
തീരുവ, അപൂർവ ധാതുക്കൾ എന്നിവയിൽ ധാരണയായി: ഡൊണാൾഡ് ട്രംപ്
തെക്കൻ കൊറിയയിലെ ബുസാനിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങും തമ്മിൽ നടന്ന കൂടിക്കാഴ്ചയിൽ തീരുവയുടെയും, അപൂർവ ധാതുക്കളുടെയും കാര്യത്തിൽ ധാരണ ആയതായി ഡൊണാൾഡ് ട്രംപ് മാധ്യമങ്ങളെ അറിയിച്ചു. ചൈനയ്ക്ക് മേലുള്ള തീരുവ 47% ആയി കുറയ്ക്കുമെന്നും പകരമായി ചൈന യുഎസ് സോയാബീൻ വാങ്ങലുകൾ പുനരാരംഭിക്കുന്നതിനും, അപൂർവ ധാതുക്കളുടെ കയറ്റുമതി സുഗമമായി നിലനിർത്തുന്നതിനും, ഫെന്റനൈലിന്റെ നിയമവിരുദ്ധ വ്യാപാരം തടയുന്നതിനും കരാറിൽ ഒപ്പ് വച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു.
ഏഷ്യ പസഫിക് സാമ്പത്തിക ഉച്ചകോടിക്ക് മുന്നോടിയായി നടന്ന ഇരുവരുടെയും കൂടിക്കാഴ്ച 6 വർഷത്തിൽ ഇത് ആദ്യമായാണ്. 2019ൽ ആയിരുന്നു ഇരു നേതാക്കളും ഇതിന് മുൻപ് നേരിട്ട് കൂടിക്കാഴ്ച നടത്തിയത്.
ട്രംപ് വ്യാപാര യുദ്ധം ആരംഭിച്ചതിന് ശേഷം ചൈനയ്ക്ക് മേൽ കനത്ത തീരുവ ഏർപ്പെടുത്തിയിരുന്നു. ഇതേ തുടർന്ന് അപൂർവ ധാതുക്കളുടെ അമേരിക്കയിലേക്കുള്ള കയറ്റുമതിയിൽ ചൈനയും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ സാഹചര്യത്തിലാണ് ഇന്നത്തെ കൂടിക്കാഴ്ച. ട്രംപ്-ഷീ കൂടിക്കാഴ്ചയുടെ കൂടുതൽ വിശദാംശങ്ങൾ പുറത്ത് വന്നിട്ടില്ല.


