ഇന്ത്യയിലെ അഫ്ഗാന്‍ എംബസി പൂട്ടി
ഇന്ത്യയില്‍ പ്രവര്‍ത്തനം അവസാനിപ്പിച്ച് അഫ്ഗാന്‍ എംബസി. ഇന്ത്യന്‍ സര്‍ക്കാരില്‍നിന്നുണ്ടാകുന്ന നിരന്തര വെല്ലുവിളികള്‍ കാരണമാണ് പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ തീരുമാനിച്ചതെന്ന് എംബസി പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. സെപ്റ്റംബര്‍ 30 ന് താല്‍ക്കാലികമായി അടച്ചിടല്‍ ആരംഭിച്ചിരുന്നു. പൂര്‍ണമായും അടച്ചിടുന്നതിനുള്ള തീരുമാനം ഇന്നലെയാണ് പ്രാബല്യത്തില്‍ വന്നത്. 2021 ല്‍ അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ അധികാരത്തില്‍ വന്നതിനെ തുടര്‍ന്ന് ഇന്ത്യയിലെ എംബസിയില്‍ നിരവധി ആഭ്യന്തര പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് അനുകൂല നടപടി ഉണ്ടായില്ല
താലിബാന്‍ രൂപീകരിച്ച സര്‍ക്കാരിനെ ഇന്ത്യ അംഗീകരിച്ചിരുന്നില്ല. ''അഫ്ഗാന്‍ എംബസിയുമായുള്ള സഹകരണം കേന്ദ്ര സര്‍ക്കാര്‍ അവസാനിപ്പിക്കുകയും ചെയ്തിരുന്നു. ഇന്ത്യന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും അനുകൂല നടപടികള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ അതുണ്ടായില്ല. ഇതോടെയാണ് എംബസി പൂര്‍ണമായും അടച്ചിടലിലേക്ക് എത്തിയത്. കാബൂളിലെ നിയമാനുസൃത സര്‍ക്കാരിന്റെ അഭാവത്തിലും വിഭവങ്ങളുടെയും അധികാരത്തിന്റേയും പരിമിതിയിലും കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ ശ്രമിച്ചിരുന്നു, രണ്ടുവര്‍ഷത്തിനിടെ അഭയാര്‍ത്ഥികളും വിദ്യാര്‍ത്ഥികളും ഉള്‍പ്പെടെയുള്ള നിരവധി അഫ്ഗാന്‍ പൗരന്മാര്‍ ഇന്ത്യവിട്ടു. ഈ കാലയളവില്‍ ഇന്ത്യ അഫ്ഗാന്‍ പൗരന്മാര്‍ക്ക് പരിമിതമായി മാത്രമേ വിസ അനുവദിച്ചിട്ടുള്ളു. നയങ്ങളിലും താത്പര്യങ്ങളിലുമുള്ള മാറ്റങ്ങളുടെ ഫലമാണ് ഇത്തരത്തിലൊരു തീരുമാനത്തിലേക്ക് നയിച്ചത്. എംബസിയില്‍ ജോലി ചെയ്തിരുന്ന എല്ലാ നയതന്ത്ര ഉദ്യോഗസ്ഥരും ഇന്ത്യവിട്ട് മറ്റു രാജ്യങ്ങളിലേക്ക് പോയി. താലിബാനുമായി ബന്ധമുള്ള ഉദ്യോഗസ്ഥര്‍ മാത്രമാണ് ഇവിടെ തുടരുന്നത്. ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധം നിലനിര്‍ത്താനുള്ള അഫ്ഗാന്റെ താല്‍പര്യം മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കാന്‍ സാധിച്ചു. സഹകരിക്കുകയും പിന്തുണയ്ക്കുകയും ചെയ്ത ഇന്ത്യയിലെ അഫ്ഗാന്‍ പൗരന്മാര്‍ക്ക് നന്ദി പറയുന്നു. നയതന്ത്രം പൂര്‍ണമായും ഇന്ത്യന്‍ സര്‍ക്കാരിന് കൈമാറി' എന്നും അഫ്ഗാന്‍ എംബസി പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.