REPRESENTATIONAL IMAGE
അഫ്ഗാന്‍ ജനത കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍; ഇരകളാകുന്നത് സ്ത്രീകളും കുട്ടികളും
20 വര്‍ഷത്തിലേറെ നീണ്ട യുദ്ധം അഫ്ഗാനിസ്ഥാനെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കും ദാരിദ്ര്യത്തിലേക്കും എത്തിച്ചതായി യുണൈറ്റഡ് നേഷന്‍സ് ഓഫീസ് ഫോര്‍ ഹ്യൂമാനിറ്റേറിയന്‍ അഫയേഴ്‌സ് റിപ്പോര്‍ട്ടില്‍ പറയുന്നു. 2.83 ദശലക്ഷം ആളുകള്‍ക്ക് സാമ്പത്തിക സഹായം ആവശ്യമാണെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ഇരയാക്കപ്പെട്ടവരില്‍ 77 ശതമാനവും സ്ത്രീകളും കുട്ടികളുമാണ്.
ഭക്ഷണം, വെള്ളം, വൈദ്യുതി തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളുടെ ലഭ്യതക്കുറവ് രൂക്ഷമാണെന്നും റിപ്പോര്‍ട്ട് പറയുന്നു. കൂടാതെ ഗതാഗതത്തിന്റെ അഭാവവും ജനജീവിതത്തെ സാരമായി ബാധിക്കുന്നുണ്ട്. അന്താരാഷ്ട്ര സഹായം ആശ്രയിക്കുന്ന അഫ്ഗാനിസ്ഥാനില്‍ 1.76 ദശലക്ഷം ആളുകള്‍ അടിയന്തര ആരോഗ്യ പ്രശ്‌നങ്ങളും നേരിടുന്നവരാണ്.
താലിബാന്‍ ഭരണത്തില്‍ വലഞ്ഞ് സ്ത്രീകള്‍
താലിബാന്‍ ഭരണം പിടിച്ചെടുത്തതോടെ അഫ്ഗാനില്‍ സ്ത്രീകളുടെ ജീവിതം കൂടുതല്‍ ദുരിതത്തിലാണ്. കാബൂളിലും മറ്റു സമീപ പ്രവിശ്യകളിലും സ്ത്രീകളുടെ ബ്യൂട്ടി പാര്‍ലറുകള്‍ക്ക് താലിബാന്‍ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. താലിബാന്റെ ഉത്തരവ് പ്രകാരം കാബൂളിലും രാജ്യത്തെ മറ്റു പ്രവിശ്യകളിലും സ്ത്രീകളുടെ ബ്യൂട്ടി പാര്‍ലറുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുകയും, ലൈസന്‍സ് റദ്ദാക്കാന്‍ തീരുമാനിക്കുകയും ചെയ്തു. ഉന്നതനിലവാരത്തിലുള്ള യൂണിവേഴ്‌സിറ്റികള്‍, അന്താരാഷ്ട്ര സംഘടനകള്‍, ജിമ്മുകള്‍, പാര്‍ക്കുകള്‍ എന്നിവിടങ്ങളില്‍ സ്ത്രീകള്‍ക്ക് പ്രവേശനവും നിഷേധിച്ചു. സ്ത്രീകള്‍ പൊതു ഇടങ്ങളില്‍ പുരുഷന്മാരുടെ സാന്നിധ്യമില്ലാതെ പോകരുതെന്ന വിചിത്ര നിയമവും അഫ്ഗാനില്‍ നിലകൊള്ളുന്നു.
2021 ഡിസംബറിലാണ്, സ്ത്രീകള്‍ ആഭ്യന്തര, സര്‍ക്കാരിതര സ്ഥാപനങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്നത് നിരോധിക്കുന്നത്. അഫ്ഗാനിസ്ഥാനിലെ സ്ത്രീ സമൂഹത്തെ മുഴുവന്‍ തങ്ങളുടെ ആധിപത്യത്തില്‍ ഞെരിച്ചമര്‍ത്തുന്ന നയങ്ങളാണ് താലിബാന്‍ തുടര്‍ച്ചയായി സ്വീകരിച്ചിട്ടുള്ളത്. അടുത്തിടെ, വിവാഹമോചിതരായ സ്ത്രീകള്‍ ആദ്യഭര്‍ത്താവിനൊപ്പം തന്നെ ജീവിതം തുടരണമെന്നും ഇസ്ലാമിക ശരിയാ പ്രകാരം മാത്രമേ വിവാഹബന്ധം വേര്‍പ്പെടുത്താന്‍ കഴിയൂവെന്നും താലിബാന്‍ പ്രസ്താവന പുറപ്പെടുവിച്ചിരുന്നു. ഇതിലൂടെ ഗാര്‍ഹിക പീഡനങ്ങള്‍ക്ക് ഇരയായി വൈവാഹിക ജീവിതത്തില്‍ നിന്നും മോചനം നേടിയ നിരവധി സ്ത്രീകള്‍ക്ക് മുന്‍ഭര്‍ത്താവിന്റെ കൂടെത്തന്നെ ജീവിക്കേണ്ടി വരുന്നു. അതിനു തയ്യാറല്ലാത്ത പല സ്ത്രീകളും കുട്ടികളെയും കൊണ്ട് ഒളിവു ജീവിതമാണ് നയിക്കുന്നത്.
