TMJ
searchnav-menu
post-thumbnail

TMJ Daily

60 വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ വധശിക്ഷയിൽ നിന്നും മുക്തനായി 88 കാരൻ  

23 Oct 2024   |   2 min Read
TMJ News Desk

സിനിമാ കഥയെ വെല്ലുന്ന ജീവിതമെന്ന പ്രയോഗം പലപ്പോഴും ആവർത്തന വിരസമായി തോന്നാറുണ്ട്. പക്ഷെ ഇവാവോ ഹകമാഡോ എന്ന ജപ്പാൻകാരനെ സംബന്ധിച്ചിടത്തോളം ആ പ്രയോഗം തികച്ചും അന്വർത്ഥമാണ്. വധശിക്ഷക്ക് വിധിക്കപ്പെട്ട ഇവാവോ ആറ് പതിറ്റാണ്ടുകൾക്ക് ശേഷം ജീവിതത്തിലേക്ക് നടന്നെത്തിയ മനുഷ്യനാണ്. ബോക്സിങ് കൂട്ടിൽ തിളങ്ങി നിന്ന കാലത്ത് അവിടെ നിന്ന് അപ്രതീക്ഷിതമായി പ്രതിക്കൂട്ടിലേക്ക് കയറ്റപ്പെട്ട മുപ്പതുകാരൻ. ചെയ്യാത്ത കുറ്റത്തിന് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് 58 വർഷം തടവറയിൽ കഴിയുക. അതിൽ, 48 വർഷം ഏകാന്തതടവ്.

മരണതുല്യമായി ഒരു ജീവിതകാലം ജീവിച്ചു തീർത്ത് സ്വാതന്ത്ര്യത്തിലേക്ക് പടികയറിയ ചരിത്രമാണ് 88 കാരനായ ഇവാവോ ഹകമാഡ എന്ന ജപ്പാൻകാരന്റേത്. നീതി തേടിയുള്ള ഹകമാഡോയുടെയും, മൂത്ത സഹോദരി ഹിഡകോ ഹമകാഡയുടെയും ആറ് പതിറ്റാണ്ടോളം നീണ്ട പോരാട്ടങ്ങളുടെ അവസാനമായിരുന്നു ഈ മാസം ആദ്യം ഫലം കണ്ടത്.

ജപ്പാനിലെ പ്രൊഫഷണൽ ബോക്സറായ ഇവാവോ ഹകമാഡ, 29 പ്രൊഫഷണൽ ബോക്സിംഗ് മത്സരങ്ങളിൽ പങ്കെടുക്കുകയും 16 മത്സരങ്ങളിൽ വിജയിക്കുകയും ചെയ്തു. 1959 മുതൽ 1961 വരെയുള്ള കാലത്ത് മികച്ച ബോക്സറായിരുന്നു ഹകമാഡ. എന്നാൽ പൊലീസിന്റെയും, നിയമത്തിന്റെയും വീഴ്ച കാരണം ഹകമാഡയ്ക്ക് നഷ്ടപ്പെട്ടത് തന്റെ 58 വർഷമായിരുന്നു.

തന്റെ മുപ്പതാം വയസ്സിൽ ചെയ്യാത്ത തെറ്റിന് തടവിലാക്കപ്പെട്ട് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഹകമാഡ, 2011 ൽ ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ വധശിക്ഷ തടവുകാരനായി മാറി. തൻ്റെ നിരപരാധിത്വം തെളിയിക്കാനുള്ള ഹകമാഡയുടെ 60 വർഷം നീണ്ട നിയമ പോരാട്ടത്തിന് ഒടുവിൽ 88-ാം വയസ്സിൽ ഹകമാഡയെ ഷിസുവോക്ക ജില്ലാ കോടതി കുറ്റവിമുക്തനാക്കി.

