TMJ
searchnav-menu
post-thumbnail

TMJ Daily

എ.എഫ്.സി ഏഷ്യന്‍ കപ്പ്; ടിക്കറ്റ് വരുമാനം പലസ്തീന് നല്‍കാനൊരുങ്ങി ഖത്തര്‍

21 Nov 2023   |   1 min Read
TMJ News Desk

ടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഏഷ്യന്‍ കപ്പ് ഫുട്ബോളിന്റെ ടിക്കറ്റ് വരുമാനം പലസ്തീന് നല്‍കാനൊരുങ്ങി ഖത്തര്‍. ഇസ്രയേല്‍ ആക്രമണത്തില്‍ ദുരിതമനുഭവിക്കുന്ന പലസ്തീന്‍ ജനതയ്ക്ക് സഹായം കൈമാറാനാണ് തീരുമാനം. ഏഷ്യന്‍ കപ്പ് ലോക്കല്‍ ഓര്‍ഗനൈസിങ് കമ്മിറ്റിയാണ് ടിക്കറ്റ് വരുമാനം പലസ്തീന് കൈമാറാനുള്ള തീരുമാനത്തിലെത്തിയത്. ഖത്തറില്‍ അടുത്ത വര്‍ഷം ജനുവരി-12 മുതല്‍  ഫെബ്രുവരി-10 വരെ നടക്കാനിരിക്കുന്ന ടൂര്‍ണ്ണമെന്റിന്റെ രണ്ടാംഘട്ട ടിക്കറ്റ് വില്‍പനയ്ക്ക് തുടക്കമായിട്ടുണ്ട്. 25 ഖത്തര്‍ റിയാലാണ് ടിക്കറ്റിന്റെ അടിസ്ഥാന വില.

ലോകകപ്പിന് ശേഷം ഏഷ്യന്‍ കപ്പും ഖത്തറില്‍

2022 ലെ ലോകകപ്പിന് ശേഷം ഖത്തര്‍ വീണ്ടും ഫുട്ബോള്‍ ആവേശത്തിലേക്ക് നീങ്ങുകയാണ്. ഖത്തര്‍ ലോകകപ്പിന്റെ ഫൈനലിന് വേദിയായ ലുസൈല്‍ സ്റ്റേഡിയമുള്‍പ്പെടെയുള്ള പല സ്റ്റേഡിയങ്ങളിലും ഏഷ്യന്‍ കപ്പും നടത്തുന്നുണ്ട്. ചൈനയെയാണ് ഏഷ്യന്‍ കപ്പിന് വേദിയാകുന്നതിന് വേണ്ടി ആദ്യം തിരഞ്ഞെടുത്തതെങ്കിലും പല കാരണങ്ങളാല്‍ ടൂര്‍ണ്ണമെന്റ് ഖത്തറിലേക്കെത്തുകയായിരുന്നു. ഇന്ത്യ ഉള്‍പ്പെടെ 24 ടീമുകളാണ് ഏഷ്യന്‍ കപ്പില്‍ പങ്കെടുക്കുന്നത്. ഖത്തറാണ് നിലവിലെ ചാമ്പ്യന്‍മാര്‍.

ഇന്ത്യ പോട്ട് ഫോറില്‍

ഓസ്‌ട്രേലിയ,ഉസ്‌ബെകിസ്ഥാന്‍,സിറിയ എന്നിവരോടൊപ്പം ഗ്രൂപ്പ് ബിയിലാണ് 2023 എ.എഫ്.സി ഏഷ്യന്‍ കപ്പിലെ ഇന്ത്യയുടെ സ്ഥാനം. 1956 ല്‍ ആരംഭിച്ച ഏഷ്യന്‍ കപ്പില്‍ ഇതുവരെ അഞ്ച് തവണയാണ് ഇന്ത്യ യോഗ്യത നേടിയിട്ടുള്ളത്. ഇസ്രയേലില്‍ 1964 ല്‍ നടന്ന ഏഷ്യന്‍ കപ്പിന്റെ മൂന്നാമത്തെ എഡിഷനില്‍ രണ്ടാം സ്ഥാനത്തെത്തിയതാണ് ടൂര്‍ണ്ണമെന്റില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച നേട്ടം. ആതിഥേയരായിരുന്ന ഇസ്രയേലായിരുന്നു ആ എഡിഷനിലെ ചാമ്പ്യന്‍മാര്‍. 2015 ല്‍ ഏഷ്യന്‍ കപ്പിന് യോഗ്യത നേടാനായില്ലെങ്കിലും 2019 ല്‍ ഇന്ത്യയ്ക്ക് യോഗ്യത ലഭിച്ചിരുന്നു. എന്നാല്‍ ഗ്രൂപ്പ് ഘട്ടം കടക്കാന്‍ ഇന്ത്യയ്ക്ക് ആയില്ല.


#Daily
Leave a comment