.jpg)
IMAGE | WIKI COMMONS
അഫ്ഗാനിസ്ഥാന്‍ വെള്ളപ്പൊക്കം: ഒരു ദിവസത്തിനിടെ കൊല്ലപ്പെട്ടത് 200 പേര്‍
വെള്ളിയാഴ്ച പെയ്ത കനത്ത മഴയെ തുടര്‍ന്ന് വടക്കന്‍ അഫ്ഗാനിസ്ഥാനില്‍ വെള്ളപ്പൊക്കം രൂക്ഷമായതോടെ 200 ലധികം ആളുകള്‍ മരിച്ചതായി ഐക്യരാഷ്ട്ര സഭ അറിയിച്ചു. വെള്ളപ്പൊക്കമുണ്ടായ ബഗ്ലാന്‍ പ്രവിശ്യയില്‍ ആയിരക്കണക്കിന് വീടുകള്‍ തകര്‍ന്നതായും നിരവധി വീടുകള്‍ക്ക് ഭാഗികമായി കേടുപാടുകള്‍ സംഭവിച്ചതായും യുഎന്‍ ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ മൈഗ്രേഷന്‍ അറിയിച്ചു. അഫ്ഗാനിസ്ഥാന്‍ നാഷണല്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റിയുടെ റിപ്പോര്‍ട്ട് അനുസരിച്ച് ബഗ്‌ലാനി ജാദിദ് ജില്ലയില്‍ മാത്രം നൂറിലധികം പേര്‍ മരിക്കുകയും 1,500 വീടുകള്‍ തകരുകയും ചെയ്തു.
അഫ്ഗാനിസ്ഥാനിലുടനീളമുള്ള ഒന്നിലധികം പ്രവിശ്യകളില്‍ വെള്ളപ്പൊക്കം ഉണ്ടായിട്ടുണ്ട്. വടക്കുകിഴക്കന്‍ ബദക്ഷാന്‍ പ്രവിശ്യ, മധ്യ ഘോര്‍ പ്രവിശ്യ, പടിഞ്ഞാറന്‍ ഹെറാത്ത് എന്നിവിടങ്ങളില്‍ വെള്ളിയാഴ്ച പെയ്ത മഴ കനത്ത നാശം വിതച്ചതായി അധികൃതര്‍ അറിയിച്ചു. ദുരന്തബാധിത പ്രദേശങ്ങളിലേക്ക് അടിയന്തര സേനയെ വിന്യസിച്ചിട്ടുണ്ടെന്നും പരുക്കേറ്റവരെയും ഒറ്റപ്പെട്ടവരെയും രക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്നും പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. ഏപ്രില്‍ പകുതി മുതല്‍ അഫ്ഗാനിസ്ഥാന്‍ വെള്ളപ്പൊക്കത്തിന്റെ കെടുതികള്‍ നേരിടുന്നുണ്ട്.