TMJ
searchnav-menu
post-thumbnail

PHOTO: UNICEF

TMJ Daily

പ്രൈമറി വിദ്യാഭ്യാസം നിഷേധിച്ച് അഫ്ഗാന്‍; പഠിക്കാനാവാതെ 3.7 മില്ല്യണ്‍ കുട്ടികളെന്ന് റിപ്പോര്‍ട്ട്

10 Jul 2023   |   2 min Read
TMJ News Desk

ഫ്ഗാനിസ്ഥാനില്‍ 60% പെണ്‍കുട്ടികള്‍ക്കും 46% ആണ്‍കുട്ടികള്‍ക്കും പ്രൈമറി സ്‌കൂള്‍ വിദ്യാഭ്യാസം ലഭിക്കുന്നില്ലെന്ന് അന്താരാഷ്ട്ര സംഘടനയുടെ റിപ്പോര്‍ട്ട്. കണക്കുകള്‍ പ്രകാരം അഫ്ഗാനിസ്ഥാനില്‍ ഏകദേശം 3.7 മില്ല്യണ്‍ കുട്ടികള്‍ സ്‌കൂളുകള്‍ക്ക് പുറത്താണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

അഫ്ഗാനിലെ പ്രതിസന്ധികള്‍ക്കിടയിലും, ജപ്പാന്‍ 10 മില്ല്യണ്‍ ഡോളര്‍ കുട്ടികളുടെ പഠനത്തിനായി അഫ്ഗാനിലെ സന്നദ്ധസംഘടനയ്ക്ക് സംഭാവന നല്‍കിയിട്ടുണ്ട്. ഈ സംഭാവന ഉപയോഗിച്ച് ഏകദേശം 71,500 കുട്ടികള്‍ക്ക് അവരുടെ പഠനം തുടരാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. ഇതിലൂടെ പബ്ലിക് സ്‌കൂളുകളിലെ 55,000 കുട്ടികളുടെ പഠനാന്തരീക്ഷം മെച്ചപ്പെടുത്താന്‍ കഴിയും. കൂടാതെ ക്ലാസ് മുറികളുടെ പുനരധിവാസത്തിനും സ്‌കൂള്‍ കെട്ടിടങ്ങളുടെ നവീകരണത്തിന്റെ ഭാഗമായി ടോയ്ലെറ്റുകള്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഒരുക്കാനും സാധിക്കും. കമ്മ്യൂണിറ്റി തലത്തില്‍ 16,500 കുട്ടികള്‍ക്ക് രണ്ടുവര്‍ഷത്തേക്ക് കൂടി വിദ്യാഭ്യാസം തുടരാനും ഇത് സഹായിക്കും. പൊതു വിദ്യാലയങ്ങളിലെ 990 സ്ത്രീ-പുരുഷ അധ്യാപകര്‍, സ്‌കൂള്‍ മേധാവികള്‍, അക്കാദമിക് സൂപ്പര്‍വൈസര്‍മാര്‍ എന്നിവര്‍ക്ക് ഇന്‍സര്‍വീസ് പരിശീലനം നല്‍കാനും ഈ തുകയിലൂടെ കഴിയും. 

ഇതിനിടെ ചില പെണ്‍കുട്ടികള്‍ ഇസ്ലാമിക് എമിറേറ്റ്സ് നേതാവിനോട് തങ്ങള്‍ക്ക് വിദ്യാഭ്യാസം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ''പെണ്‍കുട്ടികളുടെയും സ്ത്രീകളുടെയും വായിക്കാനും എഴുതാനുമുള്ള  അവകാശങ്ങള്‍ എടുത്തുകളയരുത്. അവരുടെ വിദ്യാഭ്യാസം തടയാന്‍ ആര്‍ക്കും അവകാശമില്ല'' സൈനബ് ഷിര്‍സാദ് എന്ന വിദ്യാര്‍ത്ഥിനി പറയുന്നു. 

