TMJ
searchnav-menu
post-thumbnail

Representational Image

TMJ Daily

എഐ ക്യാമറകള്‍ മിഴിതുറന്നു; ജാഗ്രതൈ!

05 Jun 2023   |   2 min Read
TMJ News Desk

റോഡിലെ നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ സ്ഥാപിച്ച എഐ ക്യാമറ സംവിധാനം പ്രവര്‍ത്തനസജ്ജമായി. ഗതാഗത നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ എഐ ക്യാമറ സ്ഥാപിക്കുന്ന ആദ്യ സംസ്ഥാനമാണ് കേരളം. 24 മണിക്കൂറും ക്യാമറകള്‍ പ്രവര്‍ത്തിക്കും. 

സംസ്ഥാനത്താകെ സ്ഥാപിച്ച 726 ക്യാമറകളില്‍ 692 എണ്ണമാണ് ഇപ്പോള്‍ പ്രവര്‍ത്തനസജ്ജമായത്. റോഡ് നിര്‍മാണം കാരണം മാറ്റിസ്ഥാപിക്കേണ്ടവ, കേടുപാടുകള്‍ സംഭവിച്ചവ എന്നിങ്ങനെ 34 ക്യാമറകള്‍ ഉടന്‍ പ്രവര്‍ത്തിച്ചു തുടങ്ങും. കേന്ദ്ര സര്‍ക്കാര്‍ തീരുമാനം വരുന്നതുവരെ 12 വയസ്സില്‍ താഴെയുള്ള ഒരു കുട്ടിയുമായി യാത്ര ചെയ്താല്‍ പിഴ ഈടാക്കില്ല. എന്നാല്‍ നാലു വയസ്സിന് മുകളിലുള്ള കുട്ടികള്‍ നിര്‍ബന്ധമായും ഹെല്‍മറ്റ് ധരിക്കണം. കുട്ടികള്‍ക്ക് ഇരുചക്രവാഹനയാത്ര അനുവദിക്കാന്‍ നിയമ ഭേദഗതി ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് കത്തയച്ചിരിക്കുകയാണ്. 

നിരീക്ഷണം ശക്തം

നഗരമെന്നോ ഗ്രാമപ്രദേശമെന്നോ വ്യത്യാസമില്ലാതെയാണ് സംസ്ഥാന സര്‍ക്കാര്‍ റോഡുകളില്‍ ക്യാമറകള്‍ സ്ഥാപിച്ചിരിക്കുന്നത്. നിലവില്‍ ക്യാമറകള്‍ ഉള്ള സ്ഥലത്ത് മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ദിവസേന കണ്ടെത്തുന്ന നിയമലംഘനങ്ങള്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. തുടക്കത്തില്‍ ദിവസം 25,000 പേര്‍ക്ക് നോട്ടീസ് അയയ്ക്കും. ഇതിനായി കെല്‍ട്രോണിന്റെയും മോട്ടോര്‍ വാഹന വകുപ്പിന്റെയും 235 ഓളം ജീവനക്കാരെ ചുമതലപ്പെടുത്തി. ഗതാഗത ലംഘനം കണ്ടെത്തിയാല്‍ മൊബൈലിലേക്ക് എസ്എംഎസ് സന്ദേശത്തിനു പുറമെ വീട്ടിലേക്കു നോട്ടീസ് അയയ്ക്കും. പിഴയ്‌ക്കെതിരെ 15 ദിവസത്തിനകം ജില്ലാ എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ യ്ക്കു അപ്പീല്‍ നല്‍കാം. എവിടെയാണോ നിയമലംഘനം കണ്ടെത്തിയത് അവിടുത്തെ എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ യ്ക്കാണ് നല്‍കേണ്ടത്. ഇതിനായി  രണ്ടുമാസത്തിനുള്ളില്‍ ഓണ്‍ലൈന്‍ സംവിധാനവും നിലവില്‍ വരും. 30 ദിവസത്തിനുള്ളില്‍ പിഴ അടച്ചില്ലെങ്കില്‍ മോട്ടോര്‍ വാഹനവകുപ്പ് നോട്ടീസ് അയച്ച് തുടര്‍ നടപടികളിലേക്ക് കടക്കും.