ചെയ്യാത്ത കുറ്റത്തിന് വധശിക്ഷവരെ എത്തി, ജീവിതത്തിലേക്ക് തിരികെ വന്ന ഇവാവോ ഹകമാഡയുടെ ജീവിതം ഒരുപക്ഷേ, ലോകത്തിലെ നീതി തേടിയുള്ള ഏറ്റവും നീണ്ട വ്യക്തിഗത പോരാട്ടമായിരിക്കും. തന്റെ ബോക്സിങ് കരിയറിൽ വേറിട്ട വ്യക്തി മുദ്ര പതിപ്പിക്കേണ്ടിയിരുന്ന ഇവാവോ ഹകമാഡയ്ക്ക് നേരിടേണ്ടി വന്നത് ക്രൂര പീഡനങ്ങളായിരുന്നു. നഷ്ടമായത് അരനൂറ്റാണ്ടിലേറെക്കാലത്തെ സ്വതന്ത്ര വ്യക്തി ജീവിതവും. ലോകത്ത് ഏറ്റവും കൂടുതൽ കാലം വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് തടവിൽ കഴിഞ്ഞ വ്യക്തി കൂടിയാണ് ഹകമാഡ.

കുറ്റവിമുക്തനായ ഹകമാഡയെ കാണാൻ ഷിസുവോക പ്രദേശത്തെ പൊലീസ് മേധാവിയായ തകയോഷി സുഡയെത്തിയിരുന്നു. ഹകമാഡയുടെ വീട് സന്ദർശിക്കുകയും, ചെയ്ത കുറ്റത്തിന്  പൊലീസ് മേധാവി ഇവാവോ ഹകമാഡയോട് വ്യക്തിപരമായി ക്ഷമാപണം നടത്തുകയും ചെയ്തു.  ഞങ്ങൾ വളരെ ഖേദിക്കുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്.

അധികാരം ഉണ്ടായിരിക്കുക എന്നതിന്റെ അർത്ഥമെന്താണ് എന്ന് പതിറ്റാണ്ടുകളുടെ വധശിക്ഷാ തടവിൽ നിന്ന്, മാനസികാവസ്ഥ കാരണം സംഭാഷണം നടത്താൻ ബുദ്ധിമുട്ടുന്ന ഹകമാഡ പ്രതികരിച്ചു.

ജപ്പാനിലെ ഹമാമത്സുവിലെ ഒരു മിസോ ബീൻ പേസ്റ്റ് കമ്പനിയിലെ, എക്സിക്യൂട്ടീവിനെയും അദ്ദേഹത്തിൻ്റെ മൂന്ന് കുടുംബാംഗങ്ങളെയും കൊലപ്പെടുത്തിയെന്നാരോപിച്ചാണ് 1966 ഓഗസ്റ്റിൽ, ഹകമാഡയെ അറസ്റ്റ് ചെയ്തത്. അദ്ദേഹത്തെ 1968 ൽ ആദ്യം വധശിക്ഷയ്ക്ക് വിധിച്ചുവെങ്കിലും, അപ്പീലും പുനർവിചാരണ പ്രക്രിയയും കാരണം വധശിക്ഷ മാറ്റിവച്ചു.

പുനരന്വേഷണത്തിനായുള്ള അദ്ദേഹത്തിന്റെ ആദ്യ അപ്പീൽ സുപ്രീം കോടതി നിരസിക്കാൻ ഏകദേശം മൂന്ന് പതിറ്റാണ്ടുകളാണെടുത്തത്. ശേഷം 2008 ൽ അദ്ദേഹത്തിൻ്റെ സഹോദരി സമർപ്പിച്ച പുനരന്വേഷണത്തിനായുള്ള രണ്ടാമത്തെ അപ്പീൽ കോടതി അനുവദിച്ചത് 2014 ൽ. തുടർന്ന് ഹകമാഡയെ ഏകാന്ത തടവിൽ നിന്ന് മോചിപ്പിക്കാൻ കോടതി ഉത്തരവിടുകയായിരുന്നു.

യുദ്ധാനന്തര ജപ്പാനിൽ, ക്രിമിനൽ വിചാരണകളും, പുനരന്വേഷണങ്ങളും വളരെ വിരളമായ സാഹചര്യത്തിൽ, പുനർവിചാരണയിലൂടെ കുറ്റവിമുക്തനാക്കപ്പെടുന്ന അഞ്ചാമത്തെ വധശിക്ഷാ തടവുകാരൻ എന്ന പ്രത്യേകത കൂടി ഇവാവോ ഹകമാഡക്ക് ഉണ്ട്.


#Daily
Leave a comment