REPRESENTATIONAL IMAGE: PTI
മൂന്ന് വർഷത്തിനു ശേഷം സംസ്ഥാനത്ത് കോവിഡ് കേസുകളുടെ എണ്ണം പൂജ്യത്തിൽ തൊട്ടു
സംസ്ഥാനത്ത് കോവിഡ് കേസുകളുടെ എണ്ണം പൂജ്യമായി. മൂന്ന് വർഷത്തിന് ശേഷം ഇതാദ്യമായാണ് കോവിഡ് കേസുകളുടെ എണ്ണം പൂജ്യമാകുന്നത്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം കേരളത്തിൽ ജൂലൈ അഞ്ചാം തീയതി കോവിഡ് കേസുകൾ ഒന്നും തന്നെ റിപ്പോർട്ട് ചെയ്തിട്ടില്ല.
ഒന്നാം തീയതി 12 കേസുകൾ, രണ്ടാം തീയതി മൂന്ന് കേസുകൾ, മൂന്നാം തീയതി ഏഴ് കേസുകൾ, നാലാം തീയതി ഒരു കേസ്, അഞ്ചാം തീയതി പൂജ്യം കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നിലവിൽ കേരളത്തിൽ 1033 കോവിഡ് രോഗികൾ ആണ് ഉള്ളത്. 2020 മെയ് 7 നാണ് ഇതിനു മുൻപ് പൂജ്യം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്. രാജ്യത്ത് 50 ൽ താഴെ കേസുകളാണ് പ്രതിദിനം റിപ്പോർട്ട് ചെയ്യപ്പെടുന്നത്.
ആശങ്കയിൽ ചൈന
റിപ്പോർട്ടുകൾ പ്രകാരം ചൈനയിൽ ജൂൺ മാസത്തിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 239 ആണ്. മാർച്ച്-ഏപ്രിൽ മാസങ്ങളിൽ കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നാൽ മെയ് മാസത്തിൽ മരണ സംഖ്യ 164 ആയിരുന്നു. 2022 ഡിസംബറിൽ കോവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ചതോടെയാണ് ചൈനയിൽ വീണ്ടും ശക്തമായി രോഗവ്യാപനം ഉണ്ടാകുന്നത്. 2023 ജനുവരി-ഫെബ്രുവരി മാസങ്ങളിൽ സംഭവിച്ചത് 4273 മരണങ്ങളാണ്. ഈ വർഷം ഏപ്രിൽ മുതൽ ഉള്ള കേസുകൾ പരിശോധിക്കുമ്പോൾ രാജ്യത്തുടനീളമുള്ള ആശുപത്രികളിൽ കോവിഡ് രോഗനിർണയം നടത്തിയവരുടെ എണ്ണത്തിൽ അഞ്ചിരട്ടിയിലധികം വർധനവ് രേഖപ്പെടുത്തിയിരിക്കുകയാണ്. ചൈനീസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആന്റ് പ്രിവൻഷൻ (സിഡിസി) പുറത്തുവിട്ട ഡാറ്റയിൽ ഈ കണക്കുകൾ വ്യക്തമാക്കുന്നുണ്ട്. കണക്കുകൾ പ്രകാരം 2022 ലേതുമായി താരതമ്യപ്പെടുത്തുമ്പോൾ മെയ്മാസത്തിൽ ചൈനയിൽ വീണ്ടും കോവിഡ് തരംഗം ഉണ്ടായി എന്നാണ് വ്യക്തമാകുന്നത്. ചൈനയിൽ മെയ് മാസത്തിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 164 ആണ്. 2,777 പേർക്കാണ് ഗുരുതരമായ അണുബാധയേറ്റത്.
ലോകത്ത് കോവിഡ് കുറഞ്ഞുവരുന്ന സാഹചര്യത്തിൽ മെയ് ആദ്യവാരത്തിൽ ലോകാരോഗ്യ സംഘടന കോവിഡ് അടിയന്തരാവസ്ഥ പിൻവലിച്ചിരുന്നു. പൊതുജനങ്ങൾ വാക്‌സിൻ സ്വീകരിച്ചതിലൂടെയും സ്വഭാവിക പ്രതിരോധം നേടിയതിലൂടെയും മരണങ്ങൾ കുറയുന്നുവെന്നും പഠനങ്ങളിൽ വ്യക്തമാക്കി. എന്നാൽ, ആഗോള അടിയന്തരാവസ്ഥ എന്ന നിലയിൽ നിന്ന് കോവിഡ് മാറുന്നു എന്നത് കൊണ്ട് അത് ആഗോള ആരോഗ്യ ഭീഷണി അല്ലാതാവുന്നില്ല, കോവിഡിന്റെ പുതിയ വകഭേദങ്ങൾ മൂലം പുതിയ കേസുകളും മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടെന്നും 2030 വരെ സമയപരിധി നിശ്ചയിക്കപ്പെട്ടിട്ടുള്ള സുസ്ഥിര വികസന ലക്ഷ്യങ്ങൾക്ക് കീഴിലെ ആരോഗ്യവുമായി ബന്ധപ്പെട്ട് കൈവരിക്കേണ്ട നേട്ടങ്ങളെ കോവിഡ്-19 ബാധിച്ചിട്ടുണ്ടെന്നും ഡബ്യു.എച്ച്.ഒ മേധാവി വ്യക്തമാക്കിയിരുന്നു.
