
കാലാവസ്ഥ ഉച്ചകോടിയിൽ പങ്കെടുക്കാൻ അഫ്‌ഗാനിസ്ഥാനും; താലിബാൻ ഭരണം വന്നതിന് ശേഷം അഫ്ഗാൻ പങ്കെടുക്കുന്ന ആദ്യത്തെ ഉച്ചകോടി
ഇന്ന് (നവംബർ 11) മുതൽ അസർബൈജാനിൽ നടക്കുന്ന യുഎൻ കാലാവസ്ഥാ വ്യതിയാന ഉച്ചകോടിയിൽ അഫ്‌ഗാനിസ്ഥാൻ പങ്കെടുക്കും. താലിബാൻ ഭരണത്തിൽ വന്നതിന് ശേഷം അഫ്ഗാനിസ്ഥാൻ പങ്കെടുക്കുന്ന ആദ്യത്തെ യുഎൻ ഉച്ചകോടിയാണിത്. അസർബൈജാനിലെ ബാക്കുവിൽ നടക്കുന്ന സിഒപി 29 എന്നറിയപ്പെടുന്ന സമ്മേളനത്തിൽ പങ്കെടുക്കാൻ സംഘം പോയതായി ദേശീയ പരിസ്ഥിതി സംരക്ഷണ ഏജൻസി സമൂഹമാധ്യമമായ എക്സിൽ അറിയിച്ചു.
പലരാജ്യങ്ങളും ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ലാത്ത ഭരണാധികാരികളായ താലിബാനെ സംബന്ധിച്ചിടത്തോളം ഇതൊരു സുപ്രധാന ചർച്ചയാണ്. അഫ്ഗാൻ ദേശീയ സുരക്ഷാ സേനയുടെ തകർച്ചയും, അഫ്ഗാനിസ്ഥാൻ സർക്കാരിന്റെ പതനത്തെയും തുടർന്ന് 2021 ഓഗസ്റ്റ് 15 മുതൽ താലിബാൻ അഫ്ഗാനിസ്ഥാനിൽ ഭരണം നടത്തുകയാണ്.
പരിസ്ഥിതി സംരക്ഷണം, കാലാവസ്ഥാ വ്യതിയാനം എന്നിവയിൽ അന്താരാഷ്ട്ര രാജ്യങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്താൻ ഈ ഉച്ചകോടി സഹായകമാകും. കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട്, നിലവിലെ സാമ്പത്തിക സംവിധാനങ്ങളിലേക്കുള്ള അഫ്ഗാനിസ്ഥാൻ്റെ ആവിശ്യങ്ങൾ പങ്കുവെക്കാനും, കാലാവസ്ഥ പ്രതിസന്ധി ലഘൂകരണ ശ്രമങ്ങൾ എന്നീ കാര്യങ്ങൾ ചർച്ച ചെയ്യാൻ പ്രതിനിധി സമ്മേളനം ഉപയോഗപ്പെടുത്തുമെന്ന് പരിസ്ഥിതി ഏജൻസി തലവൻ മതിയുൾ ഹഖ് ഖാലിസ് പറഞ്ഞു.
ഈയടുത്തായി പുറത്തിറങ്ങിയ സേവ് ദി ചിൽഡ്രൻ റിപ്പോർട്ടിൽ കാലാവസ്ഥ വ്യതിയാനത്തിന്റെ ഏറ്റവും കൂടുതൽ പ്രതിസന്ധി നേരിടുന്ന രാജ്യങ്ങളുടെ പട്ടികയിൽ ആറാം സ്ഥാനത്താണ് അഫ്‌ഗാനിസ്ഥാനുള്ളത്. അഫ്ഗാനിസ്ഥാനിലെ 34 പ്രവിശ്യകളിൽ 25 എണ്ണമെങ്കിലും കടുത്ത വരൾച്ചയെ നേരിടുകയാണ്. ഇത് അവിടത്തെ ജനസംഖ്യയുടെ പകുതിയിലധികം പേരെ ബാധിക്കുന്നുണ്ട്. 2023 ൽ കാലാവസ്ഥാ ദുരന്തങ്ങൾ മൂലം ഏറ്റവും കൂടുതൽ കുട്ടികൾ ഭവനരഹിതരായത് അഫ്ഗാനിസ്ഥാനിലാണെന്നും റിപ്പോർട്ട് പറയുന്നു.
2022 ജൂണിലെയും ഒക്‌ടോബറിലെയും ഭൂകമ്പങ്ങളും, 2024 ഏപ്രിലിലെ വെള്ളപ്പൊക്കവും പോലുള്ള പ്രകൃതി ദുരന്തങ്ങളിൽ നിന്നുള്ള വെല്ലുവിളികൾ അഫ്ഗാനിസ്ഥാൻ നേരിടുകയാണ്.