എ.എഫ്.സി ചാമ്പ്യന്‍സ് ലീഗ്; റൊണാള്‍ഡോയും നെയ്മറും ഇന്ത്യയില്‍ പന്തുതട്ടുമോ
സൗദി ലീഗിലെ ക്ലബ്ബുകളിലേക്ക് യൂറോപ്പില്‍ നിന്ന് നിരവധി താരങ്ങള്‍ എത്തിയതോടുകൂടി അവിടെയുള്ള ഫുട്ബോള്‍ ആരാധകര്‍ ആവേശത്തിലാണ്. എന്നാല്‍ സൗദിയിലെ ആരാധകര്‍ക്ക് മാത്രമല്ല ഇന്ത്യയിലുള്ളവര്‍ക്കും അവരുടെ കളി കാണാന്‍ അവസരമുണ്ടായേക്കാം. ക്രിസ്റ്റിയാനോ റൊണാള്‍ഡോ, നെയ്മര്‍, കരീം ബെന്‍സിമ തുടങ്ങിയ സൂപ്പര്‍ താരങ്ങളില്‍ ആരായിരിക്കും ആദ്യം ഇന്ത്യയിലേക്കെത്തുക എന്ന് ഉറ്റുനോക്കുകയാണ് ഫുട്ബോള്‍ ലോകം. എ.എഫ്.സി ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങളുടെ ഭാഗമായിട്ടായിരിക്കും താരങ്ങള്‍ ഇന്ത്യയിലേക്കെത്തുക.
എതിരാളികള്‍ മുംബൈ സിറ്റി
വരാനിരിക്കുന്ന ഏഷ്യന്‍ ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങള്‍ക്ക് ഇന്ത്യയില്‍ നിന്ന് യോഗ്യത നേടിയിരിക്കുന്നത് ഐ.എസ്.എല്‍ ക്ലബ്ബായ മുംബൈ സിറ്റിയാണ്. ടൂര്‍ണ്ണമെന്റിലെ ഗ്രൂപ്പ് ഘട്ട മത്സരത്തിലേക്കാണ് മുംബൈ സിറ്റി യോഗ്യത നേടിയിരിക്കുന്നത്. ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ അല്‍ നാസര്‍ ചാമ്പ്യന്‍സ് ലീഗിന്റെ പ്ലേ ഓഫിലും നെയ്മറിന്റെ അല്‍ ഹിലാല്‍ ബെന്‍സിമെയുടെ അല്‍ ഇത്തിഹാദ് എന്നീ ടീമുകള്‍ ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ക്കായും ഇറങ്ങുന്നുണ്ട്. നറുക്കെടുപ്പിലൂടെയാണ് ഗ്രൂപ്പുകളിലെ ടീമുകളെ തീരുമാനിക്കുന്നത്. ഇന്ത്യയിലെ ഫുട്ബോള്‍ ആരാധകര്‍ക്ക് ഭാഗ്യമുണ്ടെങ്കില്‍ നെയ്മറിന്റെയോ, റൊണാള്‍ഡോയുടേയോ, ബെന്‍സിമയുടേയോ ഏതെങ്കിലുമൊരു ടീമുകളിലൊന്ന് മുംബൈയുടെ ഗ്രൂപ്പില്‍ പെട്ടേക്കാം. അങ്ങനെ സംഭവിച്ചാല്‍ മുംബൈ സിറ്റിയുടെ ഹോം ഗ്രൗണ്ടില്‍ മേല്‍ പറഞ്ഞതില്‍ ഏതെങ്കിലുമൊരു താരം കളിക്കാനെത്തും. ഹോം ആന്‍ഡ് എവേ രീതിയിലാണ് മത്സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. ചാമ്പ്യന്‍സ് ലീഗിന്റെ ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ ആകെ 40 ടീമുകളാണ് പങ്കെടുക്കുന്നത്. നാല് ടീമുകള്‍ വീതമുള്ള 10 ഗ്രൂപ്പുകളായിരിക്കും ഉണ്ടായിരിക്കുക. പത്ത് ഗ്രൂപ്പുകളില്‍ അഞ്ച് ഗ്രൂപ്പുകളിലെ ക്ലബ്ബുകള്‍ പശ്ചിമ മേഖല രാജ്യങ്ങളില്‍ നിന്നും ബാക്കിയുള്ള അഞ്ച് ഗ്രൂപ്പുകളിലെ ക്ലബ്ബുകള്‍ കിഴക്കന്‍ മേഖല രാജ്യങ്ങളില്‍ നിന്നുമായിരിക്കും. യുവേഫ ചാമ്പ്യന്‍സ് ലീഗ് പോലെ ഒരു രാജ്യത്ത് നിന്നുമുള്ള ഒന്നിലധികം ടീമുകള്‍ ഒരേ ഗ്രൂപ്പില്‍ പെടില്ല. സൗദിയില്‍ നിന്ന് ഇപ്പോള്‍ മൂന്ന് ടീമുകളാണ് ചാമ്പ്യന്‍സ് ലീഗിന്റെ ഗ്രൂപ്പ് ഘട്ട മത്സരത്തിലേക്ക് യോഗ്യത നേടിയിരിക്കുന്നത്. റൊണാള്‍ഡോയുടെ അല്‍ നാസര്‍ പ്ലേ ഓഫില്‍ വിജയിച്ചാല്‍ സൗദിയില്‍ നിന്നുള്ള ടീമുകളുടെ എണ്ണം നാലാകും. വരുന്ന ഓഗസ്റ്റ് 24 നാണ് ഗ്രൂപ്പ് തിരിക്കുന്നതിനുള്ള നറുക്കെടുപ്പ് നടക്കുന്നത്.