കുട്ടികളും ക്രൂശിക്കപ്പെടുന്നു
പത്തു വയസ്സിന് മുകളിലുള്ള പെണ്‍കുട്ടികളെ സ്‌കൂളുകളിലോ പരിശീലന കേന്ദ്രങ്ങളിലോ പ്രവേശിപ്പിക്കരുതെന്ന് സ്‌കൂള്‍ മേധാവികള്‍ക്ക് താലിബാന്‍ അടുത്തിടെ നിര്‍ദേശം നല്‍കിയിരുന്നു. ഇത്തരത്തില്‍ പഠനത്തിനായി എത്തുന്നവരെയും മൂന്നാം ക്ലാസിന് മുകളിലുള്ള പെണ്‍കുട്ടികളെയും വീടുകളിലേക്ക് മടക്കി അയയ്ക്കണമെന്നാണ് നിര്‍ദേശം. കഴിഞ്ഞ ഡിസംബറിലും പെണ്‍കുട്ടികള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവേശിക്കുന്നതിനെ താലിബാന്‍ വിലക്കിയിരുന്നു. ഇതിനെതിരെ യുഎന്‍ ഉള്‍പ്പെടെയുള്ള വിവിധ വിദേശ സര്‍ക്കാരുകളില്‍ നിന്ന് വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്.
അഫ്ഗാനിസ്ഥാനില്‍ 60% പെണ്‍കുട്ടികള്‍ക്കും 46% ആണ്‍കുട്ടികള്‍ക്കും പ്രൈമറി സ്‌കൂള്‍ വിദ്യാഭ്യാസം ലഭിക്കുന്നില്ലെന്ന് അടുത്തിടെ പ്രസിദ്ധീകരിച്ച അന്താരാഷ്ട്ര സംഘടനയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. കണക്കുകള്‍ പ്രകാരം അഫ്ഗാനിസ്ഥാനില്‍ ഏകദേശം 3.7 മില്ല്യണ്‍ കുട്ടികള്‍ സ്‌കൂളുകള്‍ക്ക് പുറത്താണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
അഫ്ഗാനിസ്ഥാനില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ സംഭവിക്കുന്ന വിവേചനങ്ങള്‍ക്കെതിരെ മുന്‍പും പല റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്. ഭീകര സംഘടനയായ താലിബാന്‍, അഫ്ഗാനിസ്ഥാന്‍ ഭരണം പിടിച്ചെടുത്തതിനുശേഷം ജനജീവിതം വളരെയധികം ദുസ്സഹമാണ്. കുട്ടികളുടെ അവകാശങ്ങള്‍ നിഷേധിക്കുന്നതില്‍ രാജ്യം ലോകത്തില്‍ ഏറ്റവും പിന്നില്‍ എത്തിയിരുന്നു. സന്നദ്ധസംഘടനയായ കിഡ്‌സ് റൈറ്റ്‌സ് ഫൗണ്ടേഷന്‍ 193 രാജ്യങ്ങളില്‍ സംഘടിപ്പിച്ച ഈ വര്‍ഷത്തെ സര്‍വെ റിപ്പോര്‍ട്ടിലാണ് അഫ്ഗാനിസ്ഥാന്റെ കുട്ടികള്‍ക്കെതിരെയുള്ള അവകാശ ലംഘനത്തെ വ്യക്തമാക്കുന്നത്. ജീവിതശൈലി, ആരോഗ്യം, വിദ്യാഭ്യാസം, സംരക്ഷണം, പ്രാപ്തനാക്കുന്ന സാഹചര്യം എന്നീ അഞ്ചു ഘടകങ്ങളെ ആസ്പദമാക്കി നടത്തിയ സര്‍വെയില്‍ 191-ാം സ്ഥാനത്താണ് അഫ്ഗാനിസ്ഥാന്‍.