അവകാശങ്ങള്‍ നിഷേധിക്കപ്പെടുമ്പോള്‍

അഫ്ഗാനിസ്ഥാനില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ സംഭവിക്കുന്ന വിവേചനങ്ങള്‍ക്കെതിരെ മുന്‍പും പല റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്. ഭീകര സംഘടനയായ താലിബാന്‍, അഫ്ഗാനിസ്ഥാന്‍ ഭരണം പിടിച്ചെടുത്തതിനുശേഷം ജനജീവിതം വളരെയധികം ദുസ്സഹമാണ്. കുട്ടികളുടെ അവകാശങ്ങള്‍ നിഷേധിക്കുന്നതില്‍ രാജ്യം ലോകത്തില്‍ ഏറ്റവും പിന്നില്‍ എത്തിയിരുന്നു. സന്നദ്ധസംഘടനയായ കിഡ്സ് റൈറ്റ്സ് ഫൗണ്ടേഷന്‍ 193 രാജ്യങ്ങളില്‍ സംഘടിപ്പിച്ച ഈ വര്‍ഷത്തെ സര്‍വെ റിപ്പോര്‍ട്ടിലാണ് അഫ്ഗാനിസ്ഥാന്റെ കുട്ടികള്‍ക്കെതിരെയുള്ള അവകാശ ലംഘനത്തെ വ്യക്തമാക്കുന്നത്. ജീവിതശൈലി, ആരോഗ്യം, വിദ്യാഭ്യാസം, സംരക്ഷണം, പ്രാപ്തനാക്കുന്ന സാഹചര്യം എന്നീ അഞ്ചു ഘടകങ്ങളെ ആസ്പദമാക്കി നടത്തിയ സര്‍വെയില്‍ 191-ാം സ്ഥാനത്താണ് അഫ്ഗാനിസ്ഥാന്‍. 2021 ന് ശേഷം രാജ്യത്ത് പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം ആറാം ക്ലാസ്സായി താലിബാന്‍ പരിമിതപ്പെടുത്തി. കണക്കുകള്‍ പ്രകാരം ഈ വര്‍ഷം ഏകദേശം 15 മില്ല്യണ്‍ കുട്ടികള്‍ക്ക് മാനുഷികമായ സഹായം അഫ്ഗാനിസ്ഥാനില്‍ ആവശ്യമാണ്.

ബ്യൂട്ടി പാര്‍ലറുകള്‍ക്കും നിരോധനം

കാബൂളിലും മറ്റു സമീപ പ്രവിശ്യകളിലും സ്ത്രീകളുടെ ബ്യൂട്ടി പാര്‍ലറുകള്‍ക്ക് താലിബാന്‍ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. താലിബാന്റെ  ഉത്തരവ് പ്രകാരം കാബൂളിലും രാജ്യത്തെ മറ്റു പ്രവിശ്യകളിലും സ്ത്രീകളുടെ ബ്യൂട്ടി പാര്‍ലറുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുകയും, ലൈസന്‍സ് റദ്ദാക്കാന്‍ തീരുമാനിക്കുകയും ചെയ്തിട്ടുണ്ട്. ഉന്നതനിലവാരത്തിലുള്ള യൂണിവേഴ്സിറ്റികള്‍, അന്താരാഷ്ട്ര സംഘടനകള്‍, ജിമ്മുകള്‍, പാര്‍ക്കുകള്‍ എന്നിവിടങ്ങളില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിക്കുന്നു. സ്ത്രീകള്‍ പൊതു ഇടങ്ങളില്‍ പുരുഷന്മാരുടെ സാന്നിധ്യമില്ലാതെ പോകരുതെന്ന വിചിത്ര നിയമവും അഫ്ഗാനില്‍ നിലകൊള്ളുന്നു.

 2021 ഡിസംബറിലാണ്, സ്ത്രീകള്‍ ആഭ്യന്തര, സര്‍ക്കാരിതര സ്ഥാപനങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്നത് നിരോധിക്കുന്നത്. അഫ്ഗാനിസ്ഥാനിലെ സ്ത്രീ സമൂഹത്തെ മുഴുവന്‍ തങ്ങളുടെ ആധിപത്യത്തില്‍ ഞെരിച്ചമര്‍ത്തുന്ന നയങ്ങളാണ് താലിബാന്‍ തുടര്‍ച്ചയായി സ്വീകരിച്ചിട്ടുള്ളത്. അടുത്തിടെ, വിവാഹമോചിതരായ സ്ത്രീകള്‍ ആദ്യഭര്‍ത്താവിനൊപ്പം തന്നെ ജീവിതം തുടരണമെന്നും ഇസ്ലാമിക ശരിയാ പ്രകാരം മാത്രമേ വിവാഹബന്ധം വേര്‍പ്പെടുത്താന്‍ കഴിയൂവെന്നും താലിബാന്‍ പ്രസ്താവന പുറപ്പെടുവിച്ചിരുന്നു. ഇതിലൂടെ ഗാര്‍ഹിക പീഡനങ്ങള്‍ക്ക് ഇരയായി വൈവാഹിക ജീവിതത്തില്‍ നിന്നും മോചനം നേടിയ നിരവധി സ്ത്രീകള്‍ക്ക് മുന്‍ഭര്‍ത്താവിന്റെ കൂടെത്തന്നെ ജീവിക്കേണ്ടി വരുന്നു. അതിനു തയ്യാറല്ലാത്ത പല സ്ത്രീകളും കുട്ടികളെയും കൊണ്ട് ഒളിവു ജീവിതമാണ് നയിക്കുന്നത്.


#Daily
Leave a comment