TMJ
searchnav-menu
post-thumbnail

TMJ Daily

എഐ ക്യാമറ: കൂടുതല്‍ രേഖകള്‍ പുറത്തുവിട്ട് ചെന്നിത്തല, 132 കോടിയുടെ അഴിമതി  

02 May 2023   |   2 min Read
TMJ News Desk

ഐ ക്യാമറ ഇടപാടില്‍ 132 കോടി രൂപയുടെ അഴിമതി നടന്നതായി മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അഴിമതിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷവും മാധ്യമങ്ങളും രേഖകള്‍ പുറത്തുവിട്ടിട്ടും ഇതിനെക്കുറിച്ച് ഒരക്ഷരം മിണ്ടാന്‍ സര്‍ക്കാരും മുഖ്യമന്ത്രിയും തയാറാകുന്നില്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

സംസ്ഥാന ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതിയാണ് എഐ ക്യാമറയിലൂടെ നടന്നിരിക്കുന്നത്. എന്നിട്ടും അഴിമതിക്കാരെ സംരക്ഷിക്കുകയാണ് മുഖ്യമന്ത്രി ചെയ്യുന്നത്. പ്രതിപക്ഷം പുകമറയുണ്ടാക്കുന്നുവെന്ന് പറഞ്ഞ് സര്‍ക്കാരിന് രക്ഷപ്പെടാനാവില്ല. കെല്‍ട്രോണ്‍ പുറത്തുവിട്ട രേഖകള്‍ ക്രമക്കേട് തെളിയിക്കുന്നതാണ്. പ്രവൃത്തി പരിചയമില്ലാത്ത കമ്പനികള്‍ക്ക് കരാര്‍ നല്‍കിയാണ് ഇടപാട് നടത്തിയത്. കെല്‍ട്രോണ്‍ പല രേഖകളും മറച്ചുവയ്ക്കുകയാണ്. വ്യവസായ മന്ത്രി കെല്‍ട്രോണിനെ വെള്ളപൂശുകയും അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്ത വിചിത്രമായ നടപടിയാണ് സ്വീകരിച്ചതെന്നും ചെന്നിത്തല പറഞ്ഞു.

പത്തു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയമാണ് ടെന്‍ഡറില്‍ പങ്കെടുക്കേണ്ട കമ്പനിക്ക് വേണ്ടത്. എന്നാല്‍, കെല്‍ട്രോണ്‍ വിളിച്ച ടെന്‍ഡറില്‍ പങ്കെടുത്ത അക്ഷര എന്റര്‍പ്രൈസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി രജിസ്റ്റര്‍ ചെയ്തത് 2017 ലാണ്. ഈ കമ്പനിക്ക് എങ്ങനെ പത്തു വര്‍ഷത്തെ പ്രവൃത്തിപരിചയം അവകാശപ്പെടാന്‍ സാധിക്കുമെന്നും ചെന്നിത്തല ചോദിച്ചു.

100 കോടി രൂപ വേണ്ടി വരുന്ന എഐ ക്യാമറ പദ്ധതി 232 കോടിക്കാണ് പദ്ധതി ടെന്‍ഡര്‍ ചെയ്തത്. 132 കോടി രൂപയുടെ അഴിമതിയാണ് നടന്നത്. പദ്ധതിയുടെ ടെന്‍ഡര്‍ സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് മറുപടി പറയാതെ സര്‍ക്കാരും കെല്‍ട്രോണും ഉരുണ്ടുകളിക്കുകയാണ്. കെല്‍ട്രോണ്‍ പുറത്തുവിട്ട ഒമ്പത് രേഖകള്‍ പരിശോധിച്ചാല്‍ പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങള്‍ ശരിവയ്ക്കുന്നതാണെന്നും എന്നിട്ടും മുഖ്യമന്ത്രി ശ്രമിക്കുന്നത് പുകമറ സൃഷ്ടിക്കാനാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

പല രേഖകളും കെല്‍ട്രോണ്‍ മറച്ചുവയ്ക്കുകയാണെന്ന് പറഞ്ഞ ചെന്നിത്തല, ടെക്‌നിക്കല്‍ ഇവാല്യുവേഷന്‍ സമ്മറി റിപ്പോര്‍ട്ട്, ഫിനാന്‍ഷ്യല്‍ ബിഡ് ഇവാല്യുവേഷന്‍ സമ്മറി റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടു. സര്‍ക്കാരും കെല്‍ട്രോണും ഒളിച്ചുവച്ച സുപ്രധാന രേഖയാണ് പുറത്തുവിടുന്നതെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.


മറുപടി നല്‍കാതെ ഗതാഗത മന്ത്രി

പദ്ധതിയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്‍കാന്‍ ഗതാഗത മന്ത്രി ആന്റണി രാജു തയാറായില്ല. ആരോപണങ്ങള്‍ക്കുള്ള മറുപടികള്‍ നല്കേണ്ടത് കെല്‍ട്രോണ്‍ ആണെന്നും അദ്ദേഹം പറഞ്ഞു. പദ്ധതി തയാറാക്കിയത് മോട്ടര്‍ വാഹനവകുപ്പല്ലെന്നും അഞ്ചുവര്‍ഷത്തേക്കുള്ള പദ്ധതി നടപ്പാക്കുന്നത് കെല്‍ട്രോണ്‍ തന്നെയായിരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

