വിഡി സതീശൻ | Photo: PTI
എഐ ക്യാമറ വിവാദം; മുഖ്യമന്ത്രിയുടെ കാർമികത്വത്തിൽ നടന്ന കൊള്ളയെന്ന് പ്രതിപക്ഷ നേതാവ്
എഐ ക്യാമറ അഴിമതി വിവാദത്തിൽ പുതിയ ആരോപണങ്ങളുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ രംഗത്ത്. മുഖ്യമന്ത്രിയുടെ കാർമികത്വത്തിൽ നടന്ന കൊള്ളയാണിത്. ആരോപണം നിഷേധിക്കാനുള്ള ധൈര്യം മുഖ്യമന്ത്രി കാണിക്കുന്നില്ല എന്ന് വിഡി സതീശൻ തിരുവനന്തപുരത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
2022 ഒക്ടോബർ 20 ന് കെൽട്രോണും എസ്ആർഐടിയും തമ്മിൽ ഒപ്പുവച്ച കരാറിന്റെ രേഖകളും, കെൽട്രോൺ അറിയാതെ 2021 മാർച്ചിൽ എസ്ആർഐടി ഹൈദരബാദ് കമ്പനിയുമായി സർവീസ് കരാറിലെത്തിയെന്നും 10 ദിവസത്തിന് ശേഷമാണ് അത് കെൽട്രോണിനെ അറിയിച്ചതെന്നും തെളിയിക്കുന്ന രേഖകളുമാണ് വിഡി സതീശൻ പുറത്തുവിട്ടത്. ടെൻഡർ ഡോക്യുമെന്റിൽ പറഞ്ഞിരിക്കുന്ന എല്ലാ കാര്യങ്ങളും ലംഘിക്കാൻ കെൽട്രോൺ അനുമതി കൊടുത്തു. കരാർ ലംഘിച്ചാൽ അത് റദ്ദാക്കാനുള്ള അധികാരം ഉണ്ടായിട്ടും കെൽട്രോൺ അത് ചെയ്തില്ല. കെൽട്രോണിന്റെ അറിവോടെയും ഒത്താശയോടെയുമാണ് ഈ അഴിമതി. ആരോപണം മുഖ്യമന്ത്രിയുടെ വീടിനകത്തേക്കെത്തി. മറുപടി നൽകാൻ മുഖ്യമന്ത്രിക്ക് ഒരവസരം നൽകുന്നു എന്നും വിഡി സതിശൻ പറഞ്ഞു. കഴിഞ്ഞ മൂന്ന് ആഴ്ചക്കാലമായി താനും രമേശ് ചെന്നിത്തലയും ഉന്നയിച്ച ഒരു ആരോപണത്തിനും സർക്കാരിന്റെ ഭാഗത്ത് നിന്ന് ആരും മറുപടി പറയുകയോ, ആരോപണം നിഷേധിക്കുകയോ ചെയ്തിട്ടില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എഐ ക്യാമറ: 132 കോടിയുടെ അഴിമതി നടന്നതായി രമേശ് ചെന്നിത്തല
എഐ ക്യാമറ ഇടപാടിൽ 132 കോടി രൂപയുടെ അഴിമതി നടന്നതായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ഇന്നലെ ആരോപണം ഉന്നയിച്ചിരുന്നു. അഴിമതിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷവും മാധ്യമങ്ങളും രേഖകൾ പുറത്തുവിട്ടിട്ടും ഇതിനെക്കുറിച്ച് ഒരക്ഷരം മിണ്ടാൻ സർക്കാരും മുഖ്യമന്ത്രിയും തയാറാകുന്നില്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
സംസ്ഥാന ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതിയാണ് എഐ ക്യാമറയിലൂടെ നടന്നിരിക്കുന്നത്. എന്നിട്ടും അഴിമതിക്കാരെ സംരക്ഷിക്കുകയാണ് മുഖ്യമന്ത്രി ചെയ്യുന്നത്. പ്രതിപക്ഷം പുകമറയുണ്ടാക്കുന്നുവെന്ന് പറഞ്ഞ് സർക്കാരിന് രക്ഷപ്പെടാനാവില്ല. കെൽട്രോൺ പുറത്തുവിട്ട രേഖകൾ ക്രമക്കേട് തെളിയിക്കുന്നതാണ്. പ്രവൃത്തി പരിചയമില്ലാത്ത കമ്പനികൾക്ക് കരാർ നൽകിയാണ് ഇടപാട് നടത്തിയത്. കെൽട്രോൺ പല രേഖകളും മറച്ചുവയ്ക്കുകയാണ്. വ്യവസായ മന്ത്രി കെൽട്രോണിനെ വെള്ളപൂശുകയും അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്ത വിചിത്രമായ നടപടിയാണ് സ്വീകരിച്ചതെന്നും ചെന്നിത്തല പറഞ്ഞു.
