
കൃഷി പ്രഥമ എഞ്ചിന്‍; 100 കാര്‍ഷിക ജില്ലകള്‍ വികസിപ്പിക്കും: നിര്‍മ്മല സീതാരാമന്‍
രാജ്യത്തുടനീളം കര്‍ഷകര്‍ വിവിധ ആവശ്യങ്ങള്‍ ഉയര്‍ത്തി സമരം ചെയ്യുന്നതിനിടയില്‍ കൃഷിയാണ് പ്രഥമ എഞ്ചിന്‍ എന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ കേന്ദ്ര ബജറ്റ് അവതരിപ്പിച്ചു കൊണ്ട് അഭിപ്രായപ്പെട്ടു. ആറ് മേഖലകള്‍ക്ക് ഊന്നല്‍ നല്‍കുന്ന ബജറ്റാണ് മന്ത്രി അവതരിപ്പിക്കുന്നത്. ഇതില്‍ ആദ്യത്തെ മേഖലയാണ് കൃഷി.
കൃഷിക്കായി പി എം ധന്‍ ധാന്യ കൃഷി യോജന കേന്ദ്ര മന്ത്രി പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി 100 ജില്ലകളില്‍ കാര്‍ഷിക ജില്ലാ പദ്ധതി പ്രഖ്യാപിച്ചു. ഉയര്‍ന്ന ഉല്‍പാദനം നല്‍കുന്ന വിത്തുകള്‍ക്കായി ഒരു ദേശീയ മിഷന്‍ അവതരിപ്പിക്കും.
സംസ്ഥാനങ്ങളുമായുള്ള പങ്കാളിത്തത്തോടെ പച്ചക്കറികള്‍ക്കും ഫലങ്ങള്‍ക്കുമായി സമഗ്ര പദ്ധതി അവതരിപ്പിക്കും. ബീഹാറില്‍ മഖാന ബോര്‍ഡ് സ്ഥാപിക്കും.
ആഗോള തലത്തില്‍ മത്സ്യ ഉല്‍പന്ന രംഗത്ത് ഇന്ത്യയ്ക്ക് രണ്ടാം സ്ഥാനമുണ്ടെന്ന് മന്ത്രി പറഞ്ഞു. ഇന്ത്യയുടെ സാമ്പത്തിക മേഖലയില്‍ മത്സ്യകൃഷിയില്‍ നിന്നും നേട്ടം കൊയ്യുന്നതിനായി സുസ്ഥിരമായ രൂപരേഖ തയ്യാറാക്കും.
പരുത്തി കൃഷിയുടെ ഉല്‍പാദനം മെച്ചപ്പെടുത്തുന്നതിനായി പരുത്തി മിഷനും മന്ത്രി പ്രഖ്യാപിച്ചു. 7.7 കോടി കര്‍ഷകര്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കും ക്ഷീര കര്‍ഷകര്‍ക്കും കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് വഴി ഹ്രസ്വകാല വായ്പ ലഭ്യമാക്കും. വായ്പാ പരിധി മൂന്ന് ലക്ഷം രൂപയില്‍ നിന്നും അഞ്ച് ലക്ഷം രൂപയായി വര്‍ദ്ധിപ്പിക്കും.
യൂറിയ ഉല്‍പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കുന്നതിനായി അസമില്‍ 12.7 ലക്ഷം മെട്രിക് ടണ്‍ വാര്‍ഷിക ശേഷിയുള്ള ഒരു പ്ലാന്റ് സ്ഥാപിക്കും.