നേരത്തെ മെയ് 20 മുതല്‍ പിഴ ഈടാക്കാനാണ് തീരുമാനിച്ചിരുന്നതെങ്കിലും വിമര്‍ശനത്തെ തുടര്‍ന്ന് നീട്ടിവയ്ക്കുകയായിരുന്നു. നിയമലംഘകര്‍ക്ക് ഒരുമാസം മുന്നറിയിപ്പ് നോട്ടീസ് നല്‍കുകയാണ് ചെയ്തത്. 
ഇതോടെ രാത്രികാലങ്ങളിലും ദൃശ്യങ്ങള്‍ പകര്‍ത്താന്‍ കഴിയുന്ന ഇന്‍ഫ്രാറെഡ് ക്യാമറകളുടെ സഹായത്തോടെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഓട്ടോമാറ്റിക് നമ്പര്‍ പ്ലേറ്റ് റെക്കഗ്നിഷന്‍ എന്നീ സാങ്കേതികവിദ്യ നടപ്പാക്കുന്ന ആദ്യ സംസ്ഥാനമായി കേരളം മാറി. റോഡ് ക്യാമറ സംവിധാനത്തില്‍ പിഴ ചുമത്തിയുള്ള നോട്ടീസ് ലഭിച്ചാല്‍ ഓണ്‍ലൈന്‍ വഴിയും ആര്‍ടി ഓഫീസുകളില്‍ നേരിട്ടെത്തിയും പിഴ അടയ്ക്കാം. കേന്ദ്രമാനദണ്ഡം അനുസരിച്ച് ഒഴിവാക്കിയിട്ടുള്ള എമര്‍ജന്‍സി സര്‍വീസുകള്‍ക്കു മാത്രമാണ് ഇളവ് അനുവദിച്ചിരിക്കുന്നത്. 

ക്യാമറകള്‍ സ്ഥാപിച്ചതു മുതല്‍ വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു. ജീവഹാനി വരുത്താവുന്ന അപകടങ്ങള്‍ ഗണ്യമായി കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമറകള്‍ സ്ഥാപിച്ചിരിക്കുന്നത്. നിയമലംഘനം നടന്ന് ആറു മണിക്കൂറിനുള്ളില്‍ വാഹന ഉടമയ്ക്ക് സന്ദേശം ലഭിക്കും. ഒരു ദിവസം ഒന്നിലധികം തവണ നിയമം ലംഘിച്ചാല്‍ അത്രയധികം തവണ പിഴയടയ്‌ക്കേണ്ടി വരും. 

പിഴ എങ്ങനെ?

അനധികൃത പാര്‍ക്കിങ്ങ് കണ്ടെത്താന്‍ 25 ക്യാമറകളും അതിവേഗം കണ്ടെത്താന്‍ നാലു ക്യാമറകളും പ്രത്യേകം ഒരുക്കിയിട്ടുണ്ട്. വാഹനങ്ങളുടെ രൂപമാറ്റം, അമിതശബ്ദം എന്നിവയും ക്യാമറകള്‍ കണ്ടെത്തും. ഹെല്‍മറ്റ് ധരിച്ചില്ലെങ്കില്‍ 500 രൂപ, സീറ്റ് ബെല്‍റ്റ് ധരിച്ചില്ലെങ്കില്‍ 500 രൂപ, ടൂ വീലറില്‍ രണ്ടില്‍ കൂടുതല്‍ പേര്‍ യാത്ര ചെയ്താല്‍ 1000 രൂപ, ഡ്രൈവിങ്ങിനിടെ ഫോണ്‍ ഉപയോഗിച്ചാല്‍ 2000 രൂപ, അനധികൃത പാര്‍ക്കിംഗ് 250 രൂപ, അമിതവേഗം 1500 രൂപ എന്നിങ്ങനെയാണ് പിഴ. ജംഗ്ഷനുകളിലെ ചുവപ്പു സിഗ്നല്‍ ലംഘനം കോടതിക്കു കൈമാറും. ഓരോ തവണ ക്യാമറയില്‍ പതിയുമ്പോഴും പിഴ ആവര്‍ത്തിക്കും.


#Daily
Leave a comment