തുടക്കം മുതൽ സംശയം ചൈനയെ
2019 ഡിസംബറിൽ ചൈനയിലെ വുഹാനിലാണ് കോവിഡ് വൈറസിന്റെ ഉത്ഭവം. മൃഗങ്ങളെ വിൽപ്പന നടത്തുന്ന വുഹാനിലെ ചന്തയാണ് വൈറസിന്റെ ഉത്ഭവ കേന്ദ്രമെന്നായിരുന്നു ആദ്യകാല പഠനങ്ങൾ പറഞ്ഞിരുന്നത്. എന്നാൽ വൈറസുകളെക്കുറിച്ച് പഠനം നടത്തുന്ന വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുടെ ആസ്ഥാനവും വുഹാനിലാണ്. പിന്നീട് ഈ ലാബിൽ നിന്നാകാം കൊറോണ വൈറസ് ചോർന്നതെന്ന സംശയം ഉയരുകയായിരുന്നു. അമേരിക്കൻ പ്രസിഡന്റായിരുന്നപ്പോൾ ഡൊണാൾഡ് ട്രംപ് ആണ് ഇക്കാര്യം ആദ്യം മുന്നോട്ടുവച്ചത്. എന്നാൽ പൊതുജനാരോഗ്യ വിദഗ്ധരും ചൈനയും ഈ ആരോപണത്തെ ശക്തമായി നിഷേധിച്ചു. പിന്നീട് പല ലോകരാജ്യങ്ങളും ചൈനയ്‌ക്കെതിരെ രംഗത്തുവരികയായിരുന്നു. കൊറോണ വൈറസിന്റെ ഉത്ഭവം കണ്ടെത്താനുള്ള അന്വേഷണത്തോട് ചൈനീസ് സർക്കാരിന്റെ സഹകരണമില്ലായ്മയും ചൈനയെ സംശയനിഴലിൽ നിർത്തുകയായിരുന്നു.
ജോ ബൈഡൻ അമേരിക്കൻ പ്രസിഡന്റായതിനുശേഷം 2021 മെയ് മാസത്തിൽ ഇന്റലിജൻസ് അന്വേഷണത്തിനും ഉത്തരവിട്ടു. ചൈനയിലെ ലാബിൽ നിന്നാണ് കൊറോണ വൈറസിന്റെ ചോർച്ചയുണ്ടായതെന്ന് വാൾസ്ട്രീറ്റ് ജേണൽ ഉൾപ്പെടെ നിരവധി യുഎസ് ഇന്റലിജൻസ് റിപ്പോർട്ടുകളും പുറത്തുവന്നു. 2021 മാർച്ചിൽ ലോകാരോഗ്യ സംഘടന (WHO) യിലെ ഒരു സംഘം ഗവേഷകർ വുഹാനിലെ ലാബിൽ സന്ദർശനം നടത്തി. എന്നാൽ ആ സന്ദർശനത്തെ ചൈനീസ് സർക്കാർ തടസ്സപ്പെടുത്തുകയും വുഹാൻ ലാബിൽ അത്തരത്തിൽ ചോർച്ചയ്ക്കുള്ള യാതൊരു സാധ്യതയുമില്ലെന്നും ചൈന പറഞ്ഞിരുന്നു.
ലോകത്തെ ഭീതിയിലാഴ്ത്തിയ രോഗാണു
മനുഷ്യരാശിയെ ഏറ്റവുമധികം ഭീതിയിലാഴ്ത്തിയ രോഗാണുവായിരുന്നു കൊറോണ വൈറസ്. 69 ലക്ഷത്തിലധികം മനുഷ്യരെയാണ് കോവിഡ് ഇതിനോടകം കൊന്നൊടുക്കിയത് എന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പറയുന്നത്. കോവിഡ് വൈറസ് തലച്ചോറുൾപ്പെടെ ശരീരത്തിലെ മുഴുവൻ ഭാഗങ്ങളെയും ബാധിക്കുമെന്ന് അടുത്തിടെ നടന്ന പഠനം വ്യക്തമാക്കുന്നു. രോഗബാധിതരിൽ എട്ടു മാസത്തോളം വൈറസ് സാന്നിധ്യം നിലനിൽക്കും. കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങളിൽ നടത്തിയ പോസ്റ്റുമോർട്ടം പരിശോധനയിൽ ശേഖരിച്ച കോശങ്ങളിൽ നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ. 2020 ഏപ്രിൽ മുതൽ 2021 മാർച്ച് വരെയുള്ള കാലയളവിൽ യുഎസ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്താണ് പഠനം നടത്തിയത്. ശ്വാസനാളിയെയും ശ്വാസകോശ കലകളെയുമാണ് വൈറസ് ആദ്യം ബാധിക്കുന്നതും പരുക്കേൽപ്പിക്കുന്നതുമെന്നാണ് കണ്ടെത്തൽ.