പത്തു വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയമാണ് ടെൻഡറിൽ പങ്കെടുക്കേണ്ട കമ്പനിക്ക് വേണ്ടത്. എന്നാൽ, കെൽട്രോൺ വിളിച്ച ടെൻഡറിൽ പങ്കെടുത്ത അക്ഷര എന്റർപ്രൈസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി രജിസ്റ്റർ ചെയ്തത് 2017 ലാണ്. ഈ കമ്പനിക്ക് എങ്ങനെ പത്തു വർഷത്തെ പ്രവൃത്തിപരിചയം അവകാശപ്പെടാൻ സാധിക്കുമെന്നും ഇന്നലെ ചെന്നിത്തല ചോദിച്ചു.
100 കോടി രൂപ വേണ്ടി വരുന്ന എഐ ക്യാമറ പദ്ധതി 232 കോടിക്കാണ് ടെൻഡർ ചെയ്തത്. 132 കോടി രൂപയുടെ അഴിമതിയാണ് നടന്നത്. പദ്ധതിയുടെ ടെൻഡർ സംബന്ധിച്ച ചോദ്യങ്ങൾക്ക് മറുപടി പറയാതെ സർക്കാരും കെൽട്രോണും ഉരുണ്ടുകളിക്കുകയാണ്. കെൽട്രോൺ പുറത്തുവിട്ട ഒമ്പത് രേഖകൾ പരിശോധിച്ചാൽ പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങൾ ശരിവയ്ക്കുന്നതാണെന്നും എന്നിട്ടും മുഖ്യമന്ത്രി ശ്രമിക്കുന്നത് പുകമറ സൃഷ്ടിക്കാനാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
പല രേഖകളും കെൽട്രോൺ മറച്ചുവയ്ക്കുകയാണെന്ന് പറഞ്ഞ ചെന്നിത്തല, ടെക്നിക്കൽ ഇവാല്യുവേഷൻ സമ്മറി റിപ്പോർട്ട്, ഫിനാൻഷ്യൽ ബിഡ് ഇവാല്യുവേഷൻ സമ്മറി റിപ്പോർട്ടുകൾ പുറത്തുവിട്ടു. സർക്കാരും കെൽട്രോണും ഒളിച്ചുവച്ച സുപ്രധാന രേഖയാണ് പുറത്തുവിടുന്നതെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
പിടിമുറുക്കാൻ എഐ ക്യാമറ
ട്രാഫിക്ക് നിയമലംഘനങ്ങൾ പിടികൂടുന്നതിനായി അത്യാധുനിക നിരീക്ഷണ ക്യാമറകളുടെ പ്രവർത്തനോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഏപ്രിൽ 20നാണ് നിർവഹിച്ചത്. ദേശീയ-സംസ്ഥാന-ഗ്രാമീണ പാതകളിലായി 726 എഐ ക്യാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്. അമിത വേഗം, നോ പാർക്കിങ് ഏരിയയിൽ വാഹനം പാർക്ക് ചെയ്യുന്നത്, ചുവന്ന ലൈറ്റും ട്രാഫിക്ക് ലൈനുകളും മറികടക്കൽ, മൊബൈൽ ഉപയോഗം, ഇരുചക്രവാഹനത്തിലെ രണ്ടിലധികം പേരുടെ യാത്ര, സീറ്റ് ബെൽറ്റും ഹെൽമെറ്റും ധരിക്കാതെയുള്ള യാത്ര എന്നീ നിയമലംഘനങ്ങളാണ് പ്രധാനമായും എഐ ക്യാമറകൾ വഴി പിടികൂടുന്നത്. അമിത വേഗത പിടികൂടാൻ എട്ട് ക്യാമറകളാണ് നിലവിൽ സ്ഥാപിച്ചിരിക്കുന്നത്. സോഫ്‌റ്റ്വെയറിൽ മാറ്റംവരുന്നതോടെ കൂടുതൽ ക്യാമറകൾ വഴി വാഹനങ്ങളുടെ അമിതവേഗം കണ്ടെത്താനാകുമെന്നാണ് മോട്ടോർവാഹനവകുപ്പ് അധികൃതർ അറിയിച്ചത്.
പൊതുനിരത്തുകളിൽ എഐ ക്യാമറ സ്ഥാപിച്ച് മുഴുവൻ വാഹനയാത്രക്കാരുടെ ദൃശ്യങ്ങൾ പകർത്തുന്നതിലെ നിയമപ്രശ്‌നങ്ങളും ഇപ്പോൾ ചർച്ചയാകുകയാണ്. ഗതാഗത നിയമങ്ങൾ ലംഘിക്കുന്നവരുടെയോ മറ്റെന്തെങ്കിലും കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരുടെയോ ദൃശ്യങ്ങൾ റോഡിൽ സ്ഥാപിച്ചിട്ടുള്ള എഐ ക്യാമറകളിൽ നിന്ന് തെളിവായി ഹാജരാക്കുന്നതിൽ നിയമപ്രശ്‌നങ്ങളില്ല. എന്നാൽ, നിയമം അനുസരിച്ച് യാത്ര ചെയ്യുന്നവരുടെ ദൃശ്യങ്ങളും എഐ ക്യാമറ ശേഖരിക്കുന്നത് അവരുടെ സ്വകാര്യ അവകാശങ്ങളിലേക്കുള്ള കടന്നുകയറ്റമാണെന്നാണ് വിലയിരുത്തൽ.