
അഫാന്റെ പിതാവ് റഹീം നാട്ടിലെത്തി
വെഞ്ഞാറമൂട് കൂട്ടക്കൊല ദുരന്തത്തിന് ഇരയായ കുടുംബ നാഥന്‍ റഹീം നാട്ടിലെത്തി. ഇന്ന് രാവിലെ 7.55 ഓടെ തിരുവനന്തപുരം വിമാനത്താവളത്തിലാണ് അദ്ദേഹം എത്തിയത്.
രണ്ട് ദിവസം മുമ്പ് ഇദ്ദേഹത്തിന്റെ മൂത്ത മകന്‍ അഫാന്‍ അനിയനേയും പിതാവിന്റെ ഉമ്മയേയും സഹോദരനേയും ഭാര്യയേയും കൊലപ്പെടുത്തിയിരുന്നു. കൂടാതെ, സ്വന്തം പെണ്‍സുഹൃത്തിനേയും അഫാന്‍ കൊലപ്പെടുത്തി. സ്വന്തം ഉമ്മയേയും അഫാന്‍ കൊലപ്പെടുത്താന്‍ ശ്രമിച്ചുവെങ്കിലും രക്ഷപ്പെട്ട അവര്‍ ചികിത്സയിലാണ്. എലി വിഷം കഴിച്ച അഫാന്‍ ചികിത്സയിലും കഴിയുന്നു.
ദമാമില്‍ കട നടത്തുകയായിരുന്ന റഹീം ഇന്നലെയാണ് തിരുവനന്തപുരത്തേക്ക് തിരിച്ചത്. നാട്ടിലെത്തിയ റഹീം ഡി കെ മുരളി എംഎല്‍എയുടെ ഓഫീസില്‍ എത്തി അദ്ദേഹത്തെ സന്ദര്‍ശിക്കും. നാട്ടിലേക്ക് തിരിച്ചെത്താന്‍ സഹായിച്ചതിന് അദ്ദേഹത്തോട് നന്ദി അറിയിക്കാനാണ് സന്ദര്‍ശിക്കുന്നത്.
മകനേയും ഉമ്മയേയും സഹോദരനേയും സംസ്‌കരിച്ചിരിക്കുന്ന പള്ളിയിലേക്കും അദ്ദേഹം പോകും. വെഞ്ഞാറമൂട് ഗോകുലം മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഭാര്യയെയും സന്ദര്‍ശിക്കും.
ആദ്യത്തെ മകനായതിനാല്‍ അഫാന് കൂടുതല്‍ വാത്സല്യം നല്‍കിയിരുന്നുവെന്ന് റഹീം പറഞ്ഞു. റഹീമിനൊപ്പം അഫാന്‍ സന്ദര്‍ശക വിസയില്‍ 10 മാസത്തോളം സൗദിയില്‍ ഉണ്ടായിരുന്നു. ആ സമയത്ത് കാറ്ററിംഗിനും മറ്റും പോയി സ്വന്തമായി പണം സമ്പാദിച്ചിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇടയ്ക്ക് കാശിനുവേണ്ടി സ്വന്തം ഉമ്മയോട് വഴക്കിടാറുണ്ട്. ഓ അവന് ഭ്രാന്താ എന്നാണ് ഭാര്യ അതേക്കുറിച്ച് പറഞ്ഞിരുന്നതെന്നും റഹീം പറഞ്ഞു.
തനിക്ക് 15 ലക്ഷം രൂപയുടെ കടമാണുള്ളതെന്ന് റഹീം പറഞ്ഞു. 65 ലക്ഷം രൂപയുടെ കടമുണ്ടെന്ന് അഫാന്‍ പൊലീസിന് മൊഴി നല്‍കിയെന്നും വീട്ടില്‍ നിന്നും പണം കൊടുക്കാനുള്ളവരുടെ പേര് വിവരങ്ങള്‍ കണ്ടെത്തിയെന്നും വാര്‍ത്ത ഉണ്ടായിരുന്നു. ഇതെങ്ങനെ ഉണ്ടായിയെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.