2018 ലാണ് പദ്ധതി കെല്‍ട്രോണിനെ ഏല്‍പ്പിക്കുന്നത്. അന്ന് ഞാന്‍ മന്ത്രിയല്ല. 2021ലാണ് മന്ത്രിസ്ഥാനത്തെത്തുന്നത്. അതിനു മുന്‍പെ ആവിഷ്‌കരിച്ച പദ്ധതിയാണ്. ക്യാമറകളുടെ വില സംബന്ധിച്ചും സാങ്കേതിക കാര്യങ്ങള്‍ സംബന്ധിച്ചും പ്രതികരിക്കേണ്ടത് പദ്ധതി തയാറാക്കിയ കെല്‍ട്രോണാണ്. കെല്‍ട്രോണ്‍ സര്‍ക്കാര്‍ സ്ഥാപനമാണ്. ഇതിനുള്ള ശേഷി കെല്‍ട്രോണിന് ഉള്ളതുകൊണ്ടാണ് പദ്ധതി അവരെ ഏല്പിച്ചതെന്നും മന്ത്രി പ്രസ്താവിച്ചു.

അതേസമയം, എഐ ക്യാമറ പദ്ധതി സുതാര്യമാണെന്നും ഒരു ക്യാമറ സിസ്റ്റത്തിന്റെ വില 35 ലക്ഷം രൂപയാണെന്ന പ്രചാരണം തെറ്റാണെന്നും വില 9.5 ലക്ഷം രൂപ മാത്രമാണെന്നും കെല്‍ട്രോണ്‍ സിഎംഡി എന്‍ നാരായണ മൂര്‍ത്തി പറഞ്ഞു. 74 കോടി രൂപയാണ് ക്യാമറയ്ക്കായി ചിലവാക്കിയത്. ബാക്കി സാങ്കേതിക സംവിധാനങ്ങള്‍ക്കുള്ള ചിലവാണ്. പദ്ധതിയുടെ ഉപകരാറുകള്‍ എസ്ആര്‍ഐടി എന്ന കമ്പനിയാണ് നല്‍കിയത്. ഇതില്‍ കെല്‍ട്രോണിന് പങ്കില്ലെന്നും ഉപകരാര്‍ കൊടുക്കുന്നത് കെല്‍ട്രോണ്‍ അറിയണമെന്നില്ലെന്നും നാരായണ മൂര്‍ത്തി പറഞ്ഞു.

പിടിമുറുക്കാന്‍ എഐ ക്യാമറ

ട്രാഫിക്ക് നിയമലംഘനങ്ങള്‍ പിടികൂടുന്നതിനായി അത്യാധുനിക നിരീക്ഷണ ക്യാമറകളുടെ പ്രവര്‍ത്തനോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഏപ്രില്‍ 20നാണ് നിര്‍വഹിച്ചത്. ദേശീയ-സംസ്ഥാന-ഗ്രാമീണ പാതകളിലായി 726 എഐ ക്യാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്. അമിത വേഗം, നോ പാര്‍ക്കിങ് ഏരിയയില്‍ വാഹനം പാര്‍ക്ക് ചെയ്യുന്നത്, ചുവന്ന ലൈറ്റും ട്രാഫിക്ക് ലൈനുകളും മറികടക്കല്‍, മൊബൈല്‍ ഉപയോഗം, ഇരുചക്രവാഹനത്തിലെ രണ്ടിലധികം പേരുടെ യാത്ര, സീറ്റ് ബെല്‍റ്റും ഹെല്‍മെറ്റും ധരിക്കാതെയുള്ള യാത്ര എന്നീ നിയമലംഘനങ്ങളാണ് പ്രധാനമായും എഐ ക്യാമറകള്‍ വഴി പിടികൂടുന്നത്. അമിത വേഗത പിടികൂടാന്‍ എട്ട് ക്യാമറകളാണ് നിലവില്‍ സ്ഥാപിച്ചിരിക്കുന്നത്. സോഫ്റ്റ്വെയറില്‍ മാറ്റംവരുന്നതോടെ കൂടുതല്‍ ക്യാമറകള്‍ വഴി വാഹനങ്ങളുടെ അമിതവേഗം കണ്ടെത്താനാകുമെന്നാണ് മോട്ടോര്‍വാഹനവകുപ്പ് അധികൃതര്‍ അറിയിച്ചത്.

പൊതുനിരത്തുകളില്‍ എഐ ക്യാമറ സ്ഥാപിച്ച് മുഴുവന്‍ വാഹനയാത്രക്കാരുടെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിലെ നിയമപ്രശ്നങ്ങളും ഇപ്പോള്‍ ചര്‍ച്ചയാകുകയാണ്. ഗതാഗത നിയമങ്ങള്‍ ലംഘിക്കുന്നവരുടെയോ മറ്റെന്തെങ്കിലും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരുടെയോ ദൃശ്യങ്ങള്‍ റോഡില്‍ സ്ഥാപിച്ചിട്ടുള്ള എഐ ക്യാമറകളില്‍ നിന്ന് തെളിവായി ഹാജരാക്കുന്നതില്‍ നിയമപ്രശ്നങ്ങളില്ല. എന്നാല്‍, നിയമം അനുസരിച്ച് യാത്ര ചെയ്യുന്നവരുടെ ദൃശ്യങ്ങളും എഐ ക്യാമറ ശേഖരിക്കുന്നത് അവരുടെ സ്വകാര്യ അവകാശങ്ങളിലേക്കുള്ള കടന്നുകയറ്റമാണെന്നാണ് വിലയിരുത്തല്‍.





#Daily
Leave a comment