. 351,48,03,778 രൂപയുടെ ഭരണാനുമതിയാണ് നല്‍കിയത്. പ്രരംഭപ്രവര്‍ത്തനങ്ങള്‍ക്കുള്ള ചെലവ് ഉള്‍പ്പെടെയാണിത്. കിഫ്‌കോണ്‍ സാങ്കേതിക അനുമതി പുറപ്പെടുവിക്കേണ്ടതാണെന്ന് നിബന്ധനയോടെയാണിതെന്നും മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസ് അറിയിച്ചു.
എല്‍സ്റ്റോണ്‍ ടീ എസ്റ്റേറ്റ് ലിമിറ്റഡ് ഫയല്‍ ചെയ്ത കേസിലെ ഹൈക്കോടതിയുടെ ഏപ്രില്‍ 11ലെ ഉത്തരവ് പ്രകാരം വയനാട് ജില്ലാ കളക്ടറുടെ സിഎംഡിആര്‍എഫ് അക്കൗണ്ടില്‍ നിന്ന് ഹൈക്കോടതി രജിസ്ട്രാറുടെ അക്കൗണ്ടിലേക്ക് പതിനേഴു കോടി രൂപ നിക്ഷേപിച്ച ജില്ലാ കളക്ടറുടെ നടപടിക്കും മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി.
മെയ് 12ലെ ഉത്തരവ് പ്രകാരം വയനാട് ജില്ലാ കളക്ടര്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് പതിനേഴു കോടി രൂപ അനുവദിച്ച സര്‍ക്കാര്‍ നടപടിയും സാധൂകരിച്ചു.
വയനാട് ടൗണ്‍ഷിപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട്, സ്‌പെഷ്യല്‍ ഓഫിസറും ഇപിസി കോണ്‍ട്രാക്ടറും തമ്മില്‍ ഇപിസി കരാര്‍ ഒപ്പുവയ്ക്കുന്ന മുറയ്ക്ക്, ഇപിസി കരാറുകാരായ യുഎല്‍സിസിഎസിന് മുന്‍കൂര്‍ തുക അനുവദിക്കുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 20 കോടി രൂപ വയനാട് ടൗണ്‍ഷിപ്പ് സ്‌പെഷ്യല്‍ ഓഫീസര്‍ക്ക് അനുവദിക